ac-moideen

തിരുവനന്തപുരം: കാലതാമസമില്ലാതെ, അഴിമതിരഹിതവും സുതാര്യവുമായും കെട്ടിടനിർമ്മാണ പെർമിറ്റുകൾ ലഭ്യമാക്കുന്നതിന് ഐ.ബി.പി.എം.എസ് സോഫ്​റ്റ്‌വെയർ അനിവാര്യമാണെന്നും തകരാറുകൾ അപ്പപ്പോൾ പരിഹരിച്ച് ഈ സംവിധാനം തുടരുമെന്നും മന്ത്രി എ.സി. മൊയ്തീൻ നിയമസഭയിൽ പറഞ്ഞു.

ബിൽഡിംഗ് പെർമിറ്റ് ലഭ്യമാക്കുന്നതിനായി കെട്ടിട നിർമ്മാണ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നതിനും ബിൽഡിംഗ് പ്ലാനുകൾ കെട്ടിട നിർമ്മാണ ചട്ടങ്ങൾക്ക് അനുസൃതമാണോ എന്ന് പരിശോധിക്കുന്നതിനും ചട്ടവിധേയമായ പ്ലാനുകൾക്ക് ഓൺലൈനായി പെർമി​റ്റ് അനുവദിക്കുന്നതിനുമുള്ള ഓട്ടോമാ​റ്റഡ് ഇന്റലിജന്റ് സോഫ്​റ്റ്‌വെയറാണ് ഐ.ബി.പി.എം.എസ്.

തിരുവനന്തപുരം, കൊല്ലം, തൃശൂർ, കണ്ണൂർ കോർപ്പറേഷനുകളിലും ഗുരുവായൂർ, ആലപ്പുഴ, പാലക്കാട്, വർക്കല എന്നീ മുനിസിപ്പാലി​റ്റികളിലും കെട്ടിട നിർമ്മാണ അപേക്ഷകൾക്ക് അനുമതി നൽകുന്നതിന് ഐ.ബി.പി.എം.എസ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. തുടക്കത്തിൽ പൊതുജനങ്ങൾക്ക് വിവിധ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. മന്ത്റിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് മേധാവികളെയും സോഫ്​റ്റ് വെയർ കമ്പനി പ്രതിനിധികളെയും പങ്കെടുപ്പിച്ച് അവലോകന യോഗങ്ങൾ ചേരുകയും പൊതുജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് നടപടിയെടുക്കുകയും ചെയ്തിട്ടുണ്ട്. ഈസ് ഒഫ് ഡൂയിംഗ് ബിസിനസിൽ മുന്നിൽ നിൽക്കുന്ന ആന്ധ്രാപ്രദേശ്, തെലങ്കാന, ഹരിയാന, ജാർഖണ്ഡ്, ഗുജറാത്ത് ഉൾപ്പെടെ 18 സംസ്ഥാനങ്ങളിലും ഈ സോഫ്​റ്റ്‌വെയറുണ്ട്.

തിരുവനന്തപുരം കോർപ്പറേഷനിൽ 5513 അപേക്ഷകൾ ലഭിച്ചതിൽ 2038 പെർമി​റ്റുകൾ അനുവദിക്കുകയും അപാകതകൾ ഉള്ള 1863 അപേക്ഷകൾ തിരികെ നൽകുകയും 167 എണ്ണം നിരസിക്കുകയും ചെയ്തിട്ടുണ്ട്.
നഗരസഭാ ജീവനക്കാർ കെട്ടിട നിർമ്മാണ ചട്ടങ്ങളുടെ വ്യവസ്ഥകൾ മനസിലാക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന അവസ്ഥയുണ്ട്. എല്ലാ പ്രശ്‌നങ്ങൾക്കും ഭരണ സംവിധാനം മുഴുവനും പഴികേൾക്കേണ്ട അവസ്ഥയാണ്. ഐ.ബി.പി.എം.എസ് നടപ്പിലാക്കിയാൽ ഈ മേഖലയിലെ അഴിമതി പൂർണ്ണമായും ഒഴിവാക്കാനാവുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സബ്‌മിഷന് മന്ത്രി മറുപടി നൽകി.