kanzi

എല്ലാവരോടും കൂട്ടുകൂടാൻ ഇഷ്‌ടമുള്ള പ്രകൃതക്കാരനാണ് കാൻസി. തീ കൂട്ടി മാർഷ്‌മാലോ (ഒരു തരം പലഹാരം) പൊരിച്ച് കഴിക്കാനും ഓംലറ്റുണ്ടാക്കാനുമൊന്നും കാൻസി ആരുടെയും സഹായം തേടാറില്ല. പാക്മാൻ ഗെയിമാണ് കാൻസിയുടെ മറ്റൊരു ഇഷ്‌ട വിനോദം. ഇതൊക്കെ ചെയ്യുന്ന കാൻസി ആരാണെന്നല്ലേ..? ബൊണോബോ അഥവാ പിഗ്മി ചിമ്പാൻസി ഇനത്തിൽപ്പെട്ട 35 വയസുള്ള ആൾക്കുരങ്ങാണ് കക്ഷി. മനുഷ്യരെ പോലെ ജോലികൾ ചെയ്യാനും മനുഷ്യരുമായി ആശയവിനിമയം നടത്താനും കാൻസിക്ക് കഴിയും. ഓംലറ്റാണ് കാൻസിയുടെ ഫേവറിറ്റ്. ആഹാരം സ്വയം പാകം ചെയ്‌ത് കഴിക്കുന്നതാണ് കാൻസിക്ക് ഏറെ ഇഷ്ടം.

ചുള്ളിക്കമ്പുകൾ ഉപയോഗിച്ച് അടുപ്പുകൂട്ടി കത്തിക്കാനൊക്കെ കാൻസിക്ക് നന്നായി അറിയാം. പൊള്ളലേൽക്കാതിരിക്കാൻ തീയിൽ നിന്നും സ്വയം കാൻസി അകലം പാലിക്കാറുണ്ട്. ഇതിനെല്ലാമുപരി മനുഷ്യരുമായി ആശയവിനിമയം നടത്താൻ സാധിക്കുമെന്നതാണ് കാൻസിയുടെ ഏറ്റവും വലിയ പ്രത്യേകത.

പുതിയ കാര്യങ്ങൾ പഠിക്കാൻ കാൻസിക്ക് മനുഷ്യരെക്കാൾ ഉത്സാഹമാണെന്നാണ് പരിശീലക ഡോ. സ്യൂ സാവേജ് റംബോ പറയുന്നത്. ജോർജിയ യൂണിവേഴ്സ്‌റ്റിയിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലാണ് കാൻസിയെ ആദ്യമായി ഭാഷ പഠിപ്പിക്കാൻ തുടങ്ങിയത്. ലെക്‌സിഗ്രാം എന്ന പ്രത്യേക ഉപകരണത്തിന്റെ സഹായത്താലാണ് കാൻസി ആശയവിനിമയം നടത്തുന്നത്. ആൾക്കുരങ്ങുകളും മറ്റുമായി ആശയവിനിമയം നടത്താൻ ഗവേഷകർ വികസിപ്പിച്ചെടുത്തിട്ടുള്ള ആശയമാണ് ലെക്‌സിഗ്രാം. വളരെ വേഗത്തിൽ തന്നെ മനുഷ്യരുടെ ഭാഷ പഠിച്ച കാൻസിക്ക് 3000ത്തിലധികം ഇംഗ്ലീഷ് പദങ്ങൾ മനസിലാക്കാൻ കഴിയും.

ലെക്‌സിഗ്രാമിലെ ബട്ടണുകൾ അമർത്തിക്കൊണ്ട് 500 ലേറെ വാക്കുകൾ കാൻസിക്ക് ഉപയോഗിക്കാനും കഴിയും. കാൻസി തന്റെ സഹോദരിയായ പാൻബനിഷയുമായും ഇത്തരത്തിൽ ആശയവിനിമയം നടത്താറുണ്ട്. തന്റെ കുക്കിംഗിനു വേണ്ട സാധനങ്ങളെല്ലാം ലെക്‌സിഗ്രാം ഉപയോഗിച്ച് കാൻസി ചോദിച്ചു വാങ്ങാറുണ്ട്. ഇനി പറയൂ, എങ്ങനെയുണ്ട് ഈ കാൻസി. ആളൊരു കെങ്കേമനല്ലേ..!!