ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ലോകകപ്പ് മത്സരം നാളെ മാഞ്ചസ്റ്ററിൽ
മാഞ്ചസ്റ്റർ : ലോകകപ്പിൽ ഇതുവരെ തോൽവിയറിഞ്ഞിട്ടില്ലാത്ത ഇന്ത്യൻ ടീം അഞ്ചാം ജയം തേടി സെമി ഫൈനൽ പ്രവേശനം ആധികാരികമാക്കാൻ നാളെ മാഞ്ചസ്റ്ററിലിറങ്ങുന്നു എതിരാളികൾ ആദ്യ ലോകകപ്പ് ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസ്.
ഇന്ത്യയുടെ ആറാം മത്സരമാണിത്. മഴ ഉപേക്ഷിച്ച മത്സരം ഒഴികെ എല്ലാറ്റിലും വിജയം വിരാട് കൊഹ്‌ലിക്കും കൂട്ടർക്കുമായിരുന്നു. ദക്ഷിണാഫ്രിക്ക, ആസ്ട്രേലിയ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവരാണ് ഇതുവരെ ഇന്ത്യയ്ക്ക് മുന്നിൽ കീഴടങ്ങിയത്. ഇതിൽ അഫ്ഗാനെതിരെ ഒഴിച്ച് ഇന്ത്യയുടെ പ്രകടനം അതീവ മനോഹരമായിരുന്നു. അഫ്ഗാനെതിരായ മത്സരത്തിലെ പിഴവുകൾ തിരുത്താനുള്ള മികച്ച അവസരം കൂടിയാണ് മാഞ്ചസ്റ്ററിൽ ഒരുങ്ങുന്നത്.
ആദ്യ മത്സരത്തിൽ പാകിസ്ഥാനെ 105 റൺസിൽ ആൾ ഔട്ടാക്കിയശേഷം വിജയം നേടിയ വിൻഡീസിന് പിന്നീടിതുവരെ ഒറ്റക്കളിയും ജയിക്കാനായിട്ടില്ല. ആസ്ട്രേലിയ, ഇംഗ്ളണ്ട്, ബംഗ്ളാദേശ്, ന്യൂസിലൻഡ് എന്നിവരോടെല്ലാം അവർ തോറ്റു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരം മഴയെടുത്തു. ആറ് മത്സരത്തിൽ നിന്ന് മൂന്ന് പോയിന്റ് മാത്രമുള്ള വിൻഡീസ് എട്ടാം സ്ഥാനത്താണ്. അഞ്ചു കളികളിൽ നിന്ന് ഒൻപത് പോയിന്റായ ഇന്ത്യ മൂന്നാം സ്ഥാനത്തുണ്ട്.
ലോകകപ്പിന് മുമ്പ് സൂപ്പർ താരങ്ങളായ ക്രിസ് ഗെയ്ൽ, ആന്ദ്രേ റസൽ തുടങ്ങിയവരെയൊക്കെ ടീമിലെടുത്ത് അട്ടിമറി പ്രതീക്ഷകളുമായി വന്ന കരീബിയൻസ് ഇപ്പോൾ ആകെ തകർന്നിരിക്കുകയാണ്. റസലിന് പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയതോടെ ഒരു ചിറക് കൂടി ഒടിഞ്ഞ സ്ഥിതിയായി. 'യൂണിവേഴ്സൽ ബോസ്' എന്ന പ്രഖ്യാപനവുമായി അഞ്ചാം ലോകകപ്പിന് വന്ന ഗെയിലിന് ഇതുവരെ മികവ് കിട്ടാനും കഴിഞ്ഞിട്ടില്ല.
ഭുവി എറിഞ്ഞുതുടങ്ങി, സൈനി ഇംഗ്ളണ്ടിൽ
പാകിസ്ഥാനെതിരായ മത്സരത്തിനിടെ പരിക്കേറ്റ് പിൻമാറിയിരുന്ന ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാർ നെറ്റ്‌സിൽ പന്തെറിഞ്ഞു തുടങ്ങി. ടീം ഫിസിയോ പാട്രിക്ക് ഫർഹത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഭുവനേശ്വറിന്റെ ബൗളിംഗ്. എന്നാൽ വിൻഡീസിനെതിരെ ഭുവി കളിക്കാനിടയില്ല. അഫ്ഗാനെതിരെ കളിച്ച ഷമി തന്നെയാകും വ്യാഴാഴ്ചയും പ്ളേയിംഗ് ഇലവനിലുണ്ടാകുക.
അഫ്ഗാനെതിരെ ഷമി ഹാട്രിക് നേടിയിരുന്നു
അതേ സമയം ലോകകപ്പ് ടീമിന്റെ റിസർവ് പട്ടികയിലുണ്ടായിരുന്ന പേസർ നവ്‌ദീപ് സൈനിയെ ഇന്ത്യ ഇംഗ്ളണ്ടിലെത്തിച്ചിട്ടുണ്ട്. നെറ്റ്‌സിൽ ബൗൾ ചെയ്യാനായാണ് സൈനിയെ ഇംഗ്ളണ്ടിലെത്തിച്ചതെന്നാണ് ബി.സി.സി.ഐ അറിയിച്ചത്.