തിരുവനന്തപുരം: പൊലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് കോൺഗ്രസ് അനുകൂല സംഘടനാ നേതാക്കൾ കോടതിയെ സമീപിക്കും. തിരിച്ചറിയൽ കാർഡ് വിതരണത്തെ ചൊല്ലിയുള്ള സംഘർഷത്തെ തുടർന്ന് എട്ട് പൊലീസുകാരെ നേരത്തേ സസ്‌പെൻഡ് ചെയ്തിരുന്നു.
പൊലീസ് സഹകരണസംഘം തിരഞ്ഞെടുപ്പിന് തിരിച്ചറിയൽ കാർഡ് വാങ്ങാൻ സമയം കഴിഞ്ഞപ്പോൾ, പകുതിയിൽ താഴെ അംഗങ്ങൾക്ക് മാത്രമേ തിരിച്ചറിയൽ കാർഡ് നൽകിയുള്ളുവെന്നാണ് കോൺഗ്രസ് അനുകൂല സംഘടനാനേതാക്കളുടെ ആരോപണം. സംഘത്തിന്റെ ഓഫീസിൽ ഒരു കൗണ്ടർ മാത്രമാണ് പ്രവർത്തിച്ചത്. രാത്രി വൈകിയും മണിക്കൂറുകൾ കാത്ത് നിന്ന ശേഷമാണ് പലർക്കും കാർഡ് കിട്ടിയത്.
6878 അംഗങ്ങൾക്കാണ് വോട്ടവകാശം. ഇതിൽ 5900 പേരാണ് പുതിയ തിരിച്ചറിയൽ കാർഡിന് അപേക്ഷിച്ചത്. പകുതി പേർക്ക് മാത്രമാണ് കാർഡ് കിട്ടിയതെന്നാണ് ആരോപണം. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് കോൺഗ്രസ് അനുകൂല സംഘടനാ നേതാക്കൾ കോടതിയെ സമീപിക്കാനെരുങ്ങുന്നത്.
കാർഡ് വിതരണത്തെച്ചൊല്ലിയുള്ള തർക്കം ശനിയാഴ്ച കൈയാങ്കളിയിലേക്ക് നീങ്ങിയിരുന്നു. ഈ സംഭവത്തിൽ വനിതാ പൊലീസുകാർ ഉൾപ്പെടെയുള്ളവരെ സിറ്റി പൊലീസ് കമ്മിഷണർ സസ്‌പെൻഡ് ചെയ്തു. അതിന് ശേഷവും തിരക്ക് കുറയ്ക്കാൻ ഒരു നടപടിയുമുണ്ടായില്ല. 27നാണ് തിരഞ്ഞെടുപ്പ്. പുതിയ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന് നേതാക്കൾ കോടതിയിൽ ആവശ്യപ്പെടും.