തിരുവനന്തപുരം: കർഷകരുടെ കടങ്ങൾ തിരിച്ചടയ്ക്കുന്നതിന് നിലവിൽ ജൂലായ് 31 വരെ ഏർപ്പെടുത്തിയിട്ടുള്ള മോറട്ടോറിയം ഡിസംബർ 31 വരെ നീട്ടുന്നതിന് റിസർവ് ബാങ്കിനോട് ആവശ്യപ്പെടാൻ ഇന്നലെ ഇവിടെ ചേർന്ന സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗം തീരുമാനിച്ചു. സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണിത്.
വായ്പകൾ പുനഃക്രമീകരിക്കുന്നതിനുള്ള അവകാശം റിസർവ് ബാങ്കിനായതിനാൽ ഇക്കാര്യവും റിസർവ് ബാങ്കിനോട് ആവശ്യപ്പെടും.ആവശ്യമെങ്കിൽ ഇക്കാര്യങ്ങൾ ഉന്നയിച്ച് റിസർവ് ബാങ്കിനെ സർക്കാരും സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ വ്യക്തമാക്കി.സംസ്ഥാനത്തെ കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ബാങ്കുകൾ യാഥാർത്ഥ്യം ഉൾക്കൊണ്ടുള്ള സമീപനം സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സമൂഹത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കൈത്താങ്ങാകേണ്ട സാമൂഹിക ബാദ്ധ്യത ബാങ്കിംഗ് മേഖലയ്ക്കുണ്ട്. കഴിഞ്ഞ രണ്ട് വർഷക്കാലയളവിൽ ഒന്നിലധികം പ്രകൃതി ദുരന്തങ്ങളെ നേരിട്ട സംസ്ഥാനമാണിത്. ഇതേത്തുടർന്നാണ് കാർഷിക കടങ്ങളും കൃഷിയിൽ നിന്ന് മുഖ്യ വരുമാനമുള്ള ആളുകൾ എടുത്ത കടങ്ങളും തിരിച്ചടയ്ക്കുന്നതിനുള്ള മോറട്ടോറിയം 2019 ഡിസംബർ 31 വരെ ദീർഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. കശുഅണ്ടി മേഖലയിലെ കടബാദ്ധ്യത പുനഃക്രമീകരിക്കാൻ ബാങ്കേഴ്‌സ് സമിതി തീരുമാനമെടുത്തിട്ടും ജപ്തിനടപടികൾ ഉണ്ടാകുന്നതിന് പരിഹാരം കാണണം.
നിക്ഷേപ -വായ്പാ അനുപാതം കേരളത്തിൽ കഴിഞ്ഞവർഷം 67 ശതമാനമായിരുന്നു. . സാമ്പത്തിക വളർച്ചയ്ക്ക് നിക്ഷേപ വായ്പാനുപാതം ഉയർത്തുന്നത് ആവശ്യമായതിനാൽ ഇതിനുള്ള നടപടികൾ ബാങ്കേഴ്‌സ് സമിതി കൈക്കൊള്ളണം. സർഫാസി നിയമത്തിലെ ചില കടുത്ത വകുപ്പുകൾ എങ്ങനെ ലഘൂകരിക്കാമെന്നും ഗൗരവമായി ആലോചിക്കണം. പൗരന്റെ കിടപ്പാടത്തിനുള്ള അവകാശത്തെ ഹനിക്കുന്ന വകുപ്പുകൾ പുനഃപരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മോറട്ടോറിയം ദീർഘിപ്പിക്കാനുള്ള സർക്കാർ നടപടിയെ ബാങ്കേഴ്‌സ് സമിതി അംഗീകരിച്ചിരിക്കുകയാണെന്നും, കർഷകർ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും യോഗത്തിനുശേഷം മന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു.
സർഫാസി നിയമപ്രകാരം നെൽപ്പാടം മാത്രമല്ല, മറ്റു ഭൂമികളും കൃഷിഭൂമിയായി പരിഗണിക്കണമെന്ന് മന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു.
യോഗത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ്, റിസർവ് ബാങ്ക് റീജിയണൽ ഡയറക്ടർ എസ്.എം.എൻ സ്വാമി, നബാർഡ് ചീഫ് ജനറൽ മാനേജർ ആർ.ശ്രീനിവാസൻ, സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി ചെയർപേഴ്‌സൺ എ.മണിമേഖല, കൺവീനർ ജി.കെ. മായ തുടങ്ങിയവരും സംബന്ധിച്ചു.