pinarayi

തിരുവനന്തപുരം:പീരുമേട് സബ്‌ ജയിലിലെ റിമാൻഡ് പ്രതിയായിരുന്ന രാജ്കുമാറിന്റെ മരണത്തിൽ സംശയകരമായ സാഹചര്യമുണ്ടെന്നും ആക്ഷേപങ്ങൾ പ്രത്യേകസംഘം അന്വേഷിക്കുമെന്നും മുഖ്യമന്ത്റി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.

പ്രതിയെ കസ്​റ്റഡിയിലെടുത്തതും കോടതിയിൽ ഹാജരാക്കിയതും നടപടിക്രമങ്ങൾ പാലിച്ചാണെന്നാണ് പൊലീസ് റിപ്പോർട്ടിൽ. അതിനു വിപരീതമായി എന്തെങ്കിലുമുണ്ടെങ്കിൽ ഉത്തരവാദികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പി.ടി തോമസിന്റെ അടിയന്തരപ്രമേയ നോട്ടീസിനു മറുപടിയായി മുഖ്യമന്ത്റി പറഞ്ഞു.

ഈ സർക്കാരിന്റെ കാലത്ത് 32 പേർ കസ്​റ്റഡിയിൽ മരിച്ചെന്നും അത് പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാജ്കുമാറിന്റെ മരണം എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭ വിട്ടു.

ഹരിത ഫിനാൻസ് സാമ്പത്തിക തട്ടിപ്പു കേസിൽ പിടികൂടിയ രാജ്കുമാറിനെ 103 മണിക്കൂർ 30 മിനിട്ട് പൊലീസ് കസ്​റ്റഡിയിൽ പീഡിപ്പിച്ചെന്ന് പി.ടി തോമസ് ആരോപിച്ചു. ഇയാളെ ഉരുട്ടിയതിന് തെളിവുണ്ട്. പൊലീസ് പീഡനം സംബന്ധിച്ച് കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് ഇയാൾ മൊഴി നൽകിയിട്ടുണ്ട്. നേരത്തേ പൊലീസ് വണ്ടി ഇടിവണ്ടിയെന്നാണ് ജനം പറഞ്ഞിരുന്നത്. ഇപ്പോൾ അത് മരണവണ്ടിയെന്നായെന്ന് അദ്ദേഹം പരിഹസിച്ചു.

എം.കെ മുനീർ, മോൻസ് ജോസഫ്, അനൂപ് ജേക്കബ്, ഒ.രാജഗോപാൽ എന്നിവരും പ്രസംഗിച്ചു.

ദേഹത്ത് പാടുകൾ

എങ്ങനെ വന്നു? മുഖ്യമന്ത്രി

''ജൂൺ 15 ന് രാജ്കുമാറിനെ കസ്​റ്റഡിയിലെടുത്തെന്നാണ് പൊലീസ് രേഖയിൽ. എന്നാൽ 12 നു തന്നെ ഇയാളെ കസ്​റ്റഡിയിൽ എടുത്തിരുന്നതായി ആരോപണമുണ്ട്. ഇതിന്റെ നിജസ്ഥിതി കണ്ടെത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്കുമാർ പ്രതിയായ കേസും മരണമടഞ്ഞ കേസും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചില പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും ചിലരെ സ്ഥലംമാ​റ്റുകയും ചെയ്തു. രാജ്കുമാറിന്റെ ശരീരത്തിൽ പാടുകൾ വന്നത് എങ്ങനെയെന്ന് പരിശോധിക്കും. അടിയന്തരാവസ്ഥയുടെ ഓർമ്മദിനത്തിൽ പൊലീസ് മർദ്ദനവുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടിവരുന്നത് വിധിവൈപരീത്യമാണ്.''

കാലിൽ 32 മുറിവുകൾ

രാജ്കുമാറിന് മർദ്ദനമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ഇരുകാലുകളിലും മുട്ടിന് താഴെയായി 32 മുറിവുകൾ ഉണ്ടായിരുന്നു.