ramesh-chennithala

തിരുവനന്തപുരം : പ്രളയ ബാധിതരെ സഹായിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. പ്രളയം കഴിഞ്ഞ് ഒരു വർഷമായിട്ടും ദുരിതബാധിതർക്ക് സഹായം കൊടുക്കാനോ, റീബിൽഡ് കേരളയുടെ പ്രവർത്തനങ്ങൾ തുടങ്ങാനോ കഴിഞ്ഞിട്ടില്ല. നിയമസഭയിൽ വാക്കൗട്ട് പ്രസംഗം നടത്തുകയായിരുന്നു ചെന്നിത്തല.

ലോകം മുഴുവൻ നമ്മളെ അഭിനന്ദിച്ചുവെന്നാണ് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. സർക്കാരിനെയല്ല, കേരളത്തിലെ ജനങ്ങളെയാണ് ലോകം മുഴുവൻ അഭിനന്ദിച്ചത്. ഓഖി ദുരന്തത്തിൽപ്പെട്ട് കഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾ അവരുടെ ജീവിത പ്രയാസങ്ങൾ മുഴുവൻ മാറ്റിവച്ചാണ് പ്രളയത്തിൽപ്പെട്ടവരെ സഹായിച്ചത്. അവരെയാണ് ലോകം ആദരിച്ചത്. സർക്കാർ സംവിധാനം അനങ്ങാതിരുന്നപ്പോൾ ഭക്ഷ്യധാന്യങ്ങൾ ശേഖരിച്ച് അവിടെ കൊണ്ടുകൊടുത്ത സന്നദ്ധസംഘടനകളെയാണ് ജനങ്ങൾ അഭിനന്ദിച്ചത്. ആ അഭിനന്ദനം മുഴുവൻ തന്റെ തലയിലെ തൊപ്പിയാണെന്ന് മുഖ്യമന്ത്രി പറയുന്നത് പരിഹാസ്യമായ നടപടിയാണെന്നും ചെന്നിത്തല പറഞ്ഞു.

സാലറി ചലഞ്ചിനെ പ്രതിപക്ഷം എതിർത്തെന്നാണ് മുഖ്യമന്ത്രിയുടെ വാദം. സാലറി ചലഞ്ച് ഗുണ്ടാപ്പിരിവാണെന്ന് പറഞ്ഞത് ഹൈക്കോടതിയാണ്. സർക്കാർ പിടിച്ചു പറിക്കാൻ തുടങ്ങിയപ്പോഴാണ് അതിനെതിരായ പ്രതികരണമുണ്ടായത്. വ്യവസായ സ്ഥാപനങ്ങൾക്കും കട നശിച്ചവർക്കുമായി പദ്ധതി ആവിഷ്‌കരിക്കുമെന്ന് വ്യവസായമന്ത്രി പറഞ്ഞു. ആ പദ്ധതിയുടെ സഹായം ആർക്കും കിട്ടിയിട്ടില്ല. പഞ്ചായത്തുകളെക്കൂടി നിർമ്മാണ പ്രവർത്തനങ്ങളിൽ ഭാഗമാക്കണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല.

വി.ഡി. സതീശൻ അടിയന്തരപ്രമേയം കൊണ്ടുവന്നത് ഏതോ ഒരു ചാനലിന്റെ ഇംപാക്ടിനാണെന്ന മുഖ്യമന്ത്രിയുടെ മറുപടിയെ ചെന്നിത്തല എതിർത്തു. ജനങ്ങളുടെ പ്രയാസങ്ങൾ ഗവൺമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടത് പ്രതിപക്ഷത്തിന്റെ കർത്തവ്യമാണെന്ന് ചെന്നിത്തല പറഞ്ഞു.