തിരുവനന്തപുരം: സുരക്ഷാപഴുതുകൾ നിറഞ്ഞ, കാലപ്പഴക്കമേറിയ തലസ്ഥാനത്തെ ജയിലുകളിൽ നിന്ന് കൂടുതൽ തടവുകാർ രക്ഷപ്പെടാത്തത് ഉദ്യോഗസ്ഥരുടെ ഭാഗ്യം കൊണ്ടുമാത്രം. ഏഴുപേരുടെ ജീവനെടുത്തതിന് തൂക്കുകയർ കിട്ടിയ കൊടും കുറ്റവാളി റിപ്പർ ജയാനന്ദനടക്കം പത്തുപേർ വധശിക്ഷ കാത്തുകഴിയുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ജയിലായ പൂജപ്പുരയിൽ പോലും വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ പഴുതുകളടയ്ക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഫണ്ടിന്റെ അപര്യാപ്തതയും ഉദ്യോഗസ്ഥരുടെ താത്പര്യക്കുറവും കാരണം ജയിലുകളിലെ സുരക്ഷാപ്പഴുതുകൾ കൂടുകയാണ്. സമാനമായ പഴുതുകൾ മുതലെടുത്താണ് അട്ടക്കുളങ്ങരയിൽ നിന്ന് രണ്ട് വനിതാ തടവുകാർ രക്ഷപ്പെട്ടത്. തലസ്ഥാനത്തെ മറ്റ് ജയിലുകളിലും സുരക്ഷാപഴുതുകളേറെയാണ്.
130 വർഷം പഴക്കമുള്ള പൂജപ്പുര സെൻട്രൽ ജയിലിലെ സുരക്ഷാസംവിധാനങ്ങൾ പഴുതുകൾ നിറഞ്ഞതാണെന്ന് മുൻ ജയിൽമേധാവി അനിൽകാന്തും പിന്നീട് ആഭ്യന്തരസെക്രട്ടറിയുടെ അവലോകനത്തിലും കണ്ടെത്തിയിരുന്നു. സെല്ലുകളിലും ജയിൽ വളപ്പിലുമെല്ലാം നിരീക്ഷണത്തിനുള്ള 88 കാമറകളിൽ പ്രവർത്തിക്കുന്നത് എട്ടെണ്ണം മാത്രം. തടവുകാർ ഉപ്പിട്ട് കാമറ കേടാക്കുകയാണ്. യു.പി.എസ് ഇടയ്ക്കിടെ പ്രവർത്തിക്കില്ല. മിക്കയിടത്തും തടവുകാരെ നിരീക്ഷിക്കാനുള്ള കാമറകൾ പ്രവർത്തിക്കുന്നില്ല. കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ റെക്കാഡ് ചെയ്യാൻ സംവിധാനമുണ്ടെങ്കിലും നിരീക്ഷണത്തിന് കൺട്രോൾ റൂമോ ജീവനക്കാരോ ഇല്ല. തടവുകാർ തടവുചാടുകയോ രക്ഷപ്പെടാൻ ശ്രമിക്കുകയോ ചെയ്യുന്നത് കാമറയിൽ പതിഞ്ഞാലും ഒന്നും ചെയ്യാനാവില്ലെന്ന് സാരം. ആറുലക്ഷം രൂപയുണ്ടെങ്കിൽ കാമറകളുടെ അറ്റകുറ്റപ്പണി നടത്താവുന്നതേയുള്ളൂ. 69 ഏക്കർ വിസ്തൃതിയുള്ള ജയിൽവളപ്പ് സന്ധ്യയായാൽ ഇരുൾമൂടും. ജയിൽ കെട്ടിടത്തിലും സെല്ലുകളിലും മാത്രമാണ് വെളിച്ചമുള്ളത്. ജയിൽബ്ലോക്കുകളിലെ കേടായിക്കിടന്ന വിളക്കുകൾ ജയിൽ സൂപ്രണ്ടിന്റെ ഫണ്ടുപയോഗിച്ച് അറ്റകുറ്റപ്പണി നടത്തിയെങ്കിലും ബ്ലോക്കുകൾക്ക് പുറത്ത് ജയിൽവളപ്പിൽ വെളിച്ചമെത്തിയിട്ടില്ല. കൊല്ലത്തെ യുണൈറ്റഡ് ഇലക്ട്രിക്കൽസിൽ നിന്ന് ഗുണനിലവാരം കൂടിയ എൽ.