കിളിമാനൂർ: നിർദ്ധന കുടുംബത്തിന് സ്നേഹവീടൊരുക്കി കിളിമാനൂർ റോട്ടറി ക്ലബ് വീണ്ടും മാതൃകയായി. പഴയകുന്നുമ്മൽ പഞ്ചായത്തിലെ ഇരട്ടച്ചിറ ചേണിക്കുഴി സ്വദേശി ഷീജാ കുമാരിക്കും മക്കളായ അഖിൽ, ആർച്ച, അർച്ചന എന്നിവർക്കാണ് കിളിമാനൂർ റോട്ടറി ക്ലബ് സ്നേഹവീടൊരുക്കിയത്. പഠനത്തിൽ മിടുക്കരായ അർച്ചനയും ആർച്ചയും കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളാണ്. കിളിമാനൂരിന് സമീപത്തുവച്ചുണ്ടായ വാഹന അപകടത്തിൽ ഇവരുടെ പിതാവ് മരണപ്പെട്ടിരുന്നു. ചേണിക്കുഴിയിൽ ഒരു കുന്നിൻമുകളിൽ അടച്ചുറപ്പില്ലാത്ത ഓലപ്പുരയിലാണ് ഇവർ കഴിയുന്നത്. ഈ ദുരിത കഥ അറിഞ്ഞ റോട്ടറി ക്ലബ് ഈ കുടുംബത്തിന് വീടുവച്ച് നൽകാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ വാഹന സൗകര്യമില്ലാത്ത കുന്നിൽ മുകളിൽ വീട് വയ്ക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. ഈ സാഹചര്യത്തിൽ കിളിമാനൂർ സ്വദേശിയും തിരൂരിലെ ദന്തൽ ഡോക്ടറു മായ ഡോ. മുരളി പാപ്പാല ഉടയൻകാവിന് സമീപം അഞ്ച് സെന്റ് ഭൂമി ഇവർക്ക് സൗജന്യ മായി നൽകി. ഇവിടെയാണ് 500 സ്ക്വയർ ഫീറ്റിൽ അഞ്ചര ലക്ഷം ചെലവിട്ട് റോട്ടറി ക്ലബ് വീട് നിർമിച്ചത്. വീട്ടുപകരണങ്ങൾ, കുട്ടികൾക്ക് പഠനോപകരണങ്ങൾ, കട്ടിൽ, മേശ, കസേരകൾ അടക്കമുള്ളവയും ഒരു മാസത്തേക്ക് ഭക്ഷണസാധനങ്ങളും വാങ്ങിനൽകും. വീടിന്റെ താക്കോൽ കൈമാറ്റവും ഗൃഹപ്രവേശനവും നാളെ രാവിലെ 8.30 ന് നടക്കുമെന്ന് റോട്ടറി ക്ലബ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഇ.കെ. ലൂക്ക് താക്കോൽ കൈമാറും ബി. സത്യൻ എം. എൽ.എ, പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. സിന്ധു, എസ്. രാജലക്ഷ്മി അമ്മാൾ, റോട്ടറി ക്ലബ് ഭാരവാഹികൾ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ സംബന്ധിക്കും. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് കെ.ജി. പ്രിൻസ്, സെക്രട്ടറി വി. ഭാസി, ജി. ശശിധരൻ, ബി. ശ്രീകുമാർ, അനിൽകുമാർ, പ്രജരാജ്, കെ. സോമൻ എന്നിവർ പങ്കെടുത്തു.