niyamasabha

മന്ത്രി കെ.ടി. ജലീലിന് ഉന്നത വിദ്യാഭ്യാസവകുപ്പിനെക്കാൾ ലീഗിനെ കുറ്റം പറയൽ വകുപ്പ് നൽകുന്നതായിരുന്നു ഉചിതമെന്ന ഉറച്ച നിലപാടിലാണ് സി. മമ്മൂട്ടി. സ്വന്തം ചരിത്രം മാത്രമറിയാവുന്ന ആളിൽ നിന്ന് ലീഗിന്റെ ചരിത്രം പഠിക്കാൻ സി.പി.എമ്മുകാർ ശ്രമിക്കരുത് എന്ന വിലപ്പെട്ട മുന്നറിയിപ്പാകട്ടെ പി. ഉബൈദുള്ള വകയും. ചുവപ്പിനെ കാണുന്ന കാളയെ എന്നപോലെ ലീഗ് വിട്ട് സി.പി.എമ്മിൽ ചേക്കേറിയ ജലീലിനെ കാണുന്ന ലീഗുകാരുടെ മാനസികാവസ്ഥ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. എന്നാൽ, തിരൂർ മലയാളം സർവകലാശാലാ ഭൂമിയിടപാടിലേക്ക് കടന്ന മമ്മൂട്ടി 'കടുംകൈ'യ്ക്ക് മുതിരുമെന്ന് ജലീലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

മലയാളം സർവകലാശാലയ്ക്ക് നാലരയേക്കർ തണ്ണീർത്തടം ഈ സർക്കാർ വന്നശേഷം 1.60 ലക്ഷം രൂപ വില നൽകിയേറ്റെടുത്ത് നികത്തിയെന്ന് മമ്മൂട്ടി തീർത്തു പറയുന്നു. താനീ പറയുന്നത് ശരിയല്ലെങ്കിൽ എം.എൽ.എ സ്ഥാനം ഒഴിയാമെന്ന് വെല്ലുവിളിച്ചു. തിരിച്ചായാൽ മന്ത്രി രാജിവയ്ക്കുമോയെന്നും ചോദിച്ചു. യു.ഡി.എഫ് കാലത്ത് തരംമാറ്റി വാങ്ങാൻ നിശ്ചയിച്ച ഭൂമിയേ വാങ്ങിയുള്ളൂ എന്ന് കഴിഞ്ഞദിവസം വി.ടി. ബൽറാമിനോട് നിസഹായനായ ജലീൽ, ഇന്നലെ മമ്മൂട്ടിയുടെ വെല്ലുവിളിയേറ്റെടുക്കാനൊന്നും മുതിർന്നില്ല.

തദ്ദേശഭരണമന്ത്രി എ.സി. മൊയ്തീൻ അഞ്ച് മിനിട്ടിൽ ആറ് ചോദ്യങ്ങൾക്ക് ഉത്തരം നൽകിയത് കണ്ട സ്പീക്കർ ശ്രീരാമകൃഷ്ണന് വേണമെങ്കിൽ ചക്ക വേരിലും കായ്ക്കുമെന്നുറപ്പായിരുന്നു. സീറോ അവർ എന്നാൽ സീറോ അവേഴ്സ് എന്നല്ല എന്നും സ്പീക്കർ ഓർമ്മിപ്പിച്ചതിനാൽ അടിയന്തരപ്രമേയാവതരണവും പ്രതിപക്ഷ വാക്കൗട്ടുമെല്ലാം അരമണിക്കൂറിലൊതുങ്ങുന്ന അദ്ഭുതം സംഭവിച്ചു! ശൂന്യവേളയ്ക്ക് ശേഷം കാര്യങ്ങൾ തഥൈവയായെങ്കിലും.

പീരുമേട് കോലാഹലമേട് രാജ്കുമാറിന്റെ കസ്റ്റഡിമരണത്തിന് അനുമതി തേടി സംസാരിച്ച പി.ടി. തോമസ് വച്ച കണക്ക് പ്രകാരം മരിച്ചയാൾ കസ്റ്റഡിയിൽ കിടന്നത് 105 മണിക്കൂറും 30 മിനിട്ടുമാണ്. അടിയന്തരാവസ്ഥയുടെ ഓർമ്മദിനത്തിൽ തന്നെ കസ്റ്റഡിമരണത്തിന് മറുപടി പറയേണ്ടിവന്നതിലെ വിധിവൈപരീത്യം ആലോചിച്ച് മുഖ്യമന്ത്രി ചിന്താമഗ്നനായി.

