photo

നെടുമങ്ങാട്: വനാതിർത്തി ഗ്രാമങ്ങളിൽ മൂട്ടി പഴങ്ങളുടെ സമൃദ്ധി. ബോണക്കാട്, ബ്രൈമൂർ മലയടിവാരങ്ങളിൽ വൻതോതിലാണ് മൂട്ടിപ്പഴം കായ്ക്കുന്നത്. മരത്തിന്റെ തടിയിൽ നീളൻ താരിട്ട് വിരിയുന്ന മൂട്ടിലെ കായ് പഴമാകുമ്പോൾ നല്ല ചുമപ്പ് നിറമാണ്. ആദിവാസികളുടെ ഇഷ്ട ഫലമായ മൂട്ടിപ്പഴത്തിന് മൂട്ടിപ്പുളിയെന്നും കുന്തപ്പഴമെന്നും പേരുണ്ട്. പുളിയിലൂറും രുചി നുണയാവുന്ന മൂട്ടി പഴങ്ങൾക്ക് ആവശ്യക്കാരേറെയാണ്. മഴക്കാലത്താണ് ഇവ താരിൽ നിറയെ കായായും പഴമായും നിറയുന്നത്. ഉദര സംബന്ധമായ അസുഖങ്ങൾക്ക് ഉത്തമ ഔഷധമായ മുട്ടി പഴത്തിന് വൻ ഡിമാന്റാണ്. നാട്ടിൻ പുറത്തും ഇതിന്റെ മരങ്ങൾ നട്ടു പിടിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും വനത്തിൽ നിന്ന് ലഭിക്കുന്ന പഴത്തിന്റെ രുചി അതിനില്ല. ബക്കൗറിയ കോറിട്ടി ലെൻസിസ് എന്നാണ് മുട്ടിപ്പഴത്തിന്റെ ശാസ്ത്രനാമം. ഒരു കി.ഗ്രാം പഴത്തിന് 60 മുതൽ 100 രൂപ വിലയുണ്ട്. താലൂക്കിലെ മലയോര പ്രദേശങ്ങളിലെ കടകളിൽ മൂട്ടിപ്പഴം ഇപ്പോൾ സുലഭമായി ലഭിക്കും.