ഇ.ഡി വിളക്കുകൾ വാങ്ങി ജയിൽവളപ്പിലുടനീളം സ്ഥാപിക്കാനുള്ള അഞ്ചുലക്ഷം രൂപയുടെ പദ്ധതി ജയിൽവകുപ്പ്, സർക്കാരിലേക്ക് അയച്ചിട്ടുണ്ട്. ജയിലിലെ 13ബ്ലോക്കുകളിൽ ഏഴിടത്തുമാത്രമേ നിരീക്ഷണകാമറകളുള്ളൂ. മറ്റു ബ്ലോക്കുകളിലേക്ക് കാമറാനിരീക്ഷണം വ്യാപിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ദേഹപരിശോധനയ്ക്ക് സ്കാനറോ എക്സ്റേ സംവിധാനമോ ഇല്ലെന്ന പഴുതുപയോഗിച്ച് തടവുകാർ സ്മാർട്ട്ഫോണുകളും ബാറ്ററികളും ഹെഡ്ഫോണുകളും ശരീരത്തിലൊളിപ്പിച്ച് ജയിലിലേക്ക് കടത്തുന്നതും പതിവാണ്.
സെൻട്രൽ ജയിൽ മതിലിന്റെ ഉയരം 22അടിയാക്കി അതിനുമുകളിൽ മൂന്ന് അടി ഉയരത്തിൽ വൈദ്യുതിവേലി സ്ഥാപിച്ച് 24മണിക്കൂറും വൈദ്യുതി പ്രവഹിപ്പിക്കുന്നുണ്ട്. പക്ഷേ, കാലപ്പഴക്കം കാരണം മതിലിന് ബലക്ഷയമുണ്ടായിട്ടുണ്ട്. 130വർഷം മുൻപ് കുമ്മായവും ചുടുകട്ടയും ചേർത്തുണ്ടാക്കിയ മതിലിനടുത്ത് ഓടകളും ഡ്രെയിനേജുമുണ്ട്. മിക്കയിടത്തും പ്ലാസ്റ്ററിംഗ് ഇളകിയത് പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപ്പണി നടത്തുന്നുണ്ട്. എലികളും മറ്റും തുരക്കുന്നതും പതിവാണ്. ഒന്നരക്കോടി ചെലവിട്ട് ജയിലിന്റെ മതിലുകൾ ബലപ്പെടുത്താൻ ആഭ്യന്തരവകുപ്പ് അനുമതി നൽകിയിട്ടുണ്ട്. തുറന്ന ജയിൽ, ജില്ലാ ജയിൽ എന്നിവയെല്ലാം ചേർന്ന സെൻട്രൽ ജയിൽ വളപ്പിൽ സന്ദർശകർക്ക് ഒരു നിയന്ത്രണവുമില്ലാത്തതും പ്രശ്നമായിരുന്നു. പ്രധാനഗേറ്റ് കടന്നുകിട്ടിയാൽ വാഹനത്തിൽ ജയിൽവളപ്പിലൂടെ തലങ്ങും വിലങ്ങും പോകാമെന്നതായിരുന്നു സ്ഥിതി. സന്ദർശകരായെത്തുന്നവർ തടവുകാർക്ക് ലഹരിവസ്തുക്കളും മൂർച്ചയുള്ള വസ്തുക്കളും കൈമാറുന്നുണ്ടെന്ന് ജയിൽ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. എല്ലാ വാഹനങ്ങളും പരിശോധിച്ച ശേഷം ജയിൽവളപ്പിനുള്ളിൽ പ്രവേശിപ്പിച്ചാൽ മതിയെന്ന് ജയിൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അന്യവാഹനങ്ങൾ കടക്കുന്നത് പരമാവധി തടയും. അനാവശ്യമായെത്തുന്ന സന്ദർശകരെയും നിയന്ത്രിക്കും.
