ആരോഗ്യരംഗത്ത് കേരളത്തിന്റെ നേട്ടങ്ങൾ എക്കാലവും പ്രകീർത്തിക്കപ്പെടാറുണ്ട്. നീതി ആയോഗിന്റെ ഏറ്റവും ഒടുവിലത്തെ അവലോകന റിപ്പോർട്ടിലും കേരളം തന്നെയാണ് ഒന്നാം സ്ഥാനത്തുനിൽക്കുന്നത്. മലയാളികൾക്കും സംസ്ഥാന സർക്കാരിനും അഭിമാനം പകരുന്ന വാർത്തയാണിത്. ആരോഗ്യ സൂചികയിൽ കേരളം പ്രഥമ സ്ഥാനത്തെത്തിയതിന് പിന്നിൽ ഒട്ടേറെ അനുകൂല ഘടകങ്ങളുണ്ട്. ആരോഗ്യരംഗത്തെന്നപോലെ സാക്ഷരതയിലും വിദ്യാഭ്യാസത്തിലും സംസ്ഥാനം എന്നും മുൻപന്തിയിലാണ്. രോഗങ്ങളെക്കുറിച്ചും ചികിത്സാ സൗകര്യങ്ങളെക്കുറിച്ചും മലയാളികൾ ഏറെ ബോധവാന്മാരുമാണ്. രോഗപ്രതിരോധ കാര്യങ്ങളിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെയുള്ളവർ ഏറെ ദീർഘവീക്ഷണം പുലർത്തുന്നവരാണ്. പൊതുജനാരോഗ്യമേഖലയിൽ സർക്കാരിന്റെ ഉയർന്ന നിക്ഷേപം ഏറ്റവും കുറഞ്ഞ ചെലവിൽ ജനങ്ങൾക്ക് ചികിത്സാസൗകര്യങ്ങൾ ഉറപ്പാക്കുന്നു. നാട്ടിൻപുറങ്ങളിൽ പോലും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളുള്ളതിനാൽ രോഗം പിടിപെട്ടാൽ ആരും ചികിത്സിക്കപ്പെടാതെ പോകുന്നില്ല. മറ്റുപല സംസ്ഥാനങ്ങളിലും നവജാത ശിശുക്കളുടെ മരണനിരക്ക് ഉയർന്നു നിൽക്കുമ്പോൾ കേരളത്തിൽ ദേശീയ ശരാശരിയിലും എത്രയോ താഴെയാണത്. പ്രസവത്തോടനുബന്ധിച്ചുള്ള മാതൃമരണ നിരക്കും ഏറ്റവും കുറവ് കേരളത്തിലാണെന്ന് സ്ഥിതിവിവരങ്ങളിൽ കാണാം.
ജനങ്ങളുടെ ആരോഗ്യമാണ് ഏതൊരു രാഷ്ട്രത്തിന്റെയും ഏറ്റവും വലിയ മൂലധനമെന്ന് പറയാറുണ്ട്. അതുവച്ചു നോക്കുമ്പോൾ കേരളം ഇതര സംസ്ഥാനങ്ങൾക്കെല്ലാം മാതൃകയാണ്. സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ രംഗങ്ങളിൽ സംസ്ഥാനം നേടിയിട്ടുള്ള പുരോഗതിയുടെ പ്രതിഫലനം ആരോഗ്യ മേഖലയിലും കാണാം. 'ആരോഗ്യമുള്ള സംസ്ഥാനങ്ങൾ, പുരോഗമന ഇന്ത്യ" എന്ന പേരിൽ നീതി ആയോഗ് പ്രസിദ്ധീകരിച്ച സമഗ്ര ആരോഗ്യസൂചികാ റിപ്പോർട്ടിലാണ് കേരളം ഇക്കഴിഞ്ഞ വർഷവും ആരോഗ്യരംഗത്ത് പ്രഥമസ്ഥാനം നിലനിറുത്തിയ വിവരം ഉൾക്കൊള്ളിച്ചിരിക്കുന്നത്. ആരോഗ്യരംഗവുമായി ബന്ധപ്പെട്ട 23 മാനദണ്ഡങ്ങൾ പരിശോധിച്ചാണ് സംസ്ഥാനങ്ങളുടെ റാങ്ക് നിശ്ചയിച്ചത്.
