തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുമെന്ന് കേരള സർവകലാശാല അറിയിച്ചു. സർവകലാശാലയുടെ 2017ലെ ബഡ്ജറ്റ് പ്രസംഗത്തിൽ അന്നത്തെ ഫിനാൻസ് കമ്മിറ്റി കൺവീനർ ഡോ.റോസമ്മ ഫിലിപ്പാണ് നിലവിലുള്ള ഇൻഷ്വറൻസ് പദ്ധതി പരിഷ്‌കരിച്ച് സ്വകാര്യ ഇൻഷ്വറൻസ് കമ്പനിയുമായി ചേർന്ന് പുതിയ ഒരു വിദ്യാർത്ഥി ഇൻഷ്വറൻസ് പദ്ധതി പ്രഖ്യാപിച്ചത്. വിദ്യാർത്ഥികളിൽ നിന്ന് പ്രതിവർഷം 240 രൂപ വീതം സ്വരൂപിച്ച് ഇൻഷ്വറൻസ് കമ്പനിക്ക് തുക കൈമാറിയാണ് പദ്ധതി നടപ്പാക്കിയത്. എന്നാൽ വിദ്യാർത്ഥികൾക്ക് പരിരക്ഷ ഉറപ്പാക്കുന്നതിൽ കമ്പനി വീഴ്ച വരുത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഈ കമ്പനിക്കെതിരെ സിൻഡിക്കേറ്റ് നിർദ്ദേശപ്രകാരം സർവകലാശാല നിയമനടപടികൾ സ്വീകരിച്ചു വരികയാണ്. 2018ലെ സർവകലാശാല ബഡ്ജറ്റിൽ ഫിനാൻസ് കമ്മിറ്റി കൺവീനർ കെ.എച്ച്. ബാബുജാൻ സർവകലാശാല നേരിട്ട് നടത്തുന്ന ഒരു ഇൻഷ്വറൻസ് പദ്ധതി പ്രഖ്യാപിച്ചിരുന്നു. പ്രസ്തുത പദ്ധതി പ്രകാരം പ്രതിവർഷം ഒരു വിദ്യാർത്ഥി 100 രൂപ മാത്രമാണ് സർവകലാശാലയ്ക്ക് നൽകേണ്ടത്. വിദ്യാർത്ഥികൾക്ക് അപകട മരണം സംഭവിച്ചാൽ 5 ലക്ഷം രൂപയും അപകട ചികിത്സയ്ക്കും മാരകരോഗങ്ങളുടെ ചികിത്സയ്ക്കും 1 ലക്ഷം രൂപ വരെ ധനസഹായവും ഈ പദ്ധതി പ്രകാരം നൽകും. ബന്ധപ്പെട്ട പദ്ധതി ഈ വർഷം മുതൽ നടപ്പിലാക്കാനുളള നടപടികൾ സർവകലാശാല സ്വീകരിച്ചു കഴിഞ്ഞു. സ്വകാര്യ കമ്പനിയുമായി മുൻപുളള കരാർ റദ്ദാക്കിയതിനെ തുടർന്ന് ആ പദ്ധതിയുടെ ബാക്കി തുകയിൽ നിന്ന്, ലഭ്യമായ അപേക്ഷകർക്ക് ധനസഹായം നൽകുന്നതിനുളള നടപടികളും സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ടെന്നും സർവകലാശാല അറിയിച്ചു.