തിരുവനന്തപുരം: മലയാള സർവകലാശാലക്കായി ഭൂമി ഏറ്റെടുക്കലിനെച്ചൊല്ലി നിയമസഭയിൽ വാദപ്രതിവാദവും ബഹളവും. ചോദ്യോത്തരവേളയിൽ മുഹമ്മദ് മുഹ്‌സിൻ ഉന്നയിച്ച ചോദ്യത്തിന് മന്ത്രി കെ.ടി ജലീൽ മറുപടി പറയവെയായിരുന്നു ഭരണ- പ്രതിപക്ഷ വാക്‌പോര്.

'ചിലർ കാള പെറ്റെന്ന് കേട്ടപ്പൊഴേ കയറെടുത്തൂ' എന്ന പരാമർശത്തോടെയുള്ള ചോദ്യം തന്നെ പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. കണ്ടൽക്കാടുകളും ചതുപ്പുനിലവും ഉൾപ്പെട്ട 17 ഏക്കർ ഭൂമി യു.ഡി.എഫ് സർക്കാറിന്റെ കാലത്താണ് ഏറ്റെടുക്കാൻ ശ്രമിച്ചതെന്ന് മന്ത്രി കെ.ടി.ജലീൽ ആരോപിച്ചതോടെ പ്രതിപക്ഷാംഗങ്ങൾ എഴുന്നേറ്റു. ചതുപ്പും കണ്ടൽക്കാടും ഉൾപ്പെടുന്ന ഭാഗം ഒഴിവാക്കി 11 ഏക്കർ സ്ഥലം ഏറ്റെടുക്കാനാണ് ഇടതുസർക്കാർ തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കിയതോടെ ബഹളത്തിലേക്ക് വഴിമാറി. യു.ഡി.എഫ് കാലത്ത് സെന്റിന് 1.75 ലക്ഷം രൂപയാണ് നിശ്ചയിച്ചിരുന്നതെങ്കിൽ ഇത് 1.60 ലക്ഷമായി കുറച്ചാണ് ഇപ്പോൾ വാങ്ങുന്നത്. . മുൻ വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദു റബ്ബിന്റെ കാലത്താണ് ഭൂമിയേറ്റെടുക്കലിനുള്ള തീരുമാനമുണ്ടായതെന്നും ജലീൽ പറഞ്ഞു.
അടുത്ത ചോദ്യത്തിനുള്ള ഊഴം അബ്ദു റബ്ബിനായിരുന്നു. യു.ഡി.എഫ് സർക്കാർ ഏറ്റെടുക്കാൻ നിശ്ചയിച്ച ഭൂമി ഒഴിവാക്കി സ്വകാര്യവ്യക്തിയിൽ നിന്ന് വാങ്ങാനാണ് ഈ സർക്കാർ ശ്രമിച്ചതെന്ന് അബ്ദുറബ്ബ് ആരോപിച്ചു. കള്ളം പലവട്ടം പറഞ്ഞാൽ സത്യമാകില്ലെന്ന് മന്ത്രി മനസ്സിലാക്കണം. അന്നത്തെ മന്ത്രിയായ താനോ സ്ഥലം എം.എൽ.എയോ ഇടപെട്ടിട്ടില്ലെന്നും സർവകലാശാല അധികൃതരും കളക്ടറുമാണ് നടപടികൾ സ്വീകരിച്ചതെന്നും അബ്ദുറബ്ബ് വ്യക്തമാക്കി. കഴിഞ്ഞ സർക്കാർ ഏറ്റെടുക്കാൻ ഉദ്ദേശിച്ച സ്ഥലം മാറ്റാൻ ഇടതുസർക്കാർ ശ്രമിച്ചിട്ടില്ലെന്നും അഴിമതി നടന്നിട്ടുണ്ടെങ്കിൽ അത് യു.ഡി.എഫ് സർക്കാരിന്റെ കാലത്താണെന്നും മന്ത്രി ജലീൽ മറുപടി നൽകി.