തിരുവനന്തപുരം: സംസ്ഥാനത്ത് കാർഷികോത്പാദനം വർദ്ധിപ്പിക്കാൻ കൃഷിയെ അഞ്ച് അഗ്രി എക്കോളജിക്കൽ സോണുകളായി തിരിക്കുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ നിയമസഭയിൽ പറഞ്ഞു.

കോസ്റ്റൽ പ്ളെയിൻ , മിഡ്ലാൻഡ്, ഫുട്ട്ഹിൽ, ഹൈഹിൽ, പാലക്കാട് പ്ളെയിൻ എന്നിങ്ങനെയാവും തരംതിരിവ്. ഓരോ മേഖലയിലും 23 വീതം അഗ്രി എക്കോളജിക്കൽ യൂണിറ്റുകളുണ്ടാവുമെന്നും കൃഷിവകുപ്പിന്റെ ധനാഭ്യർത്ഥന ചർച്ചയ്ക്കു മറുപടിയായി അദ്ദേഹം അറിയിച്ചു.

ഓരോ മേഖലയിലെയും ഭൂമിയുടെ പ്രത്യേകത,ജലലഭ്യത, ഏതു വിളകൾ കൃഷിചെയ്യാം, എന്തുതരം പരിപാലനമുറ സ്വീകരിക്കണം തുടങ്ങിയ കാര്യങ്ങൾ ക്രമീകരിക്കാൻ കാർഷിക സർവകലാശാലയെ ചുമതലപ്പെടുത്തും. ഇന്ത്യയിലാദ്യമായി കർഷക ക്ഷേമബോർഡ് അടുത്ത നിയമസഭാ സമ്മേളന കാലത്ത് നിലവിൽ വരും.

സംസ്ഥാനത്ത് നടപ്പുസാമ്പത്തികവർഷം കാർഷികവളർച്ചാ നിരക്ക് 3.64 ശതമാനമായി ഉയർന്നിട്ടുണ്ട്. ഇത് ദേശീയ വളർച്ചാ നിരക്കിനും മുകളിലാണ്.മൂന്ന് മഹാദുരന്തങ്ങൾക്കിടയിലാണ് ഈ നേട്ടം കൈവരിച്ചത്. നെൽകൃഷിയുടെ വിസ്തൃതി 2,20, 448 ഹെക്ടറായും നെല്ലുത്പാദനം 8,41,782 മെട്രിക് ടണ്ണായും ഉയർന്നു. ഇത് റിക്കാർഡ് നേട്ടമാണ്ഈ മാറ്റത്തെക്കുറിച്ച് പഠിച്ച് പ്രോട്ടോക്കോൾ തയ്യാറാക്കാൻ കാർഷിക സർവകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നെല്ലിന്റെ ജന്മദിനമായ കന്നിമാസത്തിലെ മകം നാളിൽ സ്കൂൾവിദ്യാർത്ഥികളെ കൂടി പങ്കെടുപ്പിച്ച് 'പാഠം ഒന്ന്, പാടത്തേക്ക് ' എന്ന കൃഷി പദ്ധതി തുടങ്ങും.

ഉത്പാദന ക്ഷമത കൂടിയ ആറ് നെൽവിത്തിനങ്ങൾ കാർഷിക സർവകലാശാല വികസിപ്പിച്ചിട്ടുണ്ട്. മൂന്ന് പ്രകൃതി ദുരന്തങ്ങളിലായി കൃഷിനാശം സംഭവിച്ച കർഷകർക്ക് 214 കോടി നഷ്ടപരിഹാരമായി നൽകി.ശേഷിക്കുന്ന 43 കോടി അടിയന്തിരമായി കൊടുത്തുതീർക്കും. വിത്ത് വിതരണം കാര്യക്ഷമമാക്കാൻ കാർഷിക സർവകലാശാലയിൽ തുടങ്ങിയ വിത്ത് ബാങ്ക് ഉടൻ കമ്മീഷൻ ചെയ്യും.