മലയിൻകീഴ്: മാറനല്ലൂരിൽ കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾക്ക് നേരെ ഇന്നലെ പുലർച്ചെ ആക്രമണം. ജനാലകൾ അടിച്ചുതകർത്ത സംഘം വാഹനങ്ങളും നശിപ്പിച്ചു. സഹോദരങ്ങളായ മാറനല്ലൂർ മഞ്ഞറമൂല സാഫല്യത്തിൽ ഷിബുവിന്റെയും മണ്ണടിക്കോണം ഹാപ്പി ഹൗസിൽ ടി. കുമാറിന്റെയും വീടുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ പുലർച്ചെ മൂന്നിനും മൂന്നരയ്ക്കും ഇടയ്ക്കായിരുന്നു സംഭവം. സി.പി.എം മഞ്ഞറമൂല ബ്രാഞ്ച് സെക്രട്ടറിയായിരുന്ന കുമാർ ഏതാനും മാസം മുമ്പാണ് കോൺഗ്രസിൽ ചേർന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനായി കുമാർ സജീവ പ്രവർത്തനം നടത്തിയിരുന്നു. പുലർച്ചെ വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായെത്തി വെല്ലുവിളിച്ച സംഘം ഇരുവരെയും പുറത്തേക്ക് വിളിച്ചിറക്കി അക്രമിക്കാൻ ശ്രമിച്ചെങ്കിലും രണ്ട് വീടുകളിൽ നിന്നും ആരും പുറത്തിറങ്ങിയില്ല. തുടർന്നാണ് വീടിന്റെ ജനലും ബൈക്കും പിക്കപ്പ് വാനും അടിച്ചുതകർത്തത്. കുമാർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നതിന്റെ വൈരാഗ്യം കാരണം സി.പി.എം പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ സംഭവവുമായി സി.പി.എമ്മിന് ബന്ധമില്ലെന്ന് ഊരൂട്ടമ്പലം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഏരിയാകമ്മിറ്റി അംഗവുമായ പി.എസ്. പ്രഷീദ് അറിയിച്ചു. ഷിബുവിന്റെ മകളെ ശല്യപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഏതാനും ദിവസം മുമ്പ് ഒരു യുവാവിന് മർദ്ദനമേറ്റിരുന്നെന്നും യുവാവിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമാണ് അക്രമത്തിന് പിന്നിലെന്നും വീട് ആക്രമിച്ച പ്രതികളെ ഉടൻ പിടികൂടണമെന്നും പ്രഷീദ് ആവശ്യപ്പെട്ടു. വീടുകൾ എം. വിൻസെന്റ് എം.എൽ.എ ഉൾപ്പെടെയുള്ളവർ സന്ദർശിച്ചു. അക്രമത്തിൽ കോൺഗ്രസ് ഡി.സി.സി ജനറൽ സെക്രട്ടറി എം. മഹീന്ദ്രൻ, കാട്ടാക്കട ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് വണ്ടന്നൂർ സന്തോഷ്, കോൺഗ്രസ് നേതാവ് ഊരുട്ടമ്പലം ഷിബു എന്നിവർ പ്രതിഷേധിച്ചു.