തിരുവനന്തപുരം: കിഴക്കേകോട്ടയിൽ കാൽനടയാത്രക്കാർക്ക് സുഗമമായി റോഡ് മുറിച്ചുകടക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനുമായി കിഴക്കേകോട്ടയിൽ ഭൂഗർഭ അടിപ്പാത നിർമ്മിക്കുന്നു. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണിത്.
ചെലവ് 55 കോടി
55 കോടിയാണ് നിർമ്മാണച്ചെലവ്. സൺ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനാണ് മേൽപ്പാല നിർമ്മാണത്തിന്റെ ചുമതല. ഇതിന്റെ പ്രാഥമിക സർവേ ആരംഭിച്ചു. പ്രാഥമിക സർവേ പൂർത്തിയായശേഷം മഴക്കാലത്ത് എത്ര അളവിൽ വെള്ളം കയറുമെന്നറിയാൻ വാട്ടർലെവൽ പരിശോധനയും വാഹനങ്ങളുടെ എണ്ണം കണ്ടെത്താൻ ട്രാഫിക് സർവേയും നടത്തും. അടിപ്പാത നിർമ്മാണത്തിൽ കോർപറേഷന് അഞ്ച് പൈസയുടെ ചെലവില്ല. പകരം പാലത്തിൽ കമ്പനിക്ക് പരസ്യം പതിക്കാൻ അനുമതി നൽകും. പദ്ധതിയുടെ ശിലാസ്ഥാപനം ഉടനുണ്ടാവും. ഇതോടൊപ്പം നേരത്തേ വിഭാവനം ചെയ്ത മേൽപ്പാലം നിർമാണവും ഉടൻ ആരംഭിക്കും. ഗാന്ധിപാർക്കിൽ നിന്നുതുടങ്ങി അട്ടക്കുളങ്ങര സെൻട്രൽ സ്കൂൾ വരെയും അവിടെ നിന്ന് റോഡിന്റെ മറുവശത്തേക്കുമാണ് കാൽനട മേൽപ്പാലം വരുന്നത്.
അടിപ്പാത നിർമ്മാണത്തിനുള്ള പദ്ധതിയുടെ രൂപരേഖയായെങ്കിലും വാട്ടർ അതോറിട്ടി, പൊതുമരാമത്ത്, കെ.എസ്.ഇ.ബി തുടങ്ങി വിവിധ വകുപ്പുകളും അനുമതി നൽകിയാലേ നിർമ്മാണം തുടങ്ങാനാകൂ.
പ്രവേശനം അഞ്ചിടങ്ങളിൽ കൂടി
പദ്മനാഭസ്വാമി ക്ഷേത്രത്തിന് അഭിമുഖമായുള്ള കോട്ടയുടെ മുന്നിൽ നിന്നുതുടങ്ങി ഗാന്ധിപാർക്കിനടിയിലൂടെ ചാല കമ്പോളത്തിലേക്കാണ് അടിപ്പാത നിർമിക്കുക. റോഡ് നിരപ്പിൽ നിന്ന് 1.2 മീറ്റർ താഴ്ചയിലാകും അടിപ്പാത. കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പ്, ഗാന്ധിപാർക്ക്, അട്ടക്കുളങ്ങര സെൻട്രൽ സ്കൂൾ, ചാല മാർക്കറ്റിനു സമീപം, സിറ്റി ബസ് ഡിപ്പോയ്ക്ക് സമീപം എന്നിവിടങ്ങളിലൂടെയാണ് അടിപ്പാതയുടെ പ്രവേശനകവാടങ്ങൾ. ഗാന്ധിപാർക്ക്, സെൻട്രൽ സ്കൂളിന് മുൻവശം എന്നിവിടങ്ങളിൽ 10 പേർക്ക് കയറാവുന്ന ലിഫ്റ്റുണ്ടാകും. കൂടാതെ ഗോവണിയും നിർമ്മിക്കും. അടിപ്പാതയ്ക്ക് ഇരുവശത്തുമായി കച്ചവടത്തിനുള്ള സൗകര്യം വേണമെന്ന ആവശ്യവും നഗരസഭ മുന്നോട്ട് വച്ചിട്ടുണ്ട്.
മേൽപ്പാലം വരുന്നതോടെ കിഴക്കേകോട്ടയിലെ കാൽനടയാത്രക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകും. മൂന്ന് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യം - മേയർ വി.കെ.പ്രശാന്ത്