fire

വെഞ്ഞാറമൂട് : കാത്തിരിപ്പിനൊടുവിൽ വെഞ്ഞാറമൂട് ഫയർസ്റ്റേഷന് സ്വന്തമായി 'ഓഫീസ് കെട്ടിടം" എന്ന സ്വപ്നം യാഥാർത്ഥ്യമായി. സ്ഥലം കൈയോടെ പതിച്ചു കിട്ടി. ഇനി കെട്ടിടം പണിയണം. അതും ഉടൻ നടക്കുമെന്നാണ് സൂചന.

റവന്യൂ വകുപ്പ് കീഴായ്ക്കോണം എറി പാറയിൽ 33 സെന്റ് സ്ഥലം വെഞ്ഞാറമൂട് ഫയർസ്റ്റേഷന് വേണ്ടി പതിച്ച് നൽകി. ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണത്തിനായി മൂന്ന് കോടി രൂപയും വകയിരുത്തി. ഭരണാനുമതി ലഭിച്ചാൽ ഉടൻ ടെൻഡർ നടപടിയിലേക്ക് കടക്കും.

നിലവിൽ വെഞ്ഞാറമൂട് കീഴായ്ക്കോണത്ത് വാടകയ്ക്കെടുത്ത കുടുസുമുറികളിലാണ് ഫയർ സ്റ്റേഷന്റെ പ്രവർത്തനം. ഫയർസ്റ്റേഷന്റെ ദുരവസ്ഥയെക്കുറിച്ച് 'കേരളകൗമുദി' നിരവധി റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ് നടപടി. 'എറണാകുളം പറവൂർ ഫയർസ്റ്റേഷൻ മാതൃക'യിലാകും ഇവിടെയും ഫയർ സ്റ്റേഷൻ നിർമ്മിക്കുക. ഇരുനില കെട്ടിടത്തിന്റെ അടിയിൽ അത്യാധുനിക രീതിയിലുള്ള ഓഫീസും ഗാരേജും സജ്ജീകരിക്കും. മുകളിൽ ജീവനക്കാരുടെ റെസ്റ്റ് റൂം നിർമ്മിക്കാനാണ് പദ്ധതി.

കാര്യങ്ങളിങ്ങനെയാണെങ്കിലും എവിടെയെങ്കിലും തീ പിടിക്കുമ്പോൾ ഫയർ ഫോഴ്‌സിന്റെയുള്ളിലും തീയാണ്. ആവശ്യത്തിന് ജീവനക്കാരും വാഹനങ്ങളുമില്ലാത്തത് ബാധിക്കാത്തവിധം രക്ഷപ്രവർത്തനം കാര്യക്ഷമമാക്കാനുള്ള വെപ്രാളമാണ് ഇവരുടെ ഉള്ളിൽ.

ജീവനക്കാരില്ലാത്തത് പരിമിതി

സ്ഥലവും കെട്ടിടവുമായെങ്കിലും ജീവനക്കാരുടെ കുറവ് ഫയർ സ്റ്റേഷന്റെ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ട്. നിലവിൽ മിനി ഫയർ സ്റ്റേഷനിലെ ജീവനക്കാരുടെ അനുപാതത്തിലാണ് ഇവിടെയും ജീവനക്കാരുള്ളത്. രണ്ട് ഫയർ എൻജിനും ഒരു വാട്ടർ മിസ്റ്റ് വെഹിക്കിളും ഒരു ആംബുലൻസുമാണ് സ്റ്റേഷനിലുള്ളത്. ഒാരോ മാസവും ശരാശരി 35ലധികം ഫോൺ കാളുകൾ സഹായം തേടിയെത്താറുണ്ട്. ഒരേ സമയം ഒന്നിലധികം കാളുകൾ വരുന്ന ദിവസങ്ങളുമുണ്ട്. ഇത്രയും കേസുകൾ അറ്റന്റ് ചെയ്യുവാനുള്ള ജീവനക്കാരില്ലാത്തത് സ്റ്റേഷൻ പ്രവർത്തനത്തെ ബാധിക്കുന്നു.

'പരിധി'യില്ലാത്ത സേവനം

നെടുമങ്ങാട് നിയോജക മണ്ഡലം, വെഞ്ഞാറമൂട്, വട്ടപ്പാറ, കിളിമാനൂർ, പാങ്ങോട്, പാലോട് പൊലീസ് സ്റ്റേഷൻ പരിധികൾ തുടങ്ങിയ വെഞ്ഞാറമൂട് ഫയർ സ്റ്റേഷൻ പരിധിയിൽ വരുന്ന സ്ഥലങ്ങളാണ്. മേഖലയുടെ വ്യാപ്തിക്കനുസരിച്ച് കൂടുതൽ ജീവനക്കാരും വാഹനങ്ങളും അനുവദിച്ച് കിട്ടിയാൽ മാത്രമേ ഫയർസ്റ്റേഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാകൂ.