കാട്ടാക്കട: കാട്ടാക്കട ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി നടപടി തുടങ്ങി. ശനിയാഴ്ച കൂടിയ സർവ കക്ഷി മീറ്റിംഗിന്റെ തീരുമാന പ്രകാരമാണ് കാട്ടാക്കട തഹസീൽദാർ ഗോപകുമാർ, കാട്ടാക്കട ഇൻസ്പെക്ടർ ഡി. ബിജുകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യൂ, പൊലീസ് സംഘങ്ങൾ നടപടി തുടങ്ങിയത്. കാട്ടാക്കട പൊലീസ് സ്റ്റേഷൻ മുതൽ മൊളിയൂർ റോഡ് വരെയും മാർക്കറ്റ് വരെയും ഉള്ള സ്ഥലം സംഘം പരിശോധിച്ചു. പ്രാഥമിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഫുട്പാത്തിലേക്ക് ഇറക്കി വച്ചിരിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകൾ, സാധനങ്ങൾ, പൊതുഗതാഗതത്തിന് തടസമായി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകളും ടെലിഫോൺ പോസ്റ്റുകളും സംഘം രേഖപ്പെടുത്തി. കാട്ടാക്കട മാർക്കറ്റിന് മുൻവശമുള്ളതും ബസ് ഡിപ്പോയ്ക്ക് മുന്നിലെ ഓട്ടോ സ്റ്റാൻഡ് എന്നിവ സംബന്ധിച്ചും സംഘം റിപ്പോർട്ട് തയാറാക്കിയിട്ടുണ്ട്.