തിരുവനന്തപുരം: പരമ്പരാഗത വ്യവസായങ്ങൾക്ക് സർക്കാർ ഉത്തേജനം നൽകിയെന്ന് മന്ത്രി ഇ.പി. ജയരാജൻ നിയമസഭയിൽ പറഞ്ഞു. സൗജന്യ കൈത്തറി സ്‌കൂൾ യൂണിഫോം പദ്ധതിയിലൂടെ 5000 നെയ്‌ത്ത് തൊഴിലാളികളെയും അത്രത്തോളം അനുബന്ധ തൊഴിലാളികളെയും സംരക്ഷിക്കാനായി. ഇതുവരെ 103 കോടി രൂപ കൂലിയിനത്തിൽ തൊഴിലാളികൾക്ക് നൽകി.
കരകൗശല വികസന കോർപറേഷൻ വിവിധ ക്രാഫ്റ്റുകളിലായി 1350 കരകൗശല തൊഴിലാളികൾക്ക് സൗജന്യ ടൂൾകിറ്റുകൾ നൽകി. മുള മേഖലയെ പുനരുജ്ജിവിപ്പിക്കാൻ ബാംബൂ കോർപറേഷൻ അംഗീകൃത ഈറ്റ, പനമ്പ് തൊഴിലാളികൾക്ക് മിനിമം വേജസ് പദ്ധതി നടപ്പാക്കി. കെൽപാമിന്റെ പുനരുദ്ധാരണത്തിനായി കോമൺ ഫെസിലിറ്റി സർവീസ് സെന്റർ, പെറ്റ് ബോട്ടിൽ പ്ലാന്റ്, പന ഉത്പന്നങ്ങൾ ഉപയോഗിച്ചുള്ള സ്വീറ്റ്സ്, കല്ലേപ്പുള്ളി മോഡേൺ റൈസ് മിൽ എന്നിവ സ്ഥാപിക്കും. കയർ മേഖലയുടെ ഉന്നമനത്തിനായി നടപ്പാക്കുന്ന 'കയർ രണ്ടാം പുനഃസംഘടന" പദ്ധതിയുടെ ഭാഗമായി ചകിരി ഉത്പാദനമേഖലയിലും കയർപിരി മേഖലയിലും യന്ത്രവത്കരണം നടപ്പാക്കുന്നുണ്ട്.
ദിനേശ് ബീഡി അടച്ച 28 ശതമാനം ജി.എസ്.ടി സർക്കാർ ഗ്രാന്റായി തിരികെ നൽകും. കളിമൺ വ്യവസായം സംരക്ഷിക്കാൻ റാ മെറ്റീരിയൽസ് ബാങ്ക് തുടങ്ങിയെന്നും ആർ. രാമചന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.