kadalukanippara

കിളിമാനൂർ: ഒടുവിൽ അവഗണനയിൽ തല കുനിച്ച കടലുകാണിപ്പാറയ്ക്ക് അന്തസോടെ തല ഉയർത്തിപ്പിടിക്കാം.

ഈ വർഷം തന്നെ കടലുകാണിപ്പാറയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന ഉറപ്പ് കിട്ടി. ബി. സത്യൻ എം.എൽ.എയുടെ സബ്മിഷനു മറുപടിയായാണ് ആ ഉറപ്പ് കടലുകാണിപ്പാറയെ തേടിയെത്തിയത്.

ഐതിഹ്യവും വിനോദവും സാഹസികതയും ഒത്തു ചേർന്ന് വിനോദ സഞ്ചാരത്തിന്റെ അനന്ത സാദ്ധ്യതകളുമായി സ്ഥിതി ചെയ്യുന്ന കടലുകാണിപ്പാറ അർഹിച്ച പരിഗണന കിട്ടാതെ അവഗണനയിലായിരുന്നു. ഇത് ചൂണ്ടിക്കാട്ടി കേരളകൗമുദി ഇക്കഴിഞ്ഞ 17ന് "അവഗണന തലയുയർത്തിയ കടലുകാണിപ്പാറ" എന്ന തലക്കെട്ടിൽ വാർത്ത നൽകിയിരുന്നു. ഈ വിഷയം ബി. സത്യൻ എം.എൽ.എ നിയമസഭയിൽ സബ്മിഷനു വയ്ക്കുകയും ചെയ്തു. പ്രദേശത്തിന്റെ ടൂറിസം സാദ്ധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തി കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനും ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കാനും സർക്കാർ തീരുമാനിച്ചു. ഇതിനായി ടൂറിസം വകുപ്പിന്റെ എംപാനൽഡ് ആർക്കിടെക്ടിനെ പ്രോജക്ട് തയ്യാറാക്കാൻ ചുമതലപ്പെടുത്തി.

ഒപ്പം ഇവർ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭരണാനുമതിക്കായി വർക്കിംഗ് ഗ്രൂപ്പിന് മുമ്പായി സമർപ്പിക്കുമെന്നും ഈ സാമ്പത്തിക വർഷം തന്നെ പദ്ധതി ആരംഭിക്കുമെന്നും മന്ത്റി കടകംപള്ളി സുരേന്ദ്രൻ സബ്മിഷനു മറുപടി നൽകി.

കടലുകാണിപ്പാറ

സംസ്ഥാന പാതയിൽ കാരേറ്റ് നിന്നും 5 കിലോമീറ്റർ സഞ്ചരിച്ചാൽ പുളിമാത്ത് പഞ്ചായത്തിലെ താളിക്കുഴിക്ക് സമീപം സ്ഥിതി ചെയ്യുന്നു. കിഴക്ക് സഹ്യാദ്രിക്കും പടിഞ്ഞാറ് അറബിക്കടലിനും അഭിമുഖമായി ആനയുടെ ആകൃതിയിൽ പരസ്പരം തൊടാത്ത ആറ് കൂറ്റൻ പാറകളാണ് കടലുകാണിപ്പാറ. ഇവിടെ നിന്നാൽ അറബിക്കടലിനെയും, അതിലൂടെയുള്ള കപ്പലുകളെയും കാണാം. ഇവിടെ പാറയിൽ നിന്ന് 50 അടി താഴ്ചയിൽ ഒരു ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഇവിടെ നൂറ്റാണ്ടുകൾക്കപ്പുറം സന്യാസിമാർ തപസനുഷ്ഠിച്ചിട്ടുണ്ടെന്നാണ് ഐതിഹ്യം.

ഒന്നാം ഘട്ട വികസനം:

വ്യൂ പോയിന്റ്

പാർക്കിംഗ് സ്ഥലം

 നടപ്പാത

 ഇരിപ്പിടങ്ങൾ

 ടോയ്ലെറ്റ്

നാളിതുവരെ

 1999 ലാണ് ടൂറിസം വകുപ്പ് രംഗത്ത് എത്തിയത്.

റോഡ്, കലുങ്ക്, വൈദ്യുതി, ട്രക്കിംഗ് എന്നിവയ്ക്കായി 14 ലക്ഷം രൂപയുടെ പ്രോജക്ട്

2002- കടലുകാണിപ്പാറയിലെ 3 ഏക്കർ സ്ഥലം വികസന പ്രവർത്തനങ്ങൾക്കായി സർക്കാർ ടൂറിസം പ്രൊമോഷൻ കൗൺസിലിന് സൗജന്യമായി നൽകി.

മികച്ച സുരക്ഷാ സംവിധാനമാണ് വേണ്ടത്. പാറയുടെ മുകളിലേക്ക് കയറുമ്പോൾ പിടിച്ചു കയറാൻ വശങ്ങളിൽ സംവിധാനം വേണം. ഒപ്പം സുരക്ഷാ വേലിയും സ്ഥാപിക്കണം. ശ്രദ്ധിച്ചില്ലെങ്കിൽ അപകടമുണ്ടാകാം. കാഴ്ചയ്ക്ക് പുത്തൻ അനുഭവങ്ങൾ സമ്മാനിക്കുന്ന നല്ല വ്യൂ പോയിന്റുകളുണ്ട്. അവ മികച്ച രീതിയിൽ സൗകര്യങ്ങൾ വർദ്ധിപ്പിച്ച് നിർമ്മിച്ചാൽ കൂടുതൽ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാം.

ഹാബിറ്റാറ്റിന്റെ നേതൃത്വത്തിൽ ഇവിടെ സ്ഥാപിച്ചിരുന്ന വഴിവിളക്കുകൾ നശിപ്പിക്കപ്പെട്ടു.

വിശ്രമകേന്ദ്രങ്ങളിൽ പാകിയ ഓടുകളും ടൈൽസും സാമൂഹികവിരുദ്ധർ ഇളക്കിക്കളഞ്ഞു. ടോയ്ലെറ്റുകൾ നശിച്ചു. പൊട്ടിക്കിടക്കുന്ന മദ്യക്കുപ്പികളാണ് സഞ്ചാരികളെ വരവേൽക്കുന്നത്.

വിശ്രമകേന്ദ്രവും നശിച്ചു. ഒടുവിൽ ഇവിടം മദ്യപന്മാരുടെ താവളമായി അധഃപതിക്കുകയാണുണ്ടായത്.

കടലുകാണിപ്പാറയെ വിനോദസഞ്ചാര കേന്ദ്രമാക്കും: കടകംപള്ളി സുരേന്ദ്രൻ

കടലുകാണിപ്പാറയെ വിനോദസഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടാംഘട്ട പദ്ധതിയുടെ രൂപരേഖ തയ്യാറാക്കി ഭരണാനുമതി നൽകി ഈ സാമ്പത്തികവർഷം തന്നെ നിർമാണം ആരംഭിക്കുമെന്ന് മന്ത്റി കടകംപള്ളി സുരേന്ദ്രൻ നിയമസഭയെ അറിയിച്ചു. ബി. സത്യന്റെ സബ്മിഷനു മറുപടി നൽകുകയായിരുന്നു മന്ത്റി.