തിരുവനന്തപുരം: കയറ്റുമതി ലക്ഷ്യമിട്ട് 500 ഹെക്ടർ സ്ഥലത്ത് വാഴക്കൃഷിയും 50 ഹെക്ടർ സ്ഥലത്ത് പൈനാപ്പിൾ കൃഷിയും ആരംഭിക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ നിയമസഭയെ അറിയിച്ചു.
കേരളത്തിന്റെ ചാങ്ങാലികോടൻ പഴം, മറയൂർ ശർക്കര ഉൾപ്പെടെ 14 ഇനങ്ങൾക്ക് ഭൗമസൂചിക പദവി ലഭിച്ചിട്ടുണ്ട്. ഇതിനുപുറമേ ആറ് ഉത്പന്നങ്ങൾക്കുകൂടി ഭൗമസൂചിക പദവി ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എല്ലാവർക്കും ഉപരിപഠന അവസരം ഒരുക്കാൻ സാധിക്കില്ല

പ്ലസ്ടു യോഗ്യത നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഉപരിപഠന അവസരം ഒരുക്കാൻ സംസ്ഥാനത്തിന് ഇനിയും കഴിഞ്ഞിട്ടില്ലെന്ന് മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. ഈ പോരായ്മയ്ക്ക് പരിഹാരമാണ് സർവകലാശാലകൾ നടത്തുന്ന വിദൂരപഠന കേഴ്‌സുകൾ. പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ് പ്രതിവർഷം ഇവിടങ്ങളിൽനിന്ന് പാസാകുന്നത്. വിദേശരാജ്യങ്ങളിൽ അദ്ധ്യാപക തസ്തികകളിലെ നിയമനങ്ങൾക്ക് ഒഴികെ ഈ വിദൂര ബിരുദം അംഗീകരിച്ചിട്ടുണ്ട്. അദ്ധ്യാപക തസ്തികകളിലും പരിഗണിക്കുന്നതിന് വിദേശരാജ്യങ്ങളിലെ ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടത്തും.

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ സംസ്ഥാനത്ത് ഈ വർഷം മാർച്ച് 31 വരെ 25.43 ലക്ഷം കർഷകർ രജിസ്റ്റർ ചെയ്തു. പരിശോധന പൂർത്തിയാക്കി 11.45 കർഷകരെയാണ് ഒന്നാംഘട്ട ആനൂകൂല്യ വിതരണത്തിന് പരിഗണിച്ചത്. ഇതിൽ ബാങ്ക് പരിശോധന പൂർത്തിയാക്കിയ 9.31 ലക്ഷം പേർക്ക് ആനൂകൂല്യം ലഭിച്ചിട്ടുണ്ട്. 18930 പേർക്ക് ആനൂകൂല്യങ്ങൾ നൽകാൻ കഴിഞ്ഞിട്ടില്ല.

പിഴ ഈടാക്കി

അന്തർസംസ്ഥാന സർവീസ് നടത്തുന്ന ബസുകളിൽ അനധികൃതമായി ചരക്ക് കടത്തിയതുമായി ബന്ധപ്പെട്ട് 262 കേസുകൾ രജിസ്റ്റർ ചെയ്തു.8,49,000 രൂപ പിഴ ഈടാക്കിയിട്ടുണ്ട്.


കാപ്പെക്‌സ് തോട്ടണ്ടി വാങ്ങിയത് കൂടിയ നിരക്കിൽ

സർക്കാർ നിയോഗിച്ച വിലനിർണയ സമിതി പുതുക്കി നിശ്ചയിച്ച വിലയെക്കാൾ കൂടിയ നിരക്കിൽ കാപ്പെക്‌സ് തോട്ടണ്ടി വാങ്ങിയിട്ടുണ്ടെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. കഴിഞ്ഞ മേയ് ആറുമുതൽ 110 രൂപയാണ് പുതുക്കി നിശ്ചയിച്ച വില. എന്നാൽ ഈ തീരുമാനത്തിന് ശേഷം 113.50 നിരക്കിലാണ് കാപ്പെക്‌സ് വാങ്ങിയത്. ഇതിന്റെ കാരണങ്ങൾ അന്വേഷിക്കുന്നുണ്ട്.