തിരുവനന്തപുരം: മലപ്പുറത്തെ വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കില്ലെന്ന് മന്ത്രി ഇ.പി. ജയരാജൻ നിയമസഭയെ അറിയിച്ചു. പുതിയ ജില്ലകൾ രൂപീകരിക്കുന്നതു ശാസ്ത്രീയമായി കരുതാനാവില്ലെന്നാണ് സർക്കാർ നിലപാടെന്നും മുഖ്യമന്ത്രിക്കു വേണ്ടി അദ്ദേഹം അറിയിച്ചു. പുതിയ ജില്ല രൂപീകരിച്ചതു കൊണ്ട് അധികാര വികേന്ദ്രീകരണം ഫലപ്രദമാകില്ല.
മലപ്പുറത്തെ വിഭജിച്ചു പുതിയ ജില്ല രൂപീകരിക്കുന്നത് അശാസ്ത്രീയമാണ്. സമഗ്ര പഠനത്തിനു ശേഷം ചെയ്യേണ്ട കാര്യമാണിത്. ജില്ല വിഭജിച്ചാൽ ഒട്ടനവധി രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങൾ പിന്നാലെയെത്തുമെന്നും അതിനാൽ ഇത്തരമൊരു അജൻഡ സർക്കാരിന്റെ പരിഗണനയിലില്ലെന്നും മന്ത്രി അറിയിച്ചു. ജനസംഖ്യാനുപാതികമായി മലപ്പുറത്തെ വിഭജിച്ചു പുതിയ ജില്ല രൂപീകരിക്കണമെന്ന മുസ്ലിംലീഗ് അംഗം കെ.എൻ.എ. ഖാദറിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി നൽകുകയായിരുന്നു മന്ത്രി. ജനസംഖ്യാനുപാതികമായ വളർച്ചയ്ക്കൊപ്പം വികസന പ്രവർത്തനത്തിൽ മുന്നേറ്റം നടത്താൻ മലപ്പുറത്തെ വിഭജിക്കണമെന്ന് കെ.എൻ.എ. ഖാദർ. ആവശ്യപ്പെട്ടു.
ഒരാഴ്ച മുമ്പു മലപ്പുറം വിഭജനവുമായി ബന്ധപ്പെട്ട ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിക്കാൻ കെ.എൻ.എ. ഖാദറിന് അവസരം നൽകിയെങ്കിലും കോൺഗ്രസിലെയും യു.ഡി.എഫിലെയും എതിർപ്പിനെ തുടർന്ന് അന്ന് ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് നടത്തിയ ചർച്ചകൾക്കു ശേഷമാണ് ഇന്നലെ വീണ്ടും അവതരിപ്പിച്ചത്. മന്ത്രി മറുപടി പറയുന്നതിനിടയിൽ ഇതുസംബന്ധിച്ചു പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം അറിയിക്കാമെന്ന് ചില ഭരണപക്ഷ അംഗങ്ങൾ പറഞ്ഞെങ്കിലും ചെന്നിത്തല ഒഴിഞ്ഞു മാറി.