m-vincent

തിരുവനന്തപുരം: ശബരിമല ആചാര സംരക്ഷണ ബില്ലിന് അനുമതി തേടി എം. വിൻസന്റ് എം.എൽ.എ സ്പീക്കർക്ക് വീണ്ടും കത്ത് നൽകി. ബില്ലിന് നേരത്തേ നോട്ടീസ് നൽകിരുന്നെങ്കിലും, നിയമപരമല്ലെന്നു കാട്ടി അനുമതി നിഷേധിച്ചിരുന്നു.

കഴിഞ്ഞ സെപ്റ്റംബർ 28ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ, ബിൽ ഭരണഘടനാ വിരുദ്ധമാണെന്നും അതിലുൾക്കൊള്ളിച്ച വ്യവസ്ഥകൾ നിയമപരമല്ലെന്നുമുള്ള നിയമവകുപ്പിന്റെ അഭിപ്രായം പരിഗണിച്ചാണ് ബില്ലിന് സ്പീക്കർ അനുമതി നിഷേധിച്ചത്. കഴിഞ്ഞ നവംബർ 28 നായിരുന്നു ഇത്.

എന്നാൽ, അനൗദ്യോഗിക ബിൽ സംബന്ധിച്ച് ഭരണഘടനാപരമായോ മറ്റേതെങ്കിലും വിധത്തിലോ സർക്കാരിന് എതിർപ്പുണ്ടെങ്കിൽ ബില്ലിന്റെ അവതരണാനുമതിക്കു വേണ്ടിയുള്ള പ്രമേയം സഭയിൽ വരുമ്പോഴാണ് എതിർക്കേണ്ടതെന്ന് പുതിയ കത്തിൽ വിൻസന്റ് ചൂണ്ടിക്കാട്ടി. സ്പീക്കർക്ക് യുക്തമെന്നു തോന്നിയാൽ പ്രമേയം അവതരിപ്പിക്കുന്ന അംഗത്തിനും എതിർക്കുന്ന അംഗത്തിനും വിശദീകരണ പ്രസ്താവന നടത്താൻ അനുമതി നൽകിയ ശേഷം ചർച്ചകൂടാതെ പ്രമേയം വോട്ടിനിടാമെന്ന് ചട്ടം 71 പറയുന്നുണ്ട്. നിയമസഭയുടെ അധികാര പരിധിക്കു പുറത്തുള്ള നിയമമെന്ന കാരണത്താലാണ് പ്രമേയം എതിർക്കപ്പെടുന്നതെങ്കിൽ സ്പീക്കർക്ക് അതിന്മേൽ പൂർണ്ണമായ ചർച്ച അനുവദിക്കാം. ലോക്‌സഭയിൽ എൻ.കെ. പ്രേമചന്ദ്രന്റെ അനൗദ്യോഗിക ബില്ലിന് അനുമതി നൽകിയതും വിൻസന്റ് കത്തിൽ ചൂണ്ടിക്കാട്ടി.