വെഞ്ഞാറമൂട്: വൃത്തി ഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ചിക്കൻ സ്റ്റാൾ പൂട്ടുവാൻ ആരോഗ്യ വകുപ്പ് അധികൃതർ നോട്ടീസ് നൽകിയിട്ടും തുറന്ന് പ്രവർത്തിക്കുന്നതായി പരാതി. വെഞ്ഞാറമൂട് ആറ്റിങ്ങൽ റോഡിൽ ആര്യാസ് ഹോട്ടലിന് സമീപത്തായി സ്വകാര്യ വ്യക്തി നടത്തി വരുന്ന ചിക്കൻ സ്റ്റാളിനെതിരെയാണ് നാട്ടുകാർ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. യാതൊരു മാലിന്യ സംസ്കരണ സംവിധാനങ്ങളുമില്ലാതെ പ്രവർത്തിച്ചു വരുന്ന ഈ ചിക്കൻ സ്റ്റാൾ പരിസരവാസികൾക്ക് ഏറെ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും, സാംക്രമിക രോഗങ്ങൾ പകരാൻ ഇതു കാരണമാകുമെന്നും ദുർഗന്ധം മൂലം പരിസരവാസികൾ ദുരവസ്ഥയിലാണെന്നും കാണിച്ച് നാട്ടുകാർ ആരോഗ്യ വകുപ്പ് അധികതർക്ക് പരാതി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തുകയും യാതൊരു വിധ മാലിന്യ സംസ്കരണ സംവിധാനവുമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഇത് അടച്ചു പൂട്ടണമെന്ന് കഴിഞ്ഞ 14ന് രേഖാമൂലം നോട്ടീസും നൽകിയിരുന്നു. എന്നാൽ തുടർന്നും സ്ഥാപനം തുറന്ന് പ്രവർത്തിക്കുന്നതായി ഇവർ പറയുന്നു, അടിയന്തരമായി അധികൃതർ ഇടപെട്ട് ഈ സ്ഥാപനം അടച്ചു പൂട്ടുകയോ, മാലിന്യ സംസ്കരണ സംവിധാനം ഒരുക്കുന്നതിനോ വേണ്ട നടപടി സ്വീകരിക്കുകയോ ചെയ്യണമെന്ന് നാട്ടുകാർ പറയുന്നു.