റിപ്പറിന്റെ ചാട്ടം
സെൻട്രൽ ജയിലിലെ സുരക്ഷാപഴുത് മുതലെടുത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കൊടുംകുറ്റവാളി റിപ്പർ ജയാനന്ദൻ 2010ജൂണിൽ കണ്ണൂരിൽ നിന്നും 2013ജൂണിൽ പൂജപ്പുരയിൽ നിന്നും കടന്നുകളഞ്ഞിരുന്നു. സഹതടവുകാരനായ ഊപ്പ പ്രകാശിനൊപ്പം മുണ്ടുകൾ കൂട്ടിക്കെട്ടി ജയിൽവളപ്പിൽ കൃഷിചെയ്തിരുന്ന വാഴയുടെ ഊന്നുകമ്പുകൾ ഉപയോഗിച്ചായിരുന്നു തടവുചാട്ടം. ഈ സംഭവങ്ങൾക്കുശേഷം സെൻട്രൽജയിൽ മതിലിന്റെ ഉയരം 22അടിയാക്കി. അതിനുമുകളിലായി മൂന്ന്അടി ഉയരത്തിൽ വൈദ്യുതിവേലി സ്ഥാപിച്ചു.
ജാമറുകൾ വരും, ഫോൺവിളി നിലയ്ക്കും
ജയിലിനുള്ളിൽ നിന്ന് തടവുകാർ മൊബൈൽഫോണിൽ പുറത്തേക്ക് വിളിക്കുന്നത് തടയാൻ മൊബൈൽ ജാമറുകൾ സ്ഥാപിക്കാനുള്ള പദ്ധതി സർക്കാരിന്റെ പരിഗണനയിലാണ്. എല്ലാ സേവനദാതാക്കളുടെയും 4ജി വരെയുള്ള സേവനങ്ങൾ തടയാൻ ശക്തിയേറിയ ജാമറുകൾ സ്ഥാപിക്കാൻ അനുമതിയും സാങ്കേതിക സഹായവും കേന്ദ്രടെലികോം മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫോൺവിളിക്കാനുള്ള 2ജി സേവനത്തിനു പുറമേ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള 4ജിയും തടയും. ജാമറുകൾ സ്ഥാപിക്കുന്നതോടെ ജയിൽ ജീവനക്കാർക്ക് എസ്.എം.എസ് സംവിധാനവും വ്യക്തതയുള്ള സിഗ്നലുകളുമുള്ള അത്യാധുനിക ടെട്രാ-വയർലെസ് നൽകും. ദൂരപരിധി കുറവായ ടെട്രാവയർലെസിന്റെ സിഗ്നലുകൾ ചോർത്താനാവില്ല. 69ഏക്കർ വിസ്തൃതിയിൽ 13ബ്ലോക്കുകളുള്ള സെൻട്രൽ ജയിലുകളിൽ മൊബൈൽഫോണിലൂടെയാണ് സുരക്ഷാജീവനക്കാർ ഇപ്പോൾ ആശയവിനിമയം നടത്തുന്നത്. ചില ജീവനക്കാർ സ്വന്തം മൊബൈൽഫോൺ തടവുകാർക്ക് വിളിക്കാനായി കൈമാറുന്നതും ജാമർ സ്ഥാപിക്കുന്നതോടെ അവസാനിക്കും.
തലസ്ഥാനത്തെ ജയിലുകൾ
സെൻട്രൽ ജയിൽ, പൂജപ്പുര
വനിതാ ജയിൽ, അട്ടക്കുളങ്ങര
സ്പെഷ്യൽ സബ് ജയിൽ, കുഞ്ചാലുംമൂട്
ജില്ലാ ജയിൽ, പൂജപ്പുര
ഓപ്പൺ വനിതാജയിൽ, പൂജപ്പുര
സ്പെഷ്യൽ സബ് ജയിൽ, നെയ്യാറ്റിൻകര
തുറന്ന ജയിൽ, നെട്ടുകാൽത്തേരി
സബ് ജയിൽ, ആറ്റിങ്ങൽ