തിരുവനന്തപുരം: മിയാവാകി മാതൃകയിൽ വനം വളർത്താൻ കോട്ടൺഹിൽ ഹയർ സെക്കൻഡറി സ്കൂളും. നഗരത്തിൽ ഏറ്റവുമധികം പെൺകുട്ടികൾ പഠിക്കുന്ന സ്കൂളിലെ സ്ഥലപരിമിതി തിരിച്ചറിഞ്ഞ് ഉള്ള സ്ഥലത്ത് കൂടുതൽ ചെടികൾ വളർത്താൻ തീരുമാനമെടുത്തത് സ്കൂളിലെ സ്റ്റുഡന്റ് പൊലിസ് കേഡറ്റ് അംഗങ്ങളാണ്. അങ്ങനെയാണ് ജാപ്പനീസ് വനവത്കരണ രീതിയായ മിയാവാകിയിലേക്ക് എത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് സ്കൂളിലെ രണ്ട് സെന്റ് സ്ഥലത്ത് വനമൊരുക്കത്തിന്റെ ആദ്യപാഠങ്ങൾ ആരംഭിച്ചു.
ഹയർ സെക്കൻഡറി വിഭാഗം കെട്ടിടത്തോടു ചേർന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് തറയൊരുക്കിയാണ് വനം ഒരുങ്ങുന്നത്. മിയാവാകി രീതി അനുസരിച്ച് ആഴത്തിൽ കുഴിയെടുത്ത് കരിയിലയും വളവും പാകി നനച്ച് മണ്ണടുക്കിയാണ് ചെടികൾ നട്ടത്. മിയാവാകിയെക്കുറിച്ച് വായിച്ചറിഞ്ഞും യൂ ട്യൂബ് വീഡിയോ കണ്ട അറിവുമാണ് ഇവർ ഉപയോഗപ്പെടുത്തിയത്.
സ്റ്റുഡന്റ് പൊലീസ് കേഡറ്റിലെ 88 കുട്ടികളും എസ്.പി.സി കോ-ഓർഡിനേറ്റർമാരായ കരോളിൻ ജോസഫ്, വിനുകുമാരൻ നായർ, അരുൺ, അമൃത എന്നീ അദ്ധ്യാപകരും മ്യൂസിയം പൊലിസ് സ്റ്റേഷനിൽ നിന്നുള്ള എസ്.പി.സി ഡ്രില്ലിംഗ് ഇൻസ്ട്രക്ടർമാരായ പ്രവീൺ, ചിന്നു എന്നിവരും അടങ്ങുന്ന ടീമാണ് സ്കൂളിലെ 'മിയാവാകി"ക്കു പിന്നിൽ. അത്തി, മാവ്, പേരാൽ, പ്ലാവ്, ബദാം, വേപ്പ്, പുളി തുടങ്ങി വിവിധയിനങ്ങളിൽപെട്ട 150 തൈകളാണ് നട്ടത്. പരിസ്ഥിതി ദിനത്തിൽ വനം വകുപ്പ് വിദ്യാർത്ഥികൾക്ക് നൽകിയ തൈകളും, വിദ്യാർത്ഥികളും അദ്ധ്യാപകരും വീട്ടിൽ നിന്ന് കൊണ്ടുവന്ന തൈകളുമാണ് നട്ടത്. മിയാവാകിയുടെ പരിപാലന ചുമതലയും എസ്.പി.സിക്കാർക്കു തന്നെ. ചെടികളുടെ വളർച്ചാ ഘട്ടത്തിൽ ആവശ്യമെങ്കിൽ വിദഗ്ദ്ധരുടെ സഹായവും നിർദ്ദേശവും തേടുമെന്ന് അദ്ധ്യാപകർ പറയുന്നു. എസ്.പി.സിയുടെ 'എന്റെ മരം" പദ്ധതിയുടെ ഭാഗമായിട്ടാണ് ചെടികൾ നട്ടുപിടിപ്പിക്കുന്നത്.
കാടുകളുടെ മഹത്വം കുട്ടികളിൽ എത്തിക്കുന്നതിനും, അവ നശിപ്പിക്കപ്പെടുമ്പോൾ സംഭവിക്കുന്ന ആഗോള താപനില ഉൾപ്പെടെയുള്ള പ്രതിഭാസങ്ങളെ കുറിച്ചുള്ള അവബോധം കൈമാറുന്നതിനും സ്കൂളിലെ കൃത്രിമക്കാട് എന്ന ആശയം ഉപകരിക്കുമെന്ന് കോ-ഓർഡിനേറ്റർ കരോളിൻ ജോസഫ് പറഞ്ഞു.
മിയാവാകി രീതി
വിവിധ ഇനത്തിൽപെട്ട മരത്തൈകൾ അടുപ്പിച്ച് നട്ട് വളർത്തുന്ന രീതിയാണ് മിയാവാകി.
വിവിധ തരത്തിലുള്ള മരങ്ങളായതിനാൽ അവ മണ്ണിനെ പല രീതിയിൽ പരിപോഷിപ്പിക്കുന്നു. ഇത് എല്ലാ മരങ്ങളുടെയും വളർച്ചയ്ക്കു ഗുണകരമാകുന്നു. ഇടതൂർന്നു വളരുന്നതിനാൽ സൂര്യപ്രകാശത്തിനു വേണ്ടിയുള്ള മത്സരം എല്ലാ മരങ്ങളെയും വേഗത്തിൽ വളരാൻ പ്രേരിപ്പിക്കും.
അകിരാ മിയാവാകി എന്ന ജാപ്പനീസ് ജൈവ ശാസ്ത്രജ്ഞനാണ് ഈ മാർഗത്തിന്റെ ഉപജ്ഞാതാവ്..