തിരുവനന്തപുരം : തന്റെ പിതാവിന്റെ കാലം മുതൽ വീട്ടിലെ പൂജാമുറിയിൽ ആരാധിക്കുന്ന ഗണപതി വിഗ്രഹത്തെ ഇപ്പോഴും പൊന്നുപോലെ സൂക്ഷിക്കുകയാണ് വെള്ളായണി കോട്ടയംമൂല വീട്ടിൽ സജികുമാർ. ഇതൊരു വിഗ്രഹമാണോ എന്നു ചോദിച്ചാൽ അല്ലെന്നേ പറയാൻ കഴിയൂ. ഗണപതിയുടെ ആകൃതിയുള്ള ഒരു നാളികേരമാണിത്. അൻപത്തിമൂന്ന് വർഷം പഴക്കമുള്ളതാണ് ഈ നാളികേരമെന്നതാണ് ഇതിന്റെ പ്രത്യേകത. കാലപ്പഴക്കം കൊണ്ട് ഉണങ്ങിപ്പോയതാണെങ്കിലും ഇപ്പോഴും യാതൊരു കേടും വരാതെ സജികുമാർ പൂജാമുറിയിൽ സൂക്ഷിച്ചിരിക്കുകയാണിതിനെ.
സജികുമാറിന്റെ പിതാവ് കരുണാകരൻ കർഷക തൊഴിലാളിയായിരുന്നു. ഒരിക്കൽ കൃഷിപ്പണിക്കിടെ യാദൃച്ഛികമായി കിട്ടിയതാണ് ഗണപതി രൂപമുള്ള നാളികേരം. തുമ്പിക്കൈയും ശിരസുമൊക്കെ കൊത്തിയെടുത്തതുപോലെ ഈ നാളികേരത്തിലുണ്ട്. കൗതുകകരമായ ഈ രൂപം കണ്ടതോടെ അദ്ദേഹം അതിനെ വീട്ടിലേക്ക് കൊണ്ടുപോന്നു. വിളക്ക് കൊളുത്തുന്ന സ്ഥലത്ത് ഇതിനെ സ്ഥാപിച്ചു പ്രാർത്ഥിച്ചു തുടങ്ങി. കരുണാകരന്റെ മരണശേഷം ഓഹരിയായി വീട് ലഭിച്ചതോടെയാണ് ഈ ഗണപതിരൂപം മകൻ സജികുമാറിന്റെ കൈയിൽ എത്തിയത്. താൻ ജനിക്കുന്നതിന് മുൻപ് വീട്ടിലെത്തിയ ഈ വിഗ്രഹത്തെ ഇപ്പോൾ പ്രത്യേകം പൂജാമുറി പണിത് സ്ഥാപിച്ചിരിക്കുകയാണ് കോൺട്രാക്ടർ കൂടിയായ സജികുമാർ. 53 വർഷം പഴക്കമുള്ള നാളികേര ഗണപതി വിഗ്രഹം കാണാൻ നിരവധി പേരാണ് സജികുമാറിന്റെ വീട്ടിൽ എത്തുന്നത്.