ലണ്ടനിലെ ലോഡ്സ് ഗ്രൗണ്ടിൽ ഇന്ത്യ ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് കിരീടമുയർത്തിയതിന്റെ 36-ാം വാർഷികമായിരുന്നു ഇന്നലെ. അതേ ഇംഗ്ളണ്ടിൽ മറ്റൊരു ലോകകപ്പ് നടക്കുന്ന വേളയിലാണ് വാർഷിക ദിനം കടന്നു വന്നത്. സോഷ്യൽ മീഡിയയിൽ കൂടി ഓർമ്മക്കപ്പിലെ തീജ്വാലയ്ക്ക് തിളക്കം പകരുകായിരുന്നു ഇന്നലെ ഇന്ത്യൻ ക്രിക്കറ്റ് ലോകം.
ആദ്യ രണ്ട് ലോകകപ്പുകൾ നേടി അനിഷേധ്യരായി മാറിയിരുന്ന വെസ്റ്റ് ഇൻഡീസിനെ ഫൈനലിൽ അട്ടിമറിച്ചാണ് കപിലിന്റെ ചെകുത്താൻമാർ കിരീടം നേടിയത്. ലോഡ്സിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 183 റൺസിന് പുറത്തായപ്പോൾ നിസാരമായി മൂന്നാം ലോക കപ്പുയർത്തുന്നത് സ്വപ്നം കണ്ട വിൻഡീസിന് 140 റൺസിൽ ആൾ ഔട്ടാകേണ്ടിവന്നു. മദൻലാലും മൊഹീന്ദർ അമർനാഥും മൂന്ന് വിക്കറ്റ് വീതം നേടിയാണ് ഇന്ത്യയ്ക്ക് 43 റൺസ് വിജയം നൽകിയത്.
28 വർഷങ്ങൾക്ക് ശേഷം 2011 ൽ ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ച് മഹേന്ദ്രസിംഗ് ധോണിയുടെ ഇന്ത്യ തങ്ങളുടെ രണ്ടാം ഏകദി ലോക കിരീടം നേടിയെടുത്തു.
ജൂൺ 25
ഇന്ത്യൻ ക്രിക്കറ്റിന് മറ്റൊരു താരത്തിൽ ഏറെ പ്രാധാന്യമുള്ള ദിവസമാണ് ജൂൺ 25. ഇന്ത്യൻ ടീം ആദ്യമായി ടെസ്റ്റ് കളിക്കുന്നത് 1932 ജൂൺ 25 നാണ്.
ക്രിക്കറ്റിന്റെ നെറുകയിലേക്ക് ഇന്ത്യയുടെ വളർച്ചയും വെസ്റ്റ് ഇൻഡീസിന്റെ പതനത്തിന്റെയും തുടക്കം 1983 ലോകകപ്പിനായിരുന്നു.
നാളെ ഇന്ത്യയും വെസ്റ്റ് ഇൻഡീസുമായുള്ള മത്സരം നടക്കുന്ന മാഞ്ചസ്റ്ററിലെ ഓൾഡ് ട്രഫോൾഡ് സ്റ്റേഡിയത്തിലാണ് 1983ലെ പ്രാഥമിക റൗണ്ട് മത്സരത്തിൽ ഇന്ത്യ വിൻഡീസിനെ തോൽപ്പിച്ചിരുന്നത്.
1983 ലോകകപ്പിലെ ഞങ്ങളുടെ യാത്രയുടെ തുടക്കം മാഞ്ചസ്റ്ററിൽ നിന്നായിരുന്നു. അവിടെ വിൻഡീസിനെതിരെ നേടിയ വിജയമാണ് എന്തെങ്കിലും ചെയ്യാൻ കഴിയും എന്ന ആത്മ വിശ്വാസം ഞങ്ങൾക്ക് നൽകിയത്. അന്ന് കളിക്കാരനായി ഈ ഗ്രൗണ്ടിലിറങ്ങി. ഇന്ന് കോച്ചായും. കാലം എത്ര മാറിയിരിക്കുന്നു.
രവി ശാസ്ത്രി
ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച്