ഫേസ്ബുക്ക് പേജിനെ തള്ളി ജയരാജന്റെ പോസ്റ്റ്

തിരുവനന്തപുരം: സി.പി.എം കണ്ണൂർ ജില്ലാ മുൻസെക്രട്ടറിയും സംസ്ഥാനസമിതി അംഗവുമായ പി. ജയരാജനെ പാർട്ടിക്കെതിരെ ചിലർ ആയുധമാക്കുന്നുവെന്ന് കഴിഞ്ഞ ദിവസം സമാപിച്ച സി.പി.എം സംസ്ഥാനസമിതി യോഗത്തിൽ വിമർശനമുയർന്നു.

അദ്ദേഹത്തിന്റെ ചുരുക്കപ്പേരായ പി.ജെ എന്ന് ചേർത്ത് സമൂഹമാദ്ധ്യമത്തിലുള്ള 'പി.ജെ ആർമി' എന്ന പേജിനെ ചൊല്ലിയായിരുന്നു വിമർശനം. ഫാൻസ് അസോസിയേഷൻ എന്ന പേരിൽ . 'പി.ജെ ആർമി' പേജിൽ സി.പി.എം നേതൃത്വത്തിനെതിരെ വന്ന ചില പോസ്റ്റുകളെ ചൊല്ലിയാണ് പ്രധാനമായും വിമർശനമുയർന്നത്. ഫേസ്ബുക്ക് പേജിനെ തള്ളിപ്പറയാൻ സംസ്ഥാനസമിതിയിൽ നേതൃത്വം നിർദ്ദേശിച്ചു. തുടർന്ന് യോഗം അവസാനിച്ച ശേഷം രാത്രിയോടെ ജയരാജൻ പോസ്റ്റിട്ടു. പി.ജെ എന്നത് തന്റെ ചുരുക്കപ്പേരായി കരുതുന്ന ഗ്രൂപ്പുകൾ അതിന്റെ പേരിൽ മാറ്റം വരുത്തണമെന്നായിരുന്നു അഭ്യർത്ഥന.

ജയരാജനെ ഉപയോഗിച്ച് സി.പി.എമ്മിനെ ആക്ഷേപിക്കാൻ നോക്കുന്നുവെന്നും നേരത്തേയും അത്തരം ചില ബിംബങ്ങളെ ഉപയോഗിച്ച് ആക്ഷേപിക്കാൻ നോക്കിയിട്ടുണ്ടെന്നും കഴിഞ്ഞദിവസം നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഏതാണ്ട് സമാനമായ നിലയിലുള്ള വിമർശനമാണ് സംസ്ഥാന സമിതിയിലുമുണ്ടായതെന്നാണ് വിവരം. പി.ജെ ആർമി എന്ന എഫ്.ബി പേജിൽ പാർട്ടി വിരുദ്ധപോസ്റ്റുകളാണ് പ്രചരിപ്പിക്കുന്നതെന്നും ജയരാജന്റെ ഫോട്ടോ വച്ചാണ് പേജിൽ കുറിപ്പുകളിടുന്നതെന്നും ചിലർ പറഞ്ഞു. ജയരാജന്റെ പേരിൽ ഇത് പാർട്ടി ശത്രുക്കൾക്ക് ആയുധമാകുന്നു. എതിരാളികൾ ഇതിനെ പാർട്ടിയെ അടിക്കാനുള്ള വടിയായി ഉപയോഗിക്കുന്നു. ഇതൊന്നും സദുദ്ദേശ്യത്തോടെയല്ലെന്നും വിമർശനമുയർത്തി.

ചർച്ചയ്ക്കൊടുവിലാണ് സമൂഹമാദ്ധ്യമത്തിൽ ജയരാജന്റെ പേരുപയോഗിച്ച് നടത്തുന്ന ഇത്തരം പ്രവൃത്തികളെ തള്ളിപ്പറയാൻ നേതൃത്വം നിർദ്ദേശിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ തന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്തുണയായി സഖാക്കളും സുഹൃത്തുക്കളും സമൂഹമാദ്ധ്യമത്തിൽ ഇടപെട്ടിരുന്നുവെന്ന് ജയരാജൻ വിശദീകരിച്ചു. തിരഞ്ഞെടുപ്പിന് ശേഷം തന്റെ പേരിലുള്ള ചില ഗ്രൂപ്പുകൾ സി.പി.എം വിരുദ്ധനിലപാട് സ്വീകരിക്കുന്നുവെന്ന വിമർശനമുൾക്കൊണ്ട് അതിനെ തള്ളിപ്പറയാമെന്നും വ്യക്തമാക്കി.അതിന്റെ അടിസ്ഥാനത്തിലാണ് രാത്രിയിൽ വന്ന വിശദീകരണ പോസ്റ്റെന്നാണ് സൂചന.

പി.ജയരാജന്റെ

പോസ്റ്റിൽ നിന്ന്:

'സി.പി.എം മെമ്പർമാർ അഭിപ്രായങ്ങൾ അവരവരുടെ പാർട്ടി ഘടകങ്ങളിലാണ് ഉന്നയിക്കേണ്ടത്. പാർട്ടിയെ സ്‌നേഹിക്കുന്ന അനുഭാവികളും എതിരാളികൾക്ക് ആയുധം കൊടുക്കുന്ന സമീപനം സ്വീകരിക്കരുത്. പാർട്ടിക്ക് യാതൊരു ബന്ധവുമില്ലാത്ത വിഷയങ്ങൾ പോലും പാർട്ടിയുടെ ചുമലിൽ ഇടാനാണ് വലതുപക്ഷ മാദ്ധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയക്കാരും പരിശ്രമിക്കുന്നത്. മക്കൾ ചെയ്ത കുറ്റത്തിന്റെ പേരിൽ പാർട്ടി നേതാവായ അച്ഛനെയും അച്ഛന്റെ പാർട്ടിയെയും ആക്രമിക്കുന്നത് തുടരുകയാണ്. നേതാക്കന്മാരുടെ മക്കളുടെ ജോലിയും മറ്റും ചൂണ്ടിക്കാണിച്ച് നേതാക്കളെ വ്യത്യസ്ത തട്ടുകളിലാക്കാനും സമൂഹ മാദ്ധ്യമങ്ങൾ ശ്രമിക്കുന്നുണ്ട്. എന്റെ ഒരു മകൻ ഏതോ ഒരവസരത്തിൽ കല്ലു ചുമന്നതും മറ്റൊരു മകൻ ഹോട്ടൽ ജോലി ചെയ്യുന്നതും അവരുടെ സുഹൃത്തുക്കൾ തമാശയായി ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്തതും ഇതിന് ചില സമൂഹ മാദ്ധ്യമങ്ങൾ ഉപയോഗപ്പെടുത്തി. ഇതെല്ലാം എല്ലാവരും സദുദ്ദേശ്യത്തോടെയല്ല ചെയ്യുന്നത്.'

കടകംപള്ളിക്ക്

വിമർശനം

ശബരിമലയിൽ ആചാര സംരക്ഷണമാവശ്യപ്പെട്ട് യു.ഡി.എഫിലെ എൻ.കെ. പ്രേമചന്ദ്രൻ ലോക്‌സഭയിൽ അവതരിപ്പിച്ച സ്വകാര്യബില്ലിനെ പരസ്യമായി സ്വാഗതം ചെയ്ത മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെയും യോഗത്തിൽ വിമർശനമുണ്ടായി. കടകംപള്ളി പറഞ്ഞത് പാർട്ടി നിലപാടല്ലെന്നും, സി.പി.എമ്മിന്റെയും എൽ.ഡി.എഫ് സർക്കാരിന്റെയും നിലപാട് ഇക്കാര്യത്തിൽ സുവ്യക്തമാണെന്നും നേതൃത്വം വ്യക്തമാക്കി. പൊതുസമൂഹത്തിൽ തെറ്റിദ്ധാരണയുണ്ടാക്കുന്ന ഇത്തരം പ്രസ്താവനകൾ മേലിൽ നടത്തരുതെന്ന് മന്ത്രിയെ ഓർമ്മിപ്പിച്ചതായും അറിയുന്നു.