ആറ്റിങ്ങൽ: ആറ്റിങ്ങൽ ക്ലബ് അടിച്ചുതകർത്ത കേസിലെ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റുചെയ്‌തു. ആറ്റിങ്ങൽ തോട്ടവാരം തുണ്ടുവിള വീട്ടിൽ ബിനു (39), തോട്ടവാരം പേരുവിള വീട്ടിൽ പ്രദീപ് (31) എന്നിവരാണ് പിടിയിലായത്. 18ന് രാത്രിയിലായിരുന്നു സംഭവം. ആറ്റിങ്ങൽ ക്ലബിന്റെ പിറകുവശത്തെ ഗ്രില്ല് പൊളിച്ച് അകത്തുകടന്ന അക്രമികൾ ക്ലബിന്റെ കോൺഫറൻസ് ഹാൾ, മറ്റു മുറികൾ, വാട്ടർ ടാപ്പുകൾ, സീലിംഗ് ഫാൻ, ഗ്രാനൈറ്റ് സ്ലാബുകൾ, ഗ്ലാസുകൾ എന്നിവ അടിച്ചുതകർത്തു. ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടമാണ് വരുത്തിയതെന്ന് പൊലീസ് പറഞ്ഞു. അക്രമം നടത്തിയ പ്രതികൾക്ക് സാരമായ പരിക്കേറ്റിരുന്നു. ആശുപത്രികളും മൊബൈൽ ഫോൺ നമ്പരുകളും പരിശോധിച്ചാണ് പ്രതികളെ ശാസ്ത്രീയമായി പിടികൂടിയത്. ആറ്റിങ്ങൽ ഡിവൈ.എസ്.പി ഫേമസ് വർഗീസിന്റെ നിർദ്ദേശ പ്രകാരം സി.ഐ വി.വി. ദീപൻ, എസ്.ഐ ശ്യാം എ.ജി, സലിം. എസ്, ഷിനോദ്, മഹേഷ്, താജുദ്ദീൻ, ഷാഡോ ടീം അംഗങ്ങളായ റിയാസ്, ജ്യോതിഷ് എന്നിവർ ഉൾപ്പെട്ട ടീമാണ് പ്രതികളെ അറസ്റ്റുചെയ്‌തത്.