മലയിൻകീഴ്: നിരവധി കേസുകളിൽ ഉൾപ്പെട്ട മാറനല്ലൂർ കുന്നുംപുറം എം.ആർ. സദനത്തിൽ ഹേമന്ദ് (26), അന്തിയൂർകോണം അമ്പലത്തറ വീട്ടിൽ ലാലു (20), പാലോട്ടുവിള മാങ്കുളത്തു ലീല നിവാസിൽ ലിബിൻ രാജ് (20) എന്നിവരെ മലയിൻകീഴ് പൊലീസ് അറസ്റ്റുചെയ്തു. കാട്ടാക്കട പ്ലാവൂരിൽ കഴിഞ്ഞ ദിവസം വാഹനം അഗ്നിക്കിരയാക്കിയ സംഭവത്തിലെ പ്രതികളാണ് ഇവർ. പൊലീസിനെ ആക്രമിച്ചത് ഉൾപ്പെടെ മാറനല്ലൂർ, മലയിൻകീഴ് എന്നീ സ്റ്റേഷനുകളിൽ ആറു കേസുകൾ പ്രതികൾക്കെതിരെയുണ്ട്. കാട്ടാക്കടയിൽ രണ്ടു കേസുകളും പേരൂർക്കട, പേട്ട എന്നിവിടങ്ങളിൽ കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഹേമന്ദ്. പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് ഇവർ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. മലയിൻകീഴ് സി.ഐ അനിൽകുമാർ, എസ്.ഐ സൈജു എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയ പ്രതികളെ റിമാൻഡ് ചെയ്‌തു.