തളിപ്പറമ്പിൽ പ്രവാസി സംരംഭകൻ സാജന്റെ ജീവത്യാഗം തദ്ദേശ സഥാപനങ്ങളിൽ കെട്ടിട നിർമ്മാണ അനുമതികളുമായി ബന്ധപ്പെട്ടു നടക്കുന്ന വൻ അഴിമതികളിലേക്കും ക്രമക്കേടുകളിലേക്കും വെളിച്ചം വീശാൻ നിമിത്തമായി. സംസ്ഥാനത്തുടനീളം ഇപ്പോൾ ഇതേച്ചൊല്ലി ചർച്ചകളും സംവാദങ്ങളും നടക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളിൽ കെട്ടിടാനുമതിയുമായി ബന്ധപ്പെട്ട് സെക്രട്ടറിമാർക്കുള്ള അമിതാധികാരം കുറയ്ക്കാൻ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച നിയമസഭയ്ക്ക് ഉറപ്പു നൽകുകയുണ്ടായി. പഞ്ചായത്തുകളിലും നഗരസഭകളിലും അപ്പീൽ സംവിധാനത്തിനുള്ള ഏർപ്പാടുകളുമുണ്ടാക്കും. നഗരസഭകളിൽ ഇപ്പോൾ തിരുവനന്തപുരത്തു മാത്രമേ ട്രൈബ്യൂണൽ സംവിധാനമുള്ളൂ. എല്ലാ കോർപ്പറേഷനുകളിലും ട്രൈബ്യൂണലിനെ നിയമിക്കും. അപേക്ഷകനെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ അപ്പപ്പോൾ സംശയങ്ങളുന്നയിക്കുന്നത് തടയാനും നടപടിയുണ്ടാകും. കെട്ടിട നിർമ്മാണ അപേക്ഷയിലെ ന്യൂനതകളുണ്ടെങ്കിൽ കൃത്യമായി പരിശോധിച്ച് ഒരു പ്രാവശ്യമേ അപേക്ഷകനോട് വിശദീകരണം ചോദിക്കാവൂ. പെർമിറ്റിനായുള്ള ഓൺലൈൻ സംവിധാനം പാകപ്പിഴകൾ പരിഹരിച്ച് കൂടുതൽ കാര്യക്ഷമമാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്.
നിയമസഭയ്ക്ക് മുഖ്യമന്ത്രി നൽകിയ ഉറപ്പിനുപിന്നാലെ പഞ്ചായത്ത് ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലറിൽ പഞ്ചായത്തുകളിൽ തീർപ്പാകാതെ കിടക്കുന്ന മുഴുവൻ കെട്ടിട നിർമ്മാണ അപേക്ഷകളിലും ജൂലായ് 10 നകം തീരുമാനമെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. അപേക്ഷകൾ കൈകാര്യം ചെയ്യുമ്പോൾ സ്വീകരിക്കേണ്ട മാനദണ്ഡങ്ങൾ സർക്കുലറിൽ വിശദീകരിക്കുന്നുണ്ട്. അപേക്ഷ ലഭിച്ചാൽ സെക്രട്ടറി പതിനഞ്ചു ദിവസത്തിനകം തീരുമാനമെടുത്ത് അപേക്ഷകനെ അറിയിച്ചിരിക്കണം. ഇക്കാര്യം ഡെപ്യൂട്ടി ഡയറക്ടർമാർ ഉറപ്പു വരുത്തണം. അപേക്ഷകൾ വച്ചു താമസിപ്പിക്കുന്ന പഞ്ചായത്തുകളുടെ പട്ടിക തയ്യാറാക്കി മേലധികാരികളെ അറിയിക്കുകയും വേണം.അപേക്ഷകരുടെ പരാതി പരിശോധിക്കാൻ പഞ്ചായത്തുകളിലും സമിതികൾ രൂപീകരിക്കണം. അതത് പഞ്ചായത്ത് പ്രസിഡന്റായിരിക്കും ഈ സമിതിയുടെ അദ്ധ്യക്ഷൻ. കെട്ടിട നിർമ്മാണ അപേക്ഷകൾ സംബന്ധിച്ച മുഴുവൻ വിവരങ്ങളും മാസത്തിൽ രണ്ടുവട്ടം പഞ്ചായത്ത് നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കാര്യങ്ങൾക്ക് ഒരു ചിട്ടയും ക്രമവും പരിഹാരവുമൊക്കെ ഉണ്ടാക്കാനുള്ള ശ്രമം നല്ലതു തന്നെ. ഇത് തുടർ പ്രക്രിയ ആവുകയും വേണം.
