# ആസ്ട്രേലിയ 64 റൺസിന് ഇംഗ്ളണ്ടിനെ തോൽപ്പിച്ചു
# ആരോൺ ഫിഞ്ചിന് സെഞ്ച്വറി (100)
ലോഡ്സ് : സ്വന്തം നാട്ടുകാർക്ക് മുന്നിൽ ഇൗ ലോകകപ്പിലെ മൂന്നാം തോൽവിയുമായി ഇംഗ്ളണ്ട്. ഇന്നലെ ആസ്ട്രേലിയയോട് 64 റൺസിനായിരുന്നു ഇംഗ്ളണ്ടിന്റെ തോൽവി. വമ്പൻമാരുടെ പോരാട്ടത്തിൽ 286 റൺസിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ളണ്ട് 44.4ഒാവറിൽ 221 റൺസിന് ആൾഒൗട്ടാവുകയായിരുന്നു.പത്തോവറിൽ 44 റൺസ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ പേസർ ജാസൺ ബ്രെൻഡോർഫും നാലുവിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കും ചേർന്നാണ് ഇംഗ്ളീഷ് ബാറ്റിംഗിനെ പിച്ചിച്ചീന്തിയത്.
ഇന്നലെ ലോഡ്‌സിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസീസിനുവേണ്ടി സെഞ്ച്വറി നേടി നായകൻ ആരോൺ ഫിഞ്ചും (100) അർദ്ധ സെഞ്ച്വറി നേടിയ ഡേവിഡ് വാർണറും (53) ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും 300 ന് മുകളിലേക്ക് സ്കോർ ഉയർത്താൻ അവർക്കായില്ല. ഉസ്‌മാൻ ഖ്വാജ (23), സ്റ്റീവൻ സ്മിത്ത് (38), അലക്സ് കാരേയ് (38 നോട്ടൗട്ട്), ഗ്ളെൻ മാക്‌സ്‌വെൽ (12), സ്റ്റോയ്‌നിസ് (8) തുടങ്ങിയവരടങ്ങിയ മദ്ധ്യനിരയ്ക്ക് വമ്പനടികൾക്ക് കഴിയാതെ പോയതാണ് ആസ്ട്രേലിയയെ 285ൽ ഒതുക്കിയത്.
ഓപ്പണിംഗിൽ 22.4 ഓവറിൽ വാർണറും ഫിഞ്ചും ചേർന്ന് നേടിയ 123 റൺസാണ്. പതിയെത്തുടങ്ങി ദ്രുത താളത്തിലേക്കെത്തുന്ന പതിവ് ആസ്ട്രേലിയൻ തന്ത്രത്തിന് ഇന്നലെ വിജയിക്കാൻ കഴിയാതെ പോയത് ക്രിസ്‌വോക്സ് (രണ്ട് വിക്കറ്റ്), ആർച്ചർ, മാർക്ക് വുഡ്, സ്റ്റോക്സ്, മൊയീൻ അലി (ഓരോ വിക്കറ്റ് വീതം) തുടങ്ങിയവരുടെ കൂട്ടായ ബൗളിംഗ് പ്രയത്നം കൊണ്ടാണ്. 33-ാം ഓവറിൽ ഖ്വാജയും 36-ാം ഓവറിൽ ഫിഞ്ചും പുറത്തായശേഷം റൺറേറ്റ് ഉയർത്താൻ അൽപ്പമെങ്കിലും കഴിഞ്ഞത് കാരേയ്ക്കാണ്.
അതേ സമയം 285 റൺസ് തന്നെ ധാരാളം എന്ന മട്ടിലാണ് ഓസീസ് പേസർമാർ തുടക്കത്തിലേ പന്തെറിഞ്ഞത്. ഇന്നിംഗ്സിലെ രണ്ടാം പന്തിൽത്തന്നെ വിൻസിനെ (0) പുറത്താക്കി ബ്രെൻ ഡോർഫ് തുടക്കമിട്ടു. തുടർന്ന് റൂട്ടിനെയും (0) മോർഗനെയും (4) സ്റ്റാർക്ക് മടക്കി അയച്ചു. ഇതോടെ ഇംഗ്ളണ്ട് 26/3 എന്ന നിലയിലായി. 14-ാം ഓവറിൽ ബ്രെൻ ഡോർഫ് ബെയർ സ്റ്റോയെയും (27) പുറത്താക്കിയതോടെ 53/4 എന്ന സ്ഥിതിയായി. തുടർന്ന് ബെൻ സ്റ്റോക്സും (89)ബട്ട്ലറും (25)ചേർന്ന് 100 കടത്തി.ഇരുവരും ചേർന്ന് അഞ്ചാംവിക്കറ്റിൽ കൂട്ടിച്ചേർത്ത 71 റൺസ് ഇംഗ്ളണ്ടിന് വിജയപ്രതീക്ഷയേകിയിരുന്നു.എന്നാൽ 28-ാം ഒാവറിൽ ബട്ട്ലറെ വീഴ്ത്തി സ്റ്റോയ്നിസ് കളിയുടെ ഗതിമാറ്റി. തുടർന്ന് സ്റ്റാർക്കും ബ്രെൻഡോർഫും ചേർന്ന് സ്റ്റോക്സ് , മൊയീൻ അലി (6),വോക്സ് (26),ആർച്ചർ(1),ആദിൽ റഷീദ് (25) എന്നിവരെക്കൂടി പുറത്താക്കി ഇംഗ്ളീഷ് ഇന്നിംഗ്സിന് കർട്ടനിട്ടു. ഇൗ വിജയത്തോടെ ഒാസീസ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ഇംഗ്ളണ്ട് നാലാമതായി.
