വാമനപുരം: വാമനപുരം തിരുവാമനപുരം ക്ഷേത്ര മണ്ഡപത്തിൽ പ്രത്യക്ഷപ്പെട്ട കുഞ്ഞിന്റെ കാൽപ്പാട് കാണാൻ ഭക്തജന പ്രവാഹം. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉള്ളുർ ഗ്രൂപ്പിന്റെ പരിധിയിൽ വരുന്ന പ്രസിദ്ധ ക്ഷേത്രമാണിത്. ഇന്നലെ വൈകിട്ട് നട തുറക്കാനെത്തിയ മേൽശാന്തിയാണ് ഏകദേശം രണ്ട് വയസ് തോന്നിക്കുന്ന കുഞ്ഞിന്റെ കാൽപ്പാടുകൾ കണ്ടത്.
കാൽപ്പാട് രൂപപ്പെട്ടത് ഭക്തരിൽ കൗതുകവും, ജിജ്ഞാസയും ഉളവാക്കി. തുടർന്ന് ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളെ വിവരം അറിയിച്ചു. വിവരം അറിഞ്ഞ് നാടിന്റെ നാനാഭാഗത്തു നിന്നും വൻ ഭക്തജനപ്രവാഹമാണ് ക്ഷേത്തിൽ എത്തുന്നത്. കൽമണ്ഡപത്തിലെ ഗ്രെനൈറ്റിൽ എണ്ണമയത്തിലാണ് കാൽപ്പാട് രൂപപ്പെട്ടിരിക്കുന്നത്. ക്ഷേത്രം അടച്ചാൽ പുറത്തു നിന്നും ആർക്കും അകത്ത് കടക്കാൻ കഴിയുകയില്ലെന്ന് മേൽശാന്തി പറഞ്ഞു. ഭക്തജനപ്രവാഹം മൂലം ഇന്നലെ രാത്രി ഏറെ വൈകിയാണ് ക്ഷേത്രം അടച്ചത്. ഇന്ന് പുലർച്ചെയും നിരവധി ഭക്തജനങ്ങൾ ക്ഷേത്രത്തിലേയ്‌ക്ക് എത്തി കൊണ്ടിരിക്കുകയാണ്.