ആറ്റിങ്ങൽ: അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ പശ്ചിമബംഗാളിലെ ഭൂട്ടാൻ അതിർത്തിയിൽ നിന്നു ആറ്റിങ്ങൽ പൊലീസ് പിടികൂടി. പശ്ചിമബംഗാൾ ന്യൂ ജൽപായ്ഗുരി അലിപ്പൂർദർ ഫല്ലാക്കട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഹുസൈൻ ഒറോൺ (33) ആണ് പിടിയിലായത്.
2019 മാർച്ച് 10ന് രാത്രി ആറ്റിങ്ങൽ പൂവമ്പാറയിലെ സ്വകാര്യ ഹോളോബ്രിക്‌സ് കമ്പനിയിലായിരുന്നു കൊലപാതകം നടന്നത്. സഹ ജീവനക്കാരനും ഹുസൈൻ ഒറോണിന് ഹോളോബ്രിക്സിൽ ജോലി വാങ്ങി കൊടുക്കുകയും ചെയ്ത വെസ്റ്റ് ബംഗാൾ സ്വദേശി വിമൽബാറയാണ് (39) കൊല്ലപ്പെട്ടത്.
സംഭവം നടക്കുന്നതിന് ഒരാഴ്ച മുമ്പ് വിമൽബാറയാണ് ഹുസൈനിനെ ഇവിടെ ജോലിക്ക് കൊണ്ട് വന്നത്. മാർച്ച് 10ന് രാത്രി ജോലി സ്ഥലത്തെ കൂലിയെ ചൊല്ലി ഇവർ തമ്മിൽ വാക്കേറ്റം നടന്നു. തർക്കത്തിനൊടുവിൽ ഹുസൈൻ പാചകത്തിന് ഉപയോഗിച്ചിരുന്ന ആയുധം കൊണ്ട് വിമൽബാറയുടെ തലയ്ക്കടിക്കുകയും കഴുത്തിൽ ആഴത്തിൽ കുത്തി പരിക്കേല്പിക്കുകയും ചെയ്തു. കൊലപാതകത്തിന് ശേഷം മൃതദേഹം കത്തിക്കാൻ ശ്രമിച്ചതായി പ്രതി സമ്മതിച്ചു. വിമൽബാറയുടെ മൊബൈൽഫോണുകളും പണവും അപഹരിച്ച പ്രതി ആട്ടോറിക്ഷയിൽ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെത്തുകയും അവിടെ നിന്നു ട്രെയിനിൽ ബംഗാളിലേക്ക് കടക്കുകയുമായിരുന്നു. ഹുസൈനെ സ്ഥലത്തെത്തിച്ചത് കൊല്ലപ്പെട്ട വിമൽബാറയായിരുന്നത് ആദ്യഘട്ട അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചു. പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ യാതൊന്നും ഉടമയ്ക്കും അറിയില്ലായിരുന്നു. ഉത്തരമേഖലാ എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നിർദ്ദേശാനുസരണം റൂറൽ പൊലീസ് മേധാവി ബി. അശോകിന്റെ നേതൃത്വത്തിൽ പ്രത്യേകം സ്‌ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം ഊർജ്ജിതപ്പെടുത്തിയത്. തുടർന്നുള്ള അന്വേഷണത്തിൽ കൊല്ലപ്പെട്ട വിമൽബാറയുടെ മൊബൈൽ ബംഗാളിൽ മറ്റൊരാൾ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഈ മൊബൈൽ വീണ്ടെടുത്ത് ഉപയോഗിച്ച ആളിനെ ചോദ്യം ചെയ്തതോടെയാണ് ഹുസൈൻ വോറയുടെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ചും കൊലപാതകത്തിൽ ഹുസൈനുള്ള പങ്കിനെക്കുറിച്ചും കൂടുതൽ വ്യക്തത ലഭിച്ചത്. ഹുസൈനെ കണ്ടെത്താൻ പൊലീസിന് വീണ്ടും കടമ്പകൾ ഏറെ വേണ്ടി വന്നു. കേരളത്തിലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസി എന്ന വ്യാജേനയാണ് പൊലീസ് സംഘം ബംഗാളിൽ അന്വേഷണം നടത്തിയത്. സംഭവത്തിന് ശേഷം പ്രതി മൊബൈൽഫോൺ ഉപയോഗിക്കാതിരുന്നതും അന്വേഷണത്തെ ബാധിച്ചു.
പ്രതിയുടെ ബന്ധുക്കളെ സംഘം സമീപിക്കുകയും ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. ഇവരിൽ നിന്നാണ് ഹുസൈൻ ഒറോൺ ഭൂട്ടാൻ അതിർത്തിയിലെ ജെയ്‌ഗോൺ ഗ്രാമത്തിലെ മക്രപ്പടയിൽ തേയിലത്തോട്ടത്തിലാണ് ഉള്ളതെന്ന് വ്യക്തമായത്. ഉടനേ സംഘം അവിടെയെത്തി പ്രതിയെ കണ്ടെത്തുകയും കേരളത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി അറസ്റ്റു രേഖപ്പെടുത്തുകയുമായിരുന്നു. തിരിച്ചറിയാതിരിക്കാൻ പ്രതി ഹെയർ സ്റ്രൈൽ ഉൾപ്പെടെ മാറ്റിയിരുന്നു.
റൂറൽ എസ്.പിക്ക് പുറമെ ആറ്റിങ്ങൽ ഡിവൈ.എസ്.പി കെ.എ. വിദ്യാധരൻ, ഇൻസ്‌പെക്ടർ വി.വി. ദിപിൻ, എസ്.ഐ എം.ജി. ശ്യാം, എ.എസ്.ഐ റജികുമാർ, ഷാഡോ ടീം എ.എസ്.ഐ ഫിറോസ്ഖാൻ, ബി. ദിലീപ്, ആർ. ബിജുകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.