നേമം: റോഡിന് വശത്തെ അനധികൃത മാർക്കറ്റ് കാരണം ബുദ്ധിമുട്ടുന്നത് ഇവിടുത്തെ യാത്രക്കാരാണ്. പ്രാവച്ചമ്പലം- കാട്ടാക്കട റോഡിൽ മൊട്ടമൂട് ജംഗ്ഷന് സമീപം റോഡിലൂടെ നടക്കാൻ കഴിയാത്ത വിധമാണ് മാർക്കറ്റ് സ്ഥിതിചെയ്യുന്നത്. എല്ലാദിവസവും രാവിലെ 9.15ന് തുടങ്ങുന്ന കച്ചവടം 11.30 ഓടെയാണ് അവസാനിക്കുന്നത്. ഞായറാഴ്ചകളിലും ചെറിയതോതിൽ കച്ചവടം നടക്കും. ഈ സമയമത്രയും റോഡിലുടെ യാത്രചെയ്യാൻ വളരെ പാടുപെടും. ട്രാഫിക് ബ്ലോക്കും ഇവിടെ പതിവാണ്. ഏകദേശം ആറ് വർഷങ്ങൾക്ക് മുൻപ് ചെറിയതോതിൽ തുടങ്ങിയ മാർക്കറ്റ് ക്രമേണ പരിസരവാസികൾക്ക് തലവേദനയാകും വിധം വളർന്നു. തിരക്കേറിയ റോഡിന് ഇരുവശങ്ങളിലായി മത്സ്യം, പച്ചക്കറി, പഴവർഗ്ഗങ്ങൾ എന്നവ നിരക്കുന്നതോടെ ഇവ വാങ്ങാനെത്തുന്നവരും റോഡിലേക്ക് നിരക്കും. പിന്നീടിവിടെ ആൾക്കൂട്ടം കൊണ്ട് നിറയും. വാഹനങ്ങൾ ഹോൺ അടിച്ചാൽ പോലും ആളുകൾ മാറിത്തരില്ലെന്ന പരാതിയും ശക്തമാണ്. റോഡിലേക്ക് നീളുന്ന വ്യാപരത്തിനിടെ പലപ്പോഴും ചെറുതും വലുതുമായ അപകടങ്ങൾ സംഭവിക്കുന്നതും നിത്യസംഭവമാണ്.