കേരളത്തിനു പിന്നിൽ ആന്ധ്രയും മഹാരാഷ്ട്രയുമാണ് ആരോഗ്യമേഖലയിൽ കൂടുതൽ മികവോടെ നിൽക്കുന്നത്. ഏറ്റവും പിന്നിൽ ഉത്തർപ്രദേശ്, ഒഡീഷ, ബീഹാർ എന്നീ സംസ്ഥാനങ്ങളാണ്. പിന്നാക്കാവസ്ഥയിൽ കഴിയുന്ന ഇൗ മൂന്ന് സംസ്ഥാനങ്ങളിലെ ഭൂരിപക്ഷം ഗ്രാമങ്ങളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾപോലും ഇല്ല. അക്ഷരാഭ്യാസമോ മതിയായ ജീവിത സൗകര്യങ്ങളോ ഇല്ലാത്ത ഇൗ സംസ്ഥാനങ്ങളിലെ പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സാസൗകര്യങ്ങൾ ഇന്നും വിദൂരസ്വപ്നം മാത്രമാണ്. ജാതീയമായ വേർതിരിവുകളും സാമ്പത്തിക അസമത്വങ്ങളും വിവേചനവുമൊക്കെ കാരണം ആശുപത്രികളുണ്ടെങ്കിൽപോലും പാവങ്ങൾക്ക് നല്ല ചികിത്സ ലഭിക്കാതെ പോകുന്ന സ്ഥിതിയുമുണ്ട്. ബീഹാറിലെ മിർസാപ്പൂരിൽ പടർന്നുപിടിച്ച മസ്തിഷ്ക ജ്വരവും ചികിത്സ ലഭിക്കാതെ പിഞ്ചുകുഞ്ഞുങ്ങൾ കൂട്ടത്തോടെ മരണമടയുന്നതും സമീപ ദിവസങ്ങളിൽ രാജ്യത്തെ ഞെട്ടിച്ച സംഭവമാണ്. ഉത്തരേന്ത്യയിലെ പല വലിയ സംസ്ഥാനങ്ങളിലെയും സ്ഥിതി ഇതുതന്നെയാണ്. നവജാതശിശുക്കളടക്കമുള്ള അനവധി കുട്ടികളുടെ അകാലമരണത്തിന്റെ ശാപം പേറി നിൽക്കുന്നവയാണ് യു.പിയും ഒഡീഷയും അടക്കമുള്ള സംസ്ഥാനങ്ങൾ.
