വെള്ളറട: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടി അഞ്ചര മാസത്തിൽ പ്രസവിച്ച് ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ അന്വേഷണം തുടങ്ങി. അമ്പൂരി ഗ്രാമപഞ്ചായത്തിലെ പുരവിമല സെറ്റിൽമെന്റ് കോളനിയിലെ പെൺകുട്ടി വീട്ടിൽ പ്രസവിച്ച ഇരട്ടക്കുട്ടികളാണ് മരിച്ചത്. രക്തസ്രാവത്താൽ അവശയായ പെൺകുട്ടിയെ ഇക്കഴിഞ്ഞ 18ന് എസ്.എ. റ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയാണ് ചികിത്സയിലുള്ളതെന്ന് ഡോക്ടർമാർ മെഡിക്കൽ കോളേജ് പൊലീസിനെ അറിയിച്ചിരുന്നു. അവർ നെയ്യാർഡാം പൊലീസിനെ അറിയിച്ചതനുസരിച്ച് നെയ്യാർഡാം പൊലീസ് പോസ്കോ ആക്ട് പ്രകാരം കേസെടുത്തു. ആർ.ഡി.ഒ യുടെ നിർദ്ദേശത്തെ തുടർന്ന് പൊലീസ് സർജൻ ഡോ. ശശികല, സയന്റിഫിക് എക്സ്‌പർട്ട് രഞ്ചു .ആർ.ആർ, കാട്ടാക്കട തഹസിൽദാർ ഗോപകുമാർ, നെയ്യാർഡാം എച്ച്.എസ്.ഒ സാജു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പെൺകുട്ടിയുടെ പുരവിമലയിലെ വീട്ടിലെത്തി പരിശോധന നടത്തി. തുടർന്ന് വീട്ടിലെ അടുക്കള കുഴിച്ച് അടക്കം ചെയ്തിരുന്ന നവജാതശിശുക്കളുടെ ഏഴുദിവസം പഴക്കം ചെന്ന മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തു. വീണ്ടും അവിടെത്തന്നെ അടക്കി. കന്നിപ്രസവത്തിലെ കുട്ടിമരിച്ചാൽ അടുക്കളയിൽ അടക്കം ചെയ്യണമെന്ന് ആദിവാസികളുടെ വിശ്വാസമത്രെ. പെൺകുട്ടി എസ്.എ.റ്റി ആശുപത്രിയിലാണിപ്പോഴും.