ബിംബങ്ങളെ വച്ച് സി.പി.എമ്മിനെ അധിക്ഷേപിക്കുന്ന രോഗം പ്രതിപക്ഷത്തിൽ കഴിഞ്ഞദിവസം കണ്ടെത്തിയ മുഖ്യമന്ത്രി മറ്റൊരു മാരകമായ രോഗമാണ് ഇന്നലെ ഡയഗ്‌നോസ് ചെയ്തത്. രോഗത്തിന്റെ സ്വഭാവം മുഖ്യമന്ത്രിയുടെ വാക്കുകളിൽ: 'ഒരു ചേനൽ പറയുക, നിങ്ങൾ അതേറ്റെടുക്കുക. എന്നിട്ട് ചേനൽ ഇംപാക്ട് എന്ന് പറയാൻ അവർക്ക് അവസരമുണ്ടാക്കുക.' (കേൾക്കുന്നവർക്ക് ചേനൽ എന്നാൽ ചാനൽ എന്ന് വിവർത്തനം ചെയ്തെടുക്കാവുന്നതാണ്.)
ഇപ്രകാരം 'ചേനൽ' സിൻഡ്രോം പിടിപെട്ട 'രോഗികൾ' കൊണ്ടുവന്നതായത് കൊണ്ട് മാത്രം പ്രളയപുനർനിർമ്മാണത്തിന്റെ പേരിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തെ മുഖ്യമന്ത്രി പുച്ഛിച്ചുതള്ളി. റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പരാജയമാണെന്ന് പറയുന്നത് പ്രത്യേക മനഃസ്ഥിതിയുടെ ലക്ഷണമായി അദ്ദേഹം നിരീക്ഷിച്ചു. രോഗമകറ്റാൻ പ്രത്യേകിച്ച് മരുന്നൊന്നും പക്ഷേ കുറിച്ചുകൊടുത്തിട്ടില്ല.
ഒന്നേകാൽ ലക്ഷം രൂപ വാടകയ്ക്ക് ഓഫീസെടുക്കുകയും അത് 88 ലക്ഷം രൂപയ്ക്ക് നവീകരിക്കുകയും ചെയ്ത സ്ഥിതിക്ക് ഇനി റീബിൽഡ് കേരള ഇനിഷ്യേറ്റീവിന് ലോഗോ ആയി ഒച്ചിന്റെ ചിത്രം കൂടി സംഘടിപ്പിക്കണം എന്നാണ് പക്ഷേ വി.ഡി. സതീശന്റെ വാദം. പദ്ധതിക്ക് ഒച്ചിന്റെ വേഗത പോലുമില്ലാത്തതാണ് കാരണം. ഇത്രയും വലിയ പ്രളയദുരന്തമുണ്ടായിട്ട് ഒരിടക്കാലാശ്വാസം കൊടുക്കാത്ത ലോകത്തെ ആദ്യത്തെ സർക്കാരെന്ന മുദ്ര സതീശൻ നിഷ്കരുണം സർക്കാരിന് പതിച്ചുനൽകി.
കോൺഗ്രസ് പാർട്ടി ആയിരം വീടുകൾ നിർമ്മിച്ചുനൽകാമെന്ന് പറഞ്ഞിട്ട് അതൊക്കെയെവിടെയെന്ന് മുഖ്യമന്ത്രി ചോദിച്ചു. വാചകം പറയാനെളുപ്പമാണ്, പ്രവൃത്തിയാണ് വിഷമം എന്നാണ് അദ്ദേഹത്തിന്റെ ഓർമ്മപ്പെടുത്തൽ. അതുകൊണ്ട് മാത്രം പ്രവൃത്തിയെടുക്കുന്നവരെ പ്രതിപക്ഷം ആക്ഷേപിക്കുകയാണെന്ന് അദ്ദേഹം കരുതി. സതീശനെ മൊത്തത്തിൽ കേട്ട മുഖ്യമന്ത്രി ആ വാഗ്‌വൈഭവത്തെ അംഗീകരിച്ചുകൊടുത്തിട്ടുണ്ട്. അതിന്റെ ഭാഗമായുള്ള കണക്ക് പെരുപ്പിക്കലാണ് നടന്നതെന്ന് അദ്ദേഹം സ്വയം സമാധാനിച്ചു.
