joby-justin
joby justin

തിരുവനന്തപുരം : കഴിഞ്ഞ സീസൺ ഐ ലീഗിൽ കൊൽക്കത്ത ക്ളബ് ഈസ്റ്റ് ബംഗാളിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച മലയാളി ഫുട്ബാളർ ജോബി ജസ്റ്റിന്റെ ഐ.എസ്.എല്ലിലേക്കുള്ള കൂടുമാറ്റം കയ്യാലപ്പുറത്തു തുടരുകയാണ്. ഈസ്റ്റ് ബംഗാളിൽ നിന്ന് ഐ.എസ്.എൽ ക്ളബായ എ.ടി.കെയിലേക്ക് മാറാൻ കഴിഞ്ഞ മാർച്ചിൽ തന്നെ ജോബി തയ്യാറെടുത്തിരുന്നു. ജോബിയുടെ ഐ ലീഗ് പ്രകടനം കണക്കിലെടുത്ത് 65 ലക്ഷം രൂപയാണ് കൊൽക്കത്തയിലെ തന്നെ ക്ളബായ എ.ടി.കെ ഓഫർ ചെയ്തത്. എന്നാൽ ഈസ്റ്റ് ബംഗാളിൽ നിന്ന് എ.ടി.കെയിലേക്ക് മാറാനുള്ള അനുമതി ഇതുവരെ ജോബിക്ക് ലഭിക്കാത്തതാണ് ക്ളബ് മാറ്റം വൈകാനുള്ള കാരണം.

പ്രശ്നം

2018 ലാണ് ജോബി ഈസ്റ്റ് ബംഗാളിലേക്ക് എത്തുന്നത്. അന്ന് ഒപ്പിട്ട കരാർ പ്രകാരം ഇനി രണ്ട് വർഷത്തേക്ക് കൂടി ജോബി ഈസ്റ്റ് ബംഗാളിന് വേണ്ടി കളിച്ചേ പറ്റൂവെന്നാണ് ക്ളബിന്റെ നിലപാട്. ഇതു കഴിഞ്ഞാലേ മാറ്റത്തിന് അനുമതി പത്രം നൽകാനാകൂ എന്നും ഈസ്റ്റ് ബംഗാൾ നിലപാടെടുത്തു. തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ ജോബി ഒപ്പിട്ട കരാറിന്റെ പകർപ്പ് ഈസ്റ്റ ബംഗാൾ ക്ളബ് ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന് സമർപ്പിക്കുകയും ചെയ്തു.

പരിഹാരമില്ല

നാലു മാസത്തോളമായി ജോബി ക്ളബ് ട്രാൻസ്‌ഫറിനായി അലയാൻ തുടങ്ങിയിട്ട്. ആദ്യം ബംഗാൾ ഫുട്ബാൾ അസോസിയേഷനാണ് പരാതി നൽകിയത്. തുടർന്ന് അവർ ഇരു കക്ഷികളെയും വിളിച്ച് ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ക്ളബിന്റെ ഭാഗമാണ് ഒടുവിൽ ബംഗാൾ അസോസിയേഷൻ ചേർന്നത്. ഇതോടെയാണ് ജോബി ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷനെ സമീപിച്ചത്. തുടർന്ന് ക്ളബ് ഹാജരാക്കിയ ജോബി ഒപ്പിട്ട കരാർ കയ്യക്ഷര വിദഗ്ദ്ധനെക്കൊണ്ട് പരിശോധിപ്പിച്ചു. ഇന്നലെയും ഈ വിഷയത്തിൽ ഹിയറിംഗ് ഉണ്ടായിരുന്നു. എന്നാൽ അന്തിമ തീരുമാനം എടുക്കാൻ കഴിഞ്ഞിട്ടില്ല.

# തിരുവനന്തപുരത്തെ തീരദേശ മേഖലയിൽ നിന്ന് ഉയർന്നു വന്ന താരമാണ് ജോബി ജസ്റ്റിൻ.

# വെട്ടുകാട് സെന്റ് മേരീസ് ക്ളബിലൂടെ കളി തുടങ്ങിയ ജോബി കേരള പ്രിമിയർ ലീഗിൽ കെ.എസ്.ഇ.ബിക്ക് വേണ്ടി മികച്ച പ്രകടനം കാട്ടിയതിനെത്തുടർന്നാണ് ഈസ്റ്റ് ബംഗാളിലെത്തിയത്.