ആര്യനാട്: ഇത് ടൂറിസ്റ്റ് കേന്ദ്രത്തിൽ എത്തിയ വാഹനപാർക്കിംഗ് അല്ല. മറിച്ച് ആര്യനാട് പൊലീസ് സ്റ്റേഷനിലെ തൊണ്ടി വാഹനങ്ങളുടെ നിരയാണ്. ആര്യനാട് -ആനന്ദേശ്വരം റോഡിലെ പൊലീസ് സ്റ്റേഷന് മുന്നിലെ കാഴ്ച. ഇവിടെ പഴയ വാഹനങ്ങൾ തുടങ്ങി എയർബസുൾപ്പെടെ നിരത്തിലിറങ്ങിയ പുതിയ വാഹനങ്ങൾ വരെ ഈ കൂട്ടത്തിലുണ്ട്. അപകടങ്ങൾ സംഭവിക്കുന്ന വാഹനങ്ങൾ ഉൾപ്പെടെ ലഹരി വസ്തുക്കൾ കടത്തിയതിനുവരെ പിടികൂടിയ തൊണ്ടിവാഹനങ്ങൾ സ്റ്റേഷന് ഉള്ളിലും മുന്നിലുമായാണ് സൂക്ഷിച്ചിരുന്നത്. അടുത്തകാലത്ത് സ്റ്റേഷന്റെ മുൻവശം സൗന്ദര്യവത്കരണം നടത്തിയതോടെ സ്റ്റേഷന് മുന്നിലുണ്ടായിരുന്ന വാഹനങ്ങൾ റോഡിന്റെ വശത്തേക്ക് മാറ്റി. ഈ റോഡിനാണെങ്കിൽ വീതി വളരെ കുറവാണ്. തൊണ്ടിവാഹനം റോഡിന്റെ ഇരുവശത്തേക്ക് മാറ്റിയതുകാരണം വാഹനയാത്രക്കാർക്കും കാൽനട യാത്രക്കാർക്കും ഇടുങ്ങിയ റോഡിലൂടെ കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. റോഡിൽ എയർബസും കൂടിവന്നതോടെ കെ.എസ്.ആർ.ടി ബസ് ഇതുവഴി കടന്നുപോകാൻ വളരെ പാടുപെടും.
സ്റ്റേഷന് മുന്നിലെ കൊടും വളവിൽ തന്നെ തൊണ്ടിവാഹനങ്ങൾ നിക്ഷേപിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഇതുകാരണം എതിർ ദിശയിൽ നിന്നു വരുന്ന വാഹനങ്ങൾ കാണാൻപോലും കഴിയാറില്ല. ഇത് അപകടങ്ങൾക്ക് കാരണമാകുന്നു. കൊക്കോട്ടേല പാലം യാഥാർത്ഥ്യമായതോടെ ആര്യനാട് നിന്നും കുറ്റിച്ചൽ ഭാഗത്തേക്ക് നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. ഈ സമയം ഇടുങ്ങിയ റോഡിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
കാടുകയറി നശിക്കുന്ന വാഹനങ്ങൾ ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും ആവാസ കേന്ദ്രമാണ് ഇപ്പോൾ. ബസിന്റെ പിന്നിൽ ഒതുക്കിയിട്ടിരിക്കുന്ന വാഹനങ്ങൾക്കുള്ളിലേക്ക് മാലിന്യ നിക്ഷേപം നടത്തുന്നതായും പരാതിയുണ്ട്. കാലപ്പഴക്കം കൊണ്ട് ഇവിടത്തെ വാഹനങ്ങളെല്ലാം തുരുമ്പെടുത്ത് അസ്ഥികൂടങ്ങളായി. കാലങ്ങൾ നീണ്ടുനിൽക്കുന്ന കേസ് കഴിഞ്ഞ് വാഹനം തിരിച്ചെടുക്കാൻ ഉടമസ്ഥൻ വരുമ്പോൾ വാഹനത്തിന്റെ ഏറിയ ഭാഗവും നശിച്ചിട്ടുണ്ടാകും.
കാലാകാലങ്ങളിൽ പൊലീസും എക്സൈസും പിടിച്ചെടുക്കുന്ന വാഹനങ്ങളാണ് തൊണ്ടിമുതലായി ഇവിടെ സൂക്ഷിക്കുന്നത്. പിടിച്ചെടുത്ത വാഹനങ്ങൾ ആവശ്യക്കാർക്ക് ലേലം ചെയ്യുന്ന പദ്ധതി മുൻപ് ആഭ്യന്തര വകുപ്പ് നടപ്പിലാക്കിയിരുന്നു. ഇതിലൂടെ നിരവധി ഗുണങ്ങളും ഉണ്ടായിരുന്നു.
1. വാഹനം ലേലം ചെയ്താൽ സർക്കാരിന് അത്രയും വരുമാനം ലഭിക്കും
2. സ്ഥലം കളയാതെ വാഹനങ്ങൾ ഒഴിവാക്കാം
3. കുറഞ്ഞ വിലയ്ക്ക് ജനങ്ങൾക്ക് വാഹനം കിട്ടും.
പാതിവഴിയിലായ പദ്ധതി പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.