കൃഷി, ജലസേചന വകുപ്പുകളുടേതാണ് ധനാഭ്യർത്ഥന. വാട്ടർഅതോറിട്ടിയുടെ പൈപ്പ് തുറന്നാൽ ഭീകരശബ്ദവും നേർത്ത കാറ്റുമേയുള്ളൂവെന്ന് അനൂപ് ജേക്കബ് കുറ്റപ്പെടുത്തി. മുണ്ടും മടക്കിക്കുത്തി പാടത്തിറങ്ങി ഓരോ കൃഷിക്കാരന്റെയും മനസറി‌ഞ്ഞ് പ്രവർത്തിക്കുന്ന കൃഷിമന്ത്രിയെ തിരിച്ചറിയണമെന്ന് ഗീതാ ഗോപി ആവേശത്തോടെ ആഹ്വാനം ചെയ്തു. കഴിഞ്ഞ ഭരണകാലത്ത് മുണ്ട് മടക്കിക്കുത്തി ചെയറുകൾ ചാടിക്കടന്ന കൃഷിമന്ത്രിയെ ഓർക്കുന്നുണ്ടോയെന്ന് ചോദിച്ച കെ. ബാബു നിഷ്കളങ്കനാണെന്ന് ബോദ്ധ്യമായി. അങ്ങനെ ചാടിക്കടന്നത് കൃഷിമന്ത്രിയായിരുന്നില്ലെന്നതും കാൽ 'മേശപ്പുറത്ത്' വച്ച കൃഷിമന്ത്രി ഇന്ന് ഇടതുപക്ഷത്താണെന്നും അന്ന് സഭയിലില്ലാതിരുന്ന ബാബു ഓർത്തില്ല.

കൃഷീവലനായ പി.ജെ. ജോസഫിന് സഭയിലിപ്പോൾ സവിശേഷസ്ഥാനമാണ്. മന്ത്രിമാരടക്കം അത്യുത്സാഹത്തോടെയാണ് അദ്ദേഹത്തിന്റെ കാർഷികപഠനക്ലാസിൽ പങ്കെടുക്കുന്നത്. ഫുക്കുവോക്കയുടെ ഒറ്റവൈക്കോൽവിപ്ലവത്തെ വരെ കൂട്ടുപിടിച്ച് ജൈവകൃഷിയെപ്പറ്റി സവിസ്തരം ക്ലാസെടുത്ത് ജോസഫ് 24 മിനിട്ടെടുത്ത് ഒരുവിധം നിറുത്തി. ഐ.ബി. സതീഷിന് സ്വന്തം കാട്ടാക്കടയിലെ ജലസമൃദ്ധി പദ്ധതിയെപ്പറ്റി ഏറെ പറയാനുണ്ടായിരുന്നു.

മുസ്ലിംലീഗിനെ പിരിച്ചുവിട്ട് സി.പി.എമ്മിൽ ചേരാൻ കെ. കുഞ്ഞിരാമൻ ലീഗംഗങ്ങളെ നിരുപാധികം ക്ഷണിച്ചു. തീരെ വരാൻ പറ്റാത്തവരുണ്ടെങ്കിൽ കോൺഗ്രസിൽ പൊയ്ക്കോ എന്നൊരു സൗജന്യവും അനുവദിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാരനും കമ്മ്യൂണിസ്റ്റുകാരിയുമുള്ളിടത്തോളം വർഗീയതയെ ഇവിടെ ശക്തമായി ചെറുക്കുമെന്നതിനാൽ രാഹുൽഗാന്ധി പശ്ചിമഘട്ടം കടന്ന് ഇനിയും ധൈര്യമായി വന്നോളൂ എന്ന് വീണാ ജോർജ് പറഞ്ഞു.

ദരിദ്ര‌യായ ബാർ ഡാൻസറെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ പ്രവാസിയായ ധീരസഖാവ് നടത്തിയ പോരാട്ടത്തെ ബൂർഷ്വാ പ്രതിലോമശക്തികൾ എതിർത്തു പരാജയപ്പെടുത്തുന്നു എന്ന് സി.പി.എമ്മുകാർ പറയരുതെന്ന് പി.ടി. തോമസ് പരിഹസിച്ചത് എന്തൊക്കെയോ ഉദ്ദേശിച്ച് തന്നെയായിരുന്നു. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ അടിയന്തരാവസ്ഥയെന്ന് തോമസ് പറഞ്ഞത് മുഖ്യമന്ത്രിക്ക് രസിച്ചില്ല. തോമസിൽ തട്ടി മുഖ്യമന്ത്രിയുമായി കോർത്ത് പ്രതിപക്ഷം ഇറങ്ങിപ്പോയത് മിച്ചം.