jail

തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാജയിലിൽ നിന്നു രണ്ടു തടവുകാർ ജയിൽചാടി. വർക്കല തച്ചോട് അച്യുതൻമുക്ക് സജി വിലാസത്തിൽ സന്ധ്യ, പാങ്ങോട് കല്ലറ കഞ്ഞിനട വെള്ളിയംദേശം തേക്കുംകര പുത്തൻ വീട്ടിൽ ശില്പ എന്നിവരാണ് ജയിൽ ചാടിയത്. പള്ളിക്കൽ, നഗരൂർ പൊലീസ് സ്‌റ്റേഷനുകളിലെ റിമാൻഡ് പ്രതികളാണ് ഇവർ. ഈ മാസമാണ് ഇവർ അട്ടക്കുളങ്ങര ജയിലിലെത്തിയത്. സന്ധ്യ മോഷണക്കേസിലും ശില്പ വഞ്ചനാക്കേസിലും പ്രതികളാണ്. സംസ്ഥാനത്ത് ആദ്യമായാണ് വനിതാ തടവുകാർ ജയിലിൽ നിന്നും രക്ഷപ്പെടുന്നത്. ഇന്നലെ വൈകിട്ട് 4ഓടെ രണ്ടുപേരും കുളിക്കാനായി പോകുന്ന ദൃശ്യങ്ങൾ സിസി ടിവിയിൽ നിന്നും ലഭിച്ചിട്ടുണ്ട്. തടവുകാരെ ജയിലിനുള്ളിലെ ജോലികൾക്കായി സെല്ലിൽ നിന്നും പുറത്തുവിടാറുണ്ട്. ഇന്നലെയും ഇവരടക്കമുള്ളവരെ പുറത്ത് വിട്ടിരുന്നു. നാല് മണിക്ക് ശേഷം തിരികെ സെല്ലിലേക്ക് തടവുകാരെ പ്രവേശിപ്പിക്കുന്ന സമയത്ത് എണ്ണമെടുത്തപ്പോഴാണ് രണ്ടുപേരെ കാണാനില്ലെന്ന് മനസിലാക്കിയത്. ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ്, ഡി.ഐ.ജി സന്തോഷ് കുമാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ജയിലിലെത്തി പരിശോധന നടത്തി. ജയിലിനുള്ളിൽ ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചും പരിശോധന നടത്തി. കൃഷിത്തോട്ടത്തിലെ മുരിങ്ങമരത്തിലൂടെ ഇവർ മതിൽ ചാടുന്ന സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ജയിൽ അധികൃതർ പറഞ്ഞു. പുറത്തിറങ്ങിയ ഇവർ ഒരു ആട്ടോയിൽ കയറിപ്പോകുന്നത് മതിലിന് പിൻവശത്തുള്ള വീടിന്റെ സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇവർക്ക് പുറത്തുനിന്ന് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. ഫോർട്ട് പൊലീസ് കേസെടുത്തു. നഗരത്തിലെ സിസി ടിവികൾ കേന്ദ്രീകരിച്ച് ഷാഡോ പൊലീസും സ്‌പെഷ്യൽ ബ്രാഞ്ചും തെരച്ചിൽ ശക്തമാക്കി. റെയിൽവെ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ഇവരുടെ ഫോട്ടോകൾ നൽകിയതായി സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചു.