ഋഷികേശ് മാത്രമേ ഉണ്ടായിരുന്നുള്ളൂ പോലീസ് വാഹനത്തിൽ.
അയാളെ കണ്ട് അപ്പുണ്ണി വൈദ്യർ എഴുന്നേറ്റു.
ഋഷികേശ് ഷൂസ് അഴിച്ചുവച്ച് ഉമ്മറത്തേക്കു കയറി. അതിനിടെ ചുറ്റും ഒന്നു കണ്ണോടിച്ചു.
ഏതാനും രോഗികൾ പുറത്തിരിക്കുന്നതു കണ്ടു. അക്കൂട്ടത്തിൽ സി.ഐ അലിയാരുണ്ടോ?
അതായിരുന്നു നോട്ടത്തിന്റെ പൊരുൾ...
അപ്പുണ്ണി വൈദ്യർക്കു കാര്യം മനസ്സിലായി. കാരണം തലേന്നു രാത്രി തന്നെ ഗ്യാസ് ക്രിമിറ്റോറിയം വാച്ചർ തങ്കപ്പൻ അദ്ദേഹത്തെ ഫോണിൽ വിളിക്കുകയും അവിടെ നിന്ന് ഇറങ്ങിയ ശേഷം ഉണ്ടായ സംഭവങ്ങൾ പറയുകയും ചെയ്തിരുന്നു.
''എന്താ സാറേ പതിവില്ലാതെ ഈ വഴിക്ക് ?"
വൈദ്യരുടെ ചോദ്യം കേട്ടതും ഋഷികേശ് ദൃഷ്ടി മാറ്റി.
''ഈ വഴി വന്നപ്പോൾ ഒന്നു കയറിയെന്നേയുള്ളു. പിന്നെ കുറച്ചുദിവസമായി വൈദ്യരെ ഒന്നു കാണണമെന്ന വിചാരവും ഉണ്ടായിരുന്നു."
''സാറ് ഇരിക്ക്."
അപ്പുണ്ണി വൈദ്യർ കസേരയ്ക്കു നേരെ കൈ ചൂണ്ടി.
സി.ഐ ഋഷികേശ് ഇരുന്നു. പിന്നെ അറിയിച്ചു.
''എന്റെ ഇടത്തെ തോളിന് ഇടയ്ക്കിടെ ഒരു വേദന. കൈ ഉയർത്തി എന്തെങ്കിലും സാധനം എടുക്കുമ്പോഴും പിന്നിലേക്കു കൈ നീട്ടുമ്പോഴും."
വൈദ്യർ തലയാട്ടി.
''നോക്കട്ടെ..."
ഋഷികേശ് കൈ നീട്ടി.
വൈദ്യർ ആ മണിബന്ധത്തിൽ ഒന്നമർത്തിപ്പിടിച്ചു.
അദ്ദേഹത്തിന്റെ കണ്ണുകൾ കുറുകി.
''എന്നെ പരീക്ഷിക്കുകയായിരുന്നു സാറ്. അല്ലേ?"
ഋഷികേശിന്റെ മുഖത്തൊരു വിളർച്ച മിന്നി.
''മനസ്സിലായില്ല..."
''സാറിന് യാതൊരസുഖവുമില്ല. അത് സാറിനും അറിയാം എനിക്കും അറിയാം."
മുഖത്ത് അടിയേറ്റതു പോലെയായി ഋഷികേശ്.
''അല്ല..."
അയാൾ ബാക്കി പറയാൻ സമ്മതിച്ചില്ല അപ്പുണ്ണി വൈദ്യർ.
''സാറേ.. നിങ്ങളുടെ തലമുറയ്ക്ക് ഒരു വിശ്വാസമുണ്ട്. ഈ ആയുർവേദം എന്നൊക്കെ പറയുന്നത് തട്ടിപ്പാണെന്ന്. സാറിനും എന്നെ പരീക്ഷിക്കണം എന്നു തോന്നി. അത്രമാത്രം. ചെറിയൊരു തമാശ...."
വൈദ്യർ ചിരിച്ചു. ഋഷികേശും അതിൽ പങ്കുചേർന്നു.
പെട്ടെന്ന് വൈദ്യന്റെ ഒരു ശിഷ്യൻ കടന്നു വന്നു.
''വൈദ്യരേ... ആ കുഴമ്പ് ഒന്നു നോക്കണം..."
വൈദ്യർ അവനെ നോക്കി കണ്ണിറുക്കി.
