kt-jaleel

തിരുവനന്തപുരം: സ്വാശ്രയ കോളജുകളുടെ മികവ് പരിശോധിക്കാൻ ഏർപ്പെടുത്തിയ സ്റ്റേറ്റ് അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ സെന്റർ ആഗസ്റ്റ് ഒന്നു മുതൽ കോളജുകളിൽ നിന്ന് അപേക്ഷ സ്വീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ അറിയിച്ചു. വിവിധ സർവകലാശാലകൾക്കു കീഴിലായുള്ള അറുനൂറോളം സ്വശ്രയ കോളജുകളുടെ നിലവാര പരിശോധനയ്ക്കാണ് പുതിയ സെന്റർ ആരംഭിച്ചത്. പുതിയ കോഴ്സുകൾ ആരംഭിക്കുമ്പോൾ സെന്ററിന്റെ അക്രഡിറ്റേഷൻ ഉള്ള കോളജുകൾക്കായിരിക്കും ആദ്യ പരിഗണനയെന്നും നിയമസഭയിൽ ധനാഭ്യർത്ഥന ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി അറിയിച്ചു.
2019-20 അദ്ധ്യയന വർഷം എല്ലാ സർക്കാർ കോളജുകളിലും ജീവനി എന്ന പേരിൽ കൗൺസലിംഗ് സെന്ററുകൾ ആരംഭിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇലക്ട്രോണിക് ട്രാൻസാക്‌ഷൻ സംവിധാനം പൂർണമായി നടപ്പാക്കും. വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ ഓൺലൈനായി നൽകുന്ന സംവിധാനം എല്ലാ സർവകലാശാലകളിലും ആഗസ്റ്റ് ഒന്നിനു മുമ്പ് പൂർണമാകും.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ മോഡൽ ഡിഗ്രി കോളജ് ഈ വർഷം മാനന്തവാടിയിൽ ആരംഭിക്കും. പ്ലസ്ടു സയൻസ് പാസായ വിദ്യാർഥികൾക്ക് ഈ വർഷം മുതൽ പോളിടെക്‌നിക്കുകളിൽ ലാറ്ററൽ എൻട്രി നൽകാൻ തീരുമാനിച്ചയും മന്ത്രി ജലീൽ പറഞ്ഞു. പോളിടെക്നിക്കുകളിൽ ജൂലായ് 22 ന് ക്ലാസുകൾ ആരംഭിക്കും.
കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വിഷ്വൽ സയൻസിൽ ഈ അദ്ധ്യയന വർഷം മുതൽ പ്രവേശനയോഗ്യത ബിരുദമാക്കിയിട്ടുണ്ട്. സ്ഥാപനത്തെ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനു തുല്യമായി ഉയർത്തുകയാണ് ലക്ഷ്യം.