സ്കോർ ബോർഡ്
ആസ്ട്രേലിയ ബാറ്റിംഗ് : ഫിഞ്ച് സി വോക്സ് ബി ആർച്ചർ 100, വാർണർ സി റൂട്ട് ബി അലി 53, ഖ്വാജ ബി സ്റ്റോക്സ് 23, സ്മിത്ത് സി ആർച്ചർ ബി വോക്സ് 38, മാക്‌സ്‌വെൽ സി ബട്ട്ലർ ബി വുഡ് 12, സ്റ്റോയ്‌നിസ് റൺ ഔട്ട് 8, കാരേയ് നോട്ടൗട്ട് 38, കമ്മിൻസ് സി ബട്ട്ലർ ബി വോക്സ് 1, സ്റ്റാർക്ക് നോട്ടൗട്ട് 4, എക്സ്ട്രാക്സ് 8. ആകെ 50 ഓവറിൽ 285/7
വിക്കറ്റ് വീഴ്ച : 1-123, 2-173, 3-185, 4 - 213, 5-228, 6-250, 7-259,
ബൗളിംഗ് വോക്സ് 10-0-46-2.
ആർച്ചർ 9-0-56-1, വുഡ് 9-0-59-1, സ്റ്റോക്സ് 6-0-29-1, അലി 6-0-42-1, റാഷിദ് 10-0-49-0
ഇംഗ്ളണ്ട് ബാറ്റിംഗ്
ബെയർ സ്റ്റോ സി കമ്മിൻസ് ബി ബ്രെൻഡോർഫ് 27, വിൻസ് ബി ബ്രെൻഡോർഫ് 0, ജോ റൂട്ട് എൽ.ബി.ബി.സ്റ്റാർക്ക് 8, മോർഗൻ സി കമ്മിൻസ ബി സ്റ്റാർക്ക് 4.
500
ഈ ലോകകപ്പിൽ 500 റൺസ് തികയ്ക്കുന്ന ആദ്യ താരായി ഡേവിഡ് വാർണർ. ഏഴ് മത്സരങ്ങളിൽ രണ്ട് സെഞ്ച്വറിയും മൂന്ന് അർദ്ധ സെഞ്ച്വറികളും വാർണർ നേടിക്കഴിഞ്ഞു.
496
റൺവേട്ടയിൽ രണ്ടാം സ്ഥാനത്തേക്ക് ആരോൺ ഫിഞ്ചെത്തി. ഫിഞ്ചിന്റെ രണ്ടാം സെഞ്ച്വറിയായിരുന്നു ഇന്നലത്തേത്. മൂന്ന് അർദ്ധ സെഞ്ച്വറികളും ഫിഞ്ച് നേടിയിട്ടുണ്ട്.
6
ബാറ്റ്‌സ്‌മാൻമാരാണ് ഈ ലോകകപ്പിൽ ഇതുവരെ രണ്ട് സെഞ്ച്വറികൾ വീതം നേടിയത്. (ഫിഞ്ച്, വാർണർ, ഷാക്കിബ്, ജോറൂട്ട്, കേൻ വില്യംസൺ, രോഹിത് ശർമ്മ).
ഓസീസിനെയ സഹായിക്കാൻ അർജുനും
ഇംഗ്ളണ്ടിനെതിരായ മത്സരത്തിന് മുമ്പ് ആസ്ട്രേലിയയുടെ പരിശീലനത്തിൽ നെറ്റ്‌സിൽ പന്തെറിഞ്ഞ് സഹായിക്കാൻ ഇന്ത്യൻ ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജുൻ ടെൻഡുൽക്കറുമുണ്ടായിരുന്നു. നെറ്റ്‌സ് ബൗളറായി മുമ്പും ആസ്ട്രേലിയൻ ടീം അർജുന്റെ സഹായം തേടിയിട്ടുണ്ട്.