''ഞാൻ പറഞ്ഞ വിധമാകുമ്പോൾ അടുപ്പിൽ നിന്നിറക്കിക്കോളൂ."
''ശരി." ശിഷ്യൻ അകത്തു മറഞ്ഞു.
''ഇവിടെ രോഗികളെ കിടത്തി ചികിത്സിക്കുമോ?"
ഋഷികേശിന്റെ ചോദ്യം ഒരു ചൂണ്ടയാണെന്ന് അപ്പുണ്ണിവൈദ്യർക്കു തോന്നി.
അദ്ദേഹം സൂക്ഷിച്ച് മറുപടി പറഞ്ഞു.
''അത്യാവശ്യക്കാരെ മാത്രം."
''മരുന്നുകളൊക്കെ ഇവിടെത്തന്നെയാണോ ഉണ്ടാക്കുന്നത്?"
''അതെ..."
''എനിക്കൊരു ആഗ്രഹമുണ്ട്. എല്ലായിടവും ഒന്നു കണ്ടാൽ കൊള്ളാമെന്ന്."
അത് അടുത്ത ചൂണ്ടയാണെന്ന് വൈദ്യർ തിരിച്ചറിഞ്ഞു.
''അതിനെന്താ. സാറ് വരൂ....."
വൈദ്യർ, സി.ഐയെ അകത്തേക്കു കൂട്ടിക്കൊണ്ടുപോയി.
മരുന്നുണ്ടാക്കുന്ന വിശാലമായ മുറിയിലേക്കാണ് ആദ്യം പോയത്.
അഞ്ചു പുരുഷന്മാർ അവിടെ വിവിധ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നു....
മുറി മുഴുവൻ ആയുർവേദ മരുന്നുകളുടെ സമ്മിശ്ര ഗന്ധം.
നാല് അടുപ്പുകളിൽ ഭീമൻ 'വാർപ്പു'കളിൽ ലേഹ്യവും കുഴമ്പും എണ്ണയുമൊക്കെ പാകമായിക്കൊണ്ടിരിക്കുന്നു.
''ഈ വലിയ പാത്രങ്ങൾ പുറത്തിറക്കി കഴുകാൻ തന്നെ ബുദ്ധിമുട്ടില്ലേ വൈദ്യരേ?"
ഋഷികേശ് ചോദിച്ചു.
''ഇത് അടുപ്പിൽ നിന്ന് ഇറക്കാറേയില്ല. ഇവിടെ വച്ചുതന്നെ കഴുകി തുടച്ചെടുക്കുകയാണ്."
വൈദ്യർ വിശദീകരിച്ചു.
അവർ മറ്റൊരു ഭാഗത്തെത്തി അവിടെയായിരുന്ന അത്യാവശ്യക്കാരായ രോഗികളെ താമസിപ്പിച്ചിരുന്ന മുറികൾ...
ഋഷികേശ് എല്ലായിടത്തും നോക്കി. താൻ പ്രതീക്ഷിച്ചു വന്ന ആളിനെ മാത്രം കണ്ടില്ല.
അപ്പുണ്ണി വൈദ്യൻ ഉള്ളിൽ ചിരിക്കുകയായിരുന്നു.
തന്റെ ശിഷ്യൻ, സി.ഐ അലിയാരെ മാറ്റിക്കഴിഞ്ഞു.
അര മണിക്കൂറോളം എല്ലായിടവും കറങ്ങി നടന്നു കണ്ടിട്ട് ഋഷികേശ് യാത്ര പറഞ്ഞു മുറ്റത്തിറങ്ങി.
ഒരിക്കൽ കൂടി അയാൾ പുറം ഭാഗത്തേക്കൊക്കെ കണ്ണോടിച്ചു.
ബൊലേറോയ്ക്ക് അരുകിൽ വരെ അപ്പുണ്ണി വൈദ്യരും ഋഷികേശിനൊപ്പം ചെന്നു.
പൊടുന്നനെയാണ് വൈദ്യർ അതു കണ്ടത്.
തെക്കുഭാഗത്തു നിൽക്കുന്ന രക്തചന്ദനത്തിനു ചുവട്ടിൽ അലിയാർ...
അയാൾ ഋഷികേശിനും വൈദ്യർക്കും നേരെ നടന്നു വരികയാണ്!
അപ്പുണ്ണി വൈദ്യരുടെ ഹൃദയമിടിപ്പിന്റെ താളം തെറ്റി.
(തുടരും)