sports-
sports

 നാല് കായിക ഇനങ്ങൾക്ക് പ്രത്യേക അക്കാഡമി

 കൂടുതൽ കേന്ദ്രങ്ങളിൽ ഫിറ്റ്നസ് സെന്ററുകൾ

തിരുവനന്തപുരം: പത്തനംതിട്ട, തൃശ്ശൂർ, കാസർകോട് ജില്ലകളിൽ കണ്ണൂർ സ്‌പോർട്സ് ഡിവിഷൻ മാതൃകയിൽ പുതിയ ഡിവിഷനുകൾ ആരംഭിക്കുമെന്ന് മന്ത്രി ഇ.പി ജയരാജൻ. ഇവിടെ ലോകനിലവാരമുള്ള പരിശീലന സൗകര്യങ്ങൾ ഒരുക്കുമെന്നും നിയമസഭയിൽ കായിക-യുവജനക്ഷേമ വകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ചയ്ക്ക് മറുപടി പറയവേ മന്ത്രി അറിയിച്ചു.

കായിക വകുപ്പ് ഏറ്റെടുത്ത ജി.വി.രാജ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്‌പോർട്സ് ഡിവിഷൻ എന്നിവ അന്താരാഷ്ട്ര നിലവാരത്തിലാക്കാൻ നടപടി പുരോഗമിക്കുകയാണ്. സ്‌പോർട്സ് സ്‌കൂളുകളിലെ കായികതാരങ്ങൾക്ക് ഈ വർഷം വിദേശപരിശീലകരുടെ സേവനം ലഭ്യമാക്കും.

നാല് കായിക ഇനങ്ങളിലായി പ്രത്യേക അക്കാഡമികൾ ആരംഭിക്കും. തിരുവനന്തപുരം വട്ടിയൂർക്കാവിൽ ഷൂട്ടിംഗ്, കുമാരപുരത്ത് ടെന്നിസ്, ഇടുക്കിയിൽ വോളിബോൾ, വയനാട്ടിൽ അമ്പെയ്ത്ത് എന്നീ ഇനങ്ങൾക്കാണ് അക്കാഡമികൾ തുടങ്ങുക.

ചെറുപ്രായത്തിൽ തന്നെ കായിക പ്രതിഭയുള്ളവരെ കണ്ടെത്തി പരിശീലിപ്പിക്കാൻ തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി പത്തു കേന്ദ്രങ്ങളിൽ പദ്ധതി നടപ്പാക്കും. മികച്ച ഫുട്‌ബോൾ താരങ്ങളെ വളർത്തിയെടുക്കാൻ കിക്കോഫ് എന്ന പേരിൽ 19 കേന്ദ്രങ്ങളിൽ പരിശീലന പദ്ധതി ആരംഭിച്ചെന്നും ഈ വർഷം മുഴുവൻ ജില്ലകളിലും പെൺകുട്ടികൾക്ക് ഫുട്‌ബോൾ പരിശീലന പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ,സംസ്ഥാന അടിസ്ഥാനത്തിൽ നവംബർ- ഡിസംബറിൽ ബീച്ച് ഗെയിംസ് നടത്തും. കായിക താരങ്ങൾക്കും പൊതുജനങ്ങൾക്കും ആരോഗ്യ സംരക്ഷണത്തിന് എട്ടു ജില്ലകളിൽ ആരംഭിച്ച ഫിറ്റ്‌നെസ് സെന്ററുകൾ പത്തു കേന്ദ്രങ്ങളിലേക്കു കൂടി വ്യാപിപ്പിക്കും. തദ്ദേശ തലത്തിൽ സ്‌പോർട്സ് കൗൺസിലുകൾ രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.