മാടമ്പള്ളിയിലാണ് യഥാർത്ഥരോഗി എന്ന് പറഞ്ഞത് പോലെ, സതീശനിലാണ് മുഖ്യമന്ത്രി രോഗിയെ കണ്ടെത്തിയത് എന്ന് സംശയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അതൊട്ടും വകവച്ചുകൊടുത്തില്ല. ജനങ്ങളുടെ പ്രയാസങ്ങൾ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടത് സതീശന്റെ ഉത്തരവാദിത്വമാണ്, അതിന് ഇംപാക്ട് ഉണ്ടാക്കേണ്ടത് മുഖ്യമന്ത്രിയും എന്നാണ് വാദം.
ഒരിക്കൽ അവതരിപ്പിക്കാൻ പോയിട്ട് 'ദുരൂഹസാഹചര്യ'ത്തിൽ നടക്കാതെ പോയ മലപ്പുറം ജില്ലാവിഭജന സിദ്ധാന്തവുമായി കെ.എൻ.എ. ഖാദറെത്തി. മലപ്പുറത്തുകാരനാണെങ്കിലും ഖാദർ ലോകാസമസ്താ സുഖിനോ ഭവന്തൂ എന്ന മാസികാവസ്ഥയിലായിരുന്നു. അതിനാൽ ജില്ല ഒന്നൊന്നും പോരെന്ന് വാദിച്ച് ശ്രദ്ധക്ഷണിക്കൽപ്രമേയത്തിന്റെ മാനമുയർത്താൻ നോക്കി. വടകര ജില്ലയ്ക്കും മൂവാറ്റുപുഴ ജില്ലയ്ക്കും സെക്രട്ടേറിയറ്റിന്റെ കോഴിക്കോട് അനക്സിനും വാദിച്ച് ലേഖനമെഴുതിയതെല്ലാം ഖാദർ വിവരിച്ചിട്ടും മറുപടി പറഞ്ഞ മന്ത്രി ഇ.പി. ജയരാജൻ ഒട്ടും ഉദാരമതിയായില്ല.
കിട്ടിയ ട്രോഫികളെല്ലാം ഓൺലൈൻ വഴി ലേലത്തിന് വച്ച ബോറിസ് ബെക്കറും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത ഫുട്ബാളർ വി.പി. സത്യനും കെ.യു. അരുണനെ ആഴത്തിൽ ചിന്തിപ്പിക്കുന്നു. കളിക്കാരോട് സ്വീകരിക്കേണ്ട സമീപനത്തിൽ മാറ്റമുണ്ടാവണമത്രേ. ഇപ്പോഴത്തെ കായികമന്ത്രി ആ മാറ്റമെല്ലാം കൊണ്ടുവന്നതായി വിലയിരുത്തി അദ്ദേഹം സായൂജ്യമടഞ്ഞു.
പൊതുവിദ്യാലയങ്ങളെ മെച്ചമാക്കാൻ മുൻസർക്കാരിന്റെ ആസ്തിവികസനഫണ്ട് മാത്രമേയുള്ളൂ എന്നും ഈ സർക്കാർ ഒന്നും കൊടുത്തില്ലെന്നും വി.ടി. ബൽറാം തർക്കിച്ചു. തൃത്താല അംഗം മുഖപുസ്തകത്തിൽ (ഫേസ്ബുക്ക്) നിന്നിറങ്ങി വന്ന് കാര്യങ്ങൾ കാണണമെന്നായിരുന്നു ആർ. രാജേഷിന്റെ മറുപടി.
വിദ്യാഭ്യാസം, കായികവിനോദം, കല, സംസ്കാരം എന്ന ധനാഭ്യർത്ഥനയായിരുന്നു. മറുപടിക്ക് അഞ്ച് മന്ത്രിമാർ. ശൂന്യവേള തുടങ്ങിയപ്പോഴേ സ്പീക്കർ ഇതോർമ്മിപ്പിച്ചെങ്കിലും അടിയന്തരപ്രമേയത്തിന്റെ തർക്ക-വിതർക്കങ്ങൾക്ക് മാത്രമെടുത്തത് 1.40 മണിക്കൂറാണ്. ശൂന്യവേള തീർന്നത് ഒന്നര മണിക്ക്. ധനാഭ്യർത്ഥനയും പാസാക്കി പിരിയുമ്പോൾ സഭ ഒരു വഴിക്കായെന്ന് പ്രത്യേകിച്ച് പറയേണ്ട!