തിരുവനന്തപുരം: പ്രളയ പുനർനിർമ്മാണം ദീർഘകാല പ്രക്രിയയാണെന്നും ശാസ്ത്രീയ പുനർനിർമ്മാണത്തിന് മൂന്നുവർഷമെങ്കിലും വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. 'മൂന്ന് ഘട്ടങ്ങളായാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ. ധനസഹായവും അത്തരത്തിൽ മാത്രമേ നൽകാനാവൂ.'-അദ്ദേഹം വ്യക്തമാക്കി.

പ്രളയ പുനർനിർമ്മാണത്തിനായി രൂപീകരിച്ച റീബിൽഡ് കേരള ഇനിഷ്യേ​റ്റീവിന്റെ ചിഹ്നം ഒച്ചിന്റേതാക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതികരണം. 'പ്രളയ നഷ്ടത്തിന്റെ കണക്കെടുപ്പ് ശരിയായില്ല. അപ്പീലുകൾ കളക്ടർമാർ പരിഗണിക്കുന്നില്ല. പ്രഖ്യാപിച്ച പദ്ധതികൾ കടലാസിൽ മാത്രമാണ്. പുനർനിർമ്മാണം പാളി''- പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പത്ത് മാസം കഴിഞ്ഞിട്ടും സർക്കാർ പ്രളയബാധിതരുടെ കണ്ണീരൊപ്പാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

പുനർനിർമ്മാണത്തിൽ അലംഭാവമോ നാശനഷ്ടങ്ങളുടെ വിലയിരുത്തലിൽ പാളിച്ചയോ ഇല്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. തകർന്ന വീടുകളുടെ നഷ്‌ടം രേഖപ്പെടുത്താൻ എൻജിനീയറിംഗ് വിദഗ്ദ്ധരെയാണ് നിയോഗിച്ചത്. അപ്പീൽ നൽകാനുള്ള സമയപരിധി ജൂലായ് 30 വരെ നീട്ടി. നയപരമായ തീരുമാനങ്ങൾ സർക്കാരാണ് എടുക്കുന്നത്. അത് നടപ്പാക്കുന്നതാണ് ഉദ്യോഗസ്ഥരുടെ ചുമതല.

ദുരിതം മറികടക്കാൻ പല തലങ്ങളിലുള്ള പ്രവർത്തനങ്ങൾ വേണ്ടിവരും.

ആദ്യം മുതൽമുടക്ക് വേണ്ട മേഖലകളിൽ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം. രണ്ടാമത് ഇത് ഫലപ്രദമായി ചെയ്യാൻ സ്ഥാപനങ്ങളെയും ജീവനക്കാരെയും പ്രാപ്തമാക്കണം. കാലാവസ്ഥാവ്യതിയാനം പോലുള്ള സാഹചര്യങ്ങളിൽ നയപരമായി വരുത്തേണ്ട മാ​റ്റങ്ങളാണ് മൂന്നാമത്.

പുനരധിവാസപ്രവർത്തനങ്ങൾ പൂർണമായി ഉദ്യോഗസ്ഥരെ ഏൽപിച്ചതാണ് പരാജയ കാരണമെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച വി.ഡി. സതീശൻ ആരോപിച്ചു. ലോകം അഭിനന്ദിച്ചത് സർക്കാരിനെയല്ല, രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികൾ അടക്കമുള്ള ജനങ്ങളെയാണെന്ന് വാക്കൗട്ട് പ്രസംഗത്തിൽ രമേശ് ചെന്നിത്തല പറഞ്ഞു. ഡോ.എം.കെ. മുനീർ, അനൂപ് ജേക്കബ് എന്നിവരും പ്രസംഗിച്ചു.

 പ്രളയനഷ്ടം 31,000 കോടി

പ്രളയത്തിൽ 31,000 കോടിയോളമാണ് നഷ്ടമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാരിസ്ഥിതിക ആഘാതം കണക്കിലെടുത്താൽ നഷ്ടം കൂടും. അടിയന്തര സഹായമായ 10,000 രൂപ 6.9 ലക്ഷം കുടുംബങ്ങൾക്ക് നൽകി. പൂർണമായി തകർന്ന 15,324 വീടുകളിൽ 5422 വീടുകൾ പൂർത്തിയായി. സ്വന്തമായി വീട് നിർമ്മിക്കുന്ന 10,426 പേരിൽ 9,967 പേർക്ക് സഹായം നൽകി. പൂർണമായി തകർന്ന കേസുകളിൽ 34,768 അപ്പീലുകളിൽ 34,275 ഉം ഭാഗികമായി തകർന്ന 2,54,260 കേസുകളിൽ 2,40,738 കേസുകളും തീർപ്പാക്കി. 1,02,479 അപ്പീൽ കേസുകളിൽ 1,01,878 കേസുകളും തീർപ്പാക്കി. 3,54,810 കർഷകർക്ക് 1,651 കോടി രൂപ വിതരണം ചെയ്തു. ദുരിതാശ്വാസ നിധിയിലെ തുകയും ലോക ബാങ്ക് വായ്പയും ഉപയോഗിച്ച് ആലപ്പുഴ-ചങ്ങനാശ്ശേരി എലിവേ​റ്റഡ് ഹൈവേ, ശംഖുമുഖം എയർപോർട്ട് റോഡ്, മത്സ്യത്തൊഴിലാളി ഭവനങ്ങൾ, ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം എന്നിവ നടപ്പാക്കുമെന്നും മുഖ്യമന്ത്റി പറഞ്ഞു.