തിരുവനന്തപുരം: പ്രീ പ്രൈമറി കുട്ടികളുടെ പഠനം ആസ്വാദ്യകരമാക്കാനും ബൗദ്ധിക വളർച്ചയെ സഹായിക്കാനുമായി എസ്.സി.ഇ.ആർ.ടി തയ്യാറാക്കിയ പഠന പദ്ധതി ഇനി മൊബൈലിലും ലഭ്യം.
കുട്ടികളുടെ സമഗ്ര മാനസിക, ബൗദ്ധിക വികാസത്തിന് ഉപകരിക്കുന്ന പഠനരീതി ഉൾപ്പെടുത്തി
സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എഡ്യുക്കേഷണൽ ടെക്‌നോളജി (എസ്.ഐ.ഇ.ടി) തയ്യാറാക്കിയ മൊബൈൽ ആപ് ഇക്കൊല്ലം പ്ലേ സ്റ്റോറിൽ ലഭ്യമാക്കും. ഇതിനൊപ്പം അദ്ധ്യയനം അനായാസമാക്കുന്നതിന് സ്‌കൂളുകളിൽ ജൂലായ് ആറിന് എഡ്യുക്കേഷൻ ടെക്നോളജി ക്ലബ്ബുകളും ആരംഭിക്കും.
അങ്കണവാടികൾ, സ്‌കൂളുകളോട് ചേർന്നുള്ള നഴ്‌സറികൾ, സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും നടത്തുന്ന പ്ലേ സ്‌കൂളുകൾ എന്നിങ്ങനെ ചിതറിക്കിടക്കുന്ന പ്രീ പ്രൈമറി വിദ്യാഭ്യാസം ഏകീകരിക്കാനാണ് എസ്.സി.ഇ.ആർ.ടിയുടെ പഠനപദ്ധതി. ഇതിന് അനുസൃതമായ രീതിയിൽ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രയോജനം ചെയ്യുന്നതാണ് മൊബൈൽ ആപ്പ്.
ആപ്പിന്റെ സവിശേഷതകൾ
അക്കങ്ങൾ, നിറങ്ങൾ എന്നിവ തിരിച്ചറിയാനും ഭാഷാപരമായ കഴിവ് വർദ്ധിപ്പിക്കാനുമുള്ള കളികളും പാട്ടുകളും ഉൾപ്പെടുത്തി രൂപകല്പന
കുരുന്നുകളുടെ വൈകാരികതലം ക്രമപ്പെടുത്താനും ചുറ്റിലുമുള്ള ബന്ധങ്ങളും യാഥാർത്ഥ്യങ്ങളും മനസ്സിലാക്കാനും സഹായിക്കുന്ന വീഡിയോകൾ
എഡ്യുക്കേഷൻ ക്ലബ്ബ്
ഹൈടെക് ക്ലാസ്‌മുറികളിൽ ആവശ്യമായ വീഡിയോ, അനിമേഷൻ, സ്ലൈഡ് ഷോ തുടങ്ങിയ പഠനസഹായികൾ സ്വയം തയ്യാറാക്കാൻ അദ്ധ്യാപകരെ പ്രാപ്തരാക്കുകയാണ് എഡ്യുക്കേഷൻ ടെക്‌നോളജി ക്ലബ്ബിന്റെ ലക്ഷ്യം. സ്വന്തം സ്‌കൂളിലും പുറത്തുമുള്ള അദ്ധ്യാപകരുമായി ആശയവിനിമയം നടത്തി കൂടുതൽ അറിവ് നേടാൻ ഇ.ടി ക്ലബുകൾ പൊതുവേദി ഒരുക്കും. എഴുതാനും കാമറ കൈകാര്യം ചെയ്യാനും അവതാരകരായി ശോഭിക്കാനുമുള്ള അദ്ധ്യാപകരുടെ കഴിവുകൾ ഏകോപിപ്പിച്ച് ആധികാരികവും ആസ്വാദ്യകരവുമായ പഠനസാമഗ്രികൾ തയ്യാറാക്കാനുമാകും.
സ്വകാര്യ പ്ലേ സ്‌കൂളുകൾക്ക് മൂക്കുകയർ
മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന ഡേ കെയർ സെന്ററുകൾ, പ്ലേസ്‌കൂളുകൾ മുതലായവയുടെ പ്രവർത്തനം നിയന്ത്രിക്കും. ഇതിനായി നിയമനിർമ്മാണം നടത്താനാണ് ആലോചന. രജിസ്‌ട്രേഷനില്ലാതെയും 6 വയസ് വരെയുള്ള കുട്ടികളുടെ മാനസികവളർച്ചയ്ക്ക് ഉതകുന്ന രീതിയിൽ പ്രവർത്തിക്കാത്തതുമായ സ്ഥാപനങ്ങൾക്കാണ് മൂക്കുകയറിടുക. ഇതുമായി ബന്ധപ്പെട്ട് വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ ശില്പശാലയിലെ നിർദേശങ്ങൾ സർക്കാരിന് സമർപ്പിക്കും.