june25b

ആറ്റിങ്ങൽ: വായനയാണ് ലഹരി എന്ന സന്ദേശവുമായി വായനപക്ഷാചരണത്തോടനുബന്ധിച്ച് വായനക്കാരെ തേടി പുസ്തകങ്ങളിൽ നിന്ന് കഥാപാത്രങ്ങൾ ഇറങ്ങി വന്നത് കൗതുകമായി. ചെമ്പൂര് ഗവ. എൽ.പി സ്കൂളിലെ കുട്ടികളാണ് വ്യത്യസ്തമായ കാഴ്ചയൊരുക്കി വായനക്കാരെ തേടിയെത്തിയത്. രണ്ടാമൂഴത്തിലെ ഭീമൻ, ഖസാക്കിലെ അപ്പുക്കിളി, ആടു ജീവിതത്തിലെ നജീബ്, പാത്തുമ്മയുടെ ആടിലെ അബ്ദുൽഖാദർ, പാത്തുമ്മ,​ ടോട്ടോചാൻ, ഹരിദ്വാറിൽ നിന്ന് രമേശ് പണിക്കർ തുടങ്ങി പത്തോളം കൃതികളിലെ കഥാപാത്രങ്ങളാണ് വായനക്കാരെ തേടിയിറങ്ങിയത്. പുസ്തകങ്ങളിൽ നിന്ന് തങ്ങളെ കാണാൻ നേരിട്ടെത്തിയ കഥാപാത്രങ്ങൾ വായനക്കാരിൽ വിസ്മയം നിറച്ചു.വായനയുടെ കരുത്ത് കുട്ടികളിലേയ്ക്ക് പകരാനും വായിച്ചു വളരാനവരെ പ്രാപ്തരാക്കാനുമായി നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്നുവരുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ കഥാപാത്രങ്ങളുടെ അവതരണം നടന്നതെന്ന് അദ്ധ്യാപകർ പറഞ്ഞു. ഇതോടനുബന്ധിച്ച് നടന്ന നാട്ടുവരമ്പ് എന്ന പരിപാടിയിൽ കവിയും അദ്ധ്യാപകനുമായ ഗോപൻ പാർത്ഥസാരഥി പങ്കെടുത്തു. പുസ്തക പരിചയം, വായനാ കുറിപ്പ് ,പുസ്തകപ്രദർശനം, പുസ്തക തോണി ,സാഹിത്യ സംവാദങ്ങൾ , വായനശാല സന്ദർശനം, കയ്യെഴുത്തുമാസിക നിർമ്മാണം ,പുസ്തക ചർച്ച തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് വായന പക്ഷാചരണത്തോടനുബന്ധിച്ച് സ്കൂളിൽ നടന്നത്. ഹെഡ്മിസ്ട്രസ് ഗീതാകുമാരി, പി.ടി.എ പ്രസിഡൻറ് അജി തെക്കുംകര, അദ്ധ്യാപകരായ മോളി ,മീര, ബീന, പ്രിജി ,ലത ,രേഷ്മ എന്നിവർ സംസാരിച്ചു.