വ്യക്തമായ ചട്ടങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളുമൊക്കെ ഉള്ളപ്പോൾ കെട്ടിട നിർമ്മാണത്തിലേക്കുള്ള അപേക്ഷകൾ വച്ചു താമസിപ്പിക്കേണ്ട കാര്യമില്ല. എന്നാൽ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെല്ലാം കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട വിവിധ അനുമതി പത്രങ്ങൾക്കായി അപേക്ഷകർ അനേകം തവണ കയറിയിറങ്ങേണ്ടി വരുന്നു. പ്രധാനമായും അഴിമതിയാണ് ഇത്തരത്തിലൊരു സാഹചര്യം സൃഷ്ടിക്കുന്നത്. അനുമതി വൈകുന്തോറും കാണേണ്ട ഉദ്യോഗസ്ഥനെ അപേക്ഷകൻ കാണേണ്ട രീതിയിൽ കാണുമെന്ന് ഉറപ്പാണ്. നേരെ ചൊവ്വേ അനുമതി ലഭിക്കുക അപൂർവ്വ സൗഭാഗ്യമായി കരുതിയാൽ മതി. രാഷ്ട്രീയബലമോ കൈക്കൂലിയോ ഇല്ലാതെ ചുരുക്കം പേർക്കേ ഉദ്ദേശിച്ച സമയത്ത് നിർമ്മാണം പൂർത്തിയാക്കാനുള്ള ഭാഗ്യം സിദ്ധിക്കാറുള്ളൂ.
തദ്ദേശ സ്ഥാപനങ്ങളിൽ കെട്ടിട നിർമ്മാണ അപേക്ഷകൾ സാധാരണ ഗതിയിൽ കെട്ടിക്കിടക്കേണ്ട സാഹചര്യം കുറവാണ്. കാരണം റേഷൻ കാർഡിനുള്ള അപേക്ഷകൾ പോലെ നിർമ്മാണ പെർമിറ്റിനും അനുബന്ധ കാര്യങ്ങൾക്കുമായി ഒരു പഞ്ചായത്തിലോ നഗരസഭയിലോ എത്തുന്ന അപേക്ഷകൾക്ക് പരിമിതി ഉണ്ടാകും. ചുമതലപ്പെട്ട ഉദ്യോഗസ്ഥർ മനസുവച്ചാൽ ഒട്ടും വൈകാതെ അപേക്ഷകൾ പരിശോധിച്ച് തീരുമാനവുമെടുക്കാം. ചട്ടങ്ങൾക്കു വിരുദ്ധമായി എന്തെങ്കിലുമുണ്ടെങ്കിൽ യഥാസമയം അപേക്ഷകനെ അറിയിച്ച് തിരുത്താൻ ആവശ്യപ്പെടാം. ഇന്നത്തെ കാലത്ത് ഇതിനൊന്നും ഏറെ ദിവസമൊന്നും വേണ്ട. വാർത്താ വിനിയമ ബന്ധം അത്രയേറെ സുഗമമാണ്. അപേക്ഷയിൽ തീരുമാനം നീണ്ടുപോകുന്നതിന് പ്രധാന കാരണം അഴിമതിയുമായി ബന്ധപ്പെട്ടാണെന്നു മനസിലാക്കാൻ വിശേഷ ബുദ്ധിയൊന്നും വേണ്ട. ആർക്കെങ്കിലുമൊക്കെ കൈമടക്ക് കൊടുക്കാതെ ഇവിടെ ഒരു നിർമ്മാണവും പൂർത്തിയായിട്ടില്ലെന്നത് പകൽപോലെ സത്യമാണ്. അഴിമതി വളർത്തുന്ന ഈ വ്യവസ്ഥ ഇല്ലാതാകുമ്പോഴേ തദ്ദേശ സ്ഥാപനങ്ങൾ തീർത്തും ജനസൗഹൃദമെന്നു പറയാൻ കഴിയൂ. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് ഇന്നുള്ള അമിതാധികാരങ്ങൾ കുറയ്ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ഉണ്ടാക്കിയപ്പോൾ മുൻകൂട്ടി കാണേണ്ടിയിരുന്ന ആപത്താണിത്. സെക്രട്ടറിമാർ മാത്രമല്ല കുഴപ്പക്കാർ എന്ന് പരിശോധിച്ചാൽ മനസിലാകും. ഭരണ സമിതിയുടെ താളത്തിനൊത്തു തുള്ളേണ്ടിവരുന്ന അനവധി പേരെയും അപ്പോൾ കാണാനാകും. പ്രവാസിയായ സാജനെ ആത്മഹത്യയിലേക്ക് നയിച്ച ആന്തൂർ നഗരസഭയിലെ സെക്രട്ടറി ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർ ഇപ്പോൾ സസ്‌പെൻഷനിലാണ്. എന്നാൽ 'ഞാൻ ഈ കസേരയിൽ ഇരിക്കുന്നിടത്തോളം കാലം കൺവെൻഷൻ സെന്ററിലെ അനുമതി ലഭിക്കാൻ പോകുന്നില്ലെ'ന്ന് ശപഥം ചെയ്ത നഗരസഭ ചെയർ പേഴ്സൺ സമൂഹത്തിനു നേരെ കൊഞ്ഞനംകുത്തി അതേ കസേരയിൽ ഇന്നുമുണ്ട്. അവരുടെ രക്ഷയ്ക്ക് പ്രബലരായ നേതാക്കളുമുണ്ട്. ഉദ്യോഗസ്ഥർ മാത്രമാണ് ബലിയാടുകളായത്.
തദ്ദേശ സ്ഥാപനങ്ങൾ മാത്രമല്ല ഏതുസർക്കാർ ഓഫീസുകളും ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടിയാകണം നിലകൊള്ളേണ്ടത്. മുമ്പത്തെപ്പോലെയല്ല, സർക്കാർ ഉദ്യോഗസ്ഥർക്ക് ഇന്ന് സുഖമായി ജീവിക്കാനാവശ്യമായ ശമ്പളം നൽകുന്നുണ്ട്. സംസ്ഥാന റവന്യു വരുമാനത്തിന്റെ സിംഹഭാഗവും ശമ്പളത്തിനും പെൻഷനും വേണ്ടിയാണ് ചെലവഴിക്കുന്നതെന്ന് അറിയാത്തവരല്ല ഉദ്യോഗസ്ഥർ. വിവിധ കാര്യങ്ങൾക്കായി തങ്ങളെ സമീപിക്കുന്ന പൊതു ജനങ്ങൾക്ക് താമസം കൂടാതെ സേവനം നൽകേണ്ടത് അവരുടെ ഉത്തരവാദിത്വമാണ്. സിവിൽ സർവീസ് അടിമുടി കുത്തഴിഞ്ഞു പോയതാണ് പല മേഖലകളിലും ഇന്ന് അനുഭവപ്പെടുന്ന അരാജകാവസ്ഥയ്ക്കു കാരണം. ശുദ്ധീകരണ പ്രക്രിയ മേൽത്തട്ടിൽ നിന്നും തുടങ്ങേണ്ടിയിരിക്കുന്നു.