2

വിഴിഞ്ഞം: ഹെൽത്തി കേരള -2019 ന്റെ ഭാഗമായി വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും പരിശോധന നടത്തി. ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ലൈസൻസ് പുതുക്കാതെയും വൃത്തിഹീനവുമായ അന്തരീക്ഷത്തിൽ ആഹാരം പാചകം ചെയ്തിരുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. മാലിന്യ സംസ്കരണത്തിൽ വീഴ്ച വരുത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസിൽ അനുവദിച്ച തീയതിക്കകം വേണ്ട സംവിധാനം ഏർപ്പെടുത്താൻ നിർദ്ദേശം നൽകി. അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ സൗകര്യം മെച്ചപ്പെടുത്താൻ വീട്ടുടമകൾക്ക് നിർദ്ദേശം നൽകി. വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് എച്ച്.ഐ ജയചന്ദ്രൻ, ജെ.എച്ച്.ഐ മാരായ പ്രിയ, ശോഭന, സതികുമാർ, ഷെമി, ഷിജി, ഷീല, സുമം എന്നിവർ നേതൃത്വം നൽകി. പൊതുജനാരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മെഡിക്കൽ ഓഫീസർ ഡോ. വഷിത ഗുണ സെൽവി പറഞ്ഞു.