എല്ലാത്തരം ചികിത്സാ പദ്ധതികൾക്കും ഉറച്ച അടിത്തറ സൃഷ്ടിക്കാൻ കഴിഞ്ഞുവെന്നതാണ് കേരളത്തിന്റെ ആരോഗ്യമികവിന് പ്രധാന കാരണം. രോഗലക്ഷണം കാണുന്ന മാത്രയിൽ ചികിത്സ തേടുന്ന സ്വഭാവക്കാരായതിനാൽ സ്ഥിതി കൈവിട്ടുപോകാനിടയാകുന്നുമില്ല. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ, മെഡിക്കൽ കോളേജ് ആശുപത്രികൾ എന്നിങ്ങനെ സുസ്ഥിരമായ ഘടനയിലധിഷ്ഠിതമാണ് സർക്കാർ മേഖലയിലെ ചികിത്സാ സൗകര്യങ്ങൾ. ഇവകൂടാതെ സ്വകാര്യ മേഖലയിൽ സൂപ്പർ സ്പെഷ്യാലിറ്റി കേന്ദ്രമുൾപ്പെടെ എണ്ണമറ്റ ആശുപത്രികൾ പ്രവർത്തിക്കുന്നുണ്ട്. കൈയെത്തും ദൂരത്ത് വൈദ്യസഹായം ലഭിക്കുന്നതാണ് കേരളത്തിലെ മറ്റൊരു സവിശേഷത. ഏത് സർക്കാർ അധികാരത്തിൽ വന്നാലും ആരോഗ്യമേഖലയുടെ വികസനത്തിന് ഏറ്റവുമധികം പ്രാധാന്യം ലഭിക്കാറുണ്ടെന്നത് വലിയ അനുഗ്രഹമാണ്. ഇതിനിടയിലും സർക്കാർ ആശുപത്രികളിലെ അപര്യാപ്തകളെക്കുറിച്ച് പരാതികൾ ഉയരാറുണ്ടെങ്കിലും പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും എപ്പോഴും ആശ്രയം ഇൗ ആശുപത്രികൾതന്നെയാണ്. ചികിത്സാരംഗത്ത് നൂതനമായ ഒട്ടേറെ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിൽ ആരോഗ്യവകുപ്പുമന്ത്രിമാർ കാണിക്കാറുള്ള ശുഷ്കാന്തിയും അർപ്പണബോധവും എടുത്തുപറയേണ്ടതുതന്നെയാണ്. സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്തിന്റെ അഭിവൃദ്ധിക്ക് ഇവർ ചെയ്ത സേവനങ്ങൾ കൃതജ്ഞതയോടെതന്നെ കാണണം. ഇക്കൂട്ടത്തിൽ ഇപ്പോഴത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ സേവനം പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു. സർക്കാർ ആശുപത്രികളുടെയും മെഡിക്കൽ കോളേജുകളുടെയും നവീകരണത്തിനും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ നിലവാരം ഉയർത്തുന്നതിനും അവർ കൈക്കൊണ്ട നടപടികൾ ശ്ളാഘനീയമാണ്. രണ്ടുതവണയായി വന്ന് സംസ്ഥാനത്തെ ഒന്നടങ്കം വല്ലാതെ പേടിപ്പിച്ച 'നിപ" എന്ന കൊടുംഭീകരനെ നിയന്ത്രണത്തിലാക്കാനുള്ള മഹായജ്ഞത്തിന് നേരിട്ട് ചുക്കാൻ പിടിച്ചതിലൂടെ സംസ്ഥാനത്തിന്റെ ഒന്നടങ്കം കൃതജ്ഞത നേടാനും ആരോഗ്യമന്ത്രിക്ക് കഴിഞ്ഞു. കരുണയും സഹായവും ആവശ്യമായ നിരാലംബരെ സഹായിക്കുന്ന കാര്യത്തിലും മാതൃകാപരമായ ഒട്ടേറെ നടപടികൾ കൈക്കൊള്ളാൻ അവർ താത്പര്യം കാട്ടിയെന്നത് ചെറിയ കാര്യമൊന്നുമല്ല.
ആരോഗ്യരംഗത്തെ പെരുമ നിലനിറുത്താൻ കേരളത്തിന് തുടർന്നും സാധിക്കണം. അതിന് ആശുപത്രികൾ കൂടുതലായി ഉണ്ടാകണം. നിലവിലുള്ളവയിൽ ചികിത്സാസൗകര്യങ്ങൾ പരമാവധി വർദ്ധിപ്പിക്കണം. കൂടുതൽ ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും നിയമിക്കപ്പെടണം. സർക്കാർ മേഖലയിൽ കൂടുതൽ മെഡിക്കൽ കോളേജുകളും പുതുതായി ഉണ്ടാകണം. ആരോഗ്യമേഖലയ്ക്കുള്ള ബഡ്ജറ്റ് വിഹിതം ഗണ്യമായി ഉയർത്തുകയും വേണം.