കിളിമാനൂർ: സർക്കാർ ഓഫീസുകൾ സന്ദർശിച്ചും ബോധവത്കരണ സന്ദേശങ്ങളെത്തിച്ചും, ലഹരി വിരുദ്ധ സ്റ്റിക്കറുകൾ പതിപ്പിച്ചും തെരുവുനാടകം അവതരിപ്പിച്ചുമൊക്കെയുള്ള കുരുന്നുകളുടെ ലഹരി വിരുദ്ധ ദിനാചരണം ശ്രദ്ധേയമായി. കിളിമാനൂർ ഗവ. എൽ.പി സ്കൂളിലെ ലഹരി വിരുദ്ധ സന്ദേശ കാമ്പയിനാണ് വേറിട്ട കാഴ്ചയായത്. കിളിമാനൂർ എക്സൈസ്, മദ്യവിരുദ്ധ സമിതി ജില്ലാകമ്മിറ്റി, കിളിമാനൂർ ബി.ആർ.സി എന്നിവയുടെ സഹകരണത്തോടെ സ്കൂൾ ഹരിതസേനയുടെ നേതൃത്വത്തിലായിരുന്നു കാമ്പയിൻ സംഘടിപ്പിച്ചത്. കിളിമാനൂർ പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കിളിമാനൂർ പൊലീസ് സ്റ്റേഷൻ, മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, സബ്ട്രഷറി, പഴയ കുന്നുമ്മൽ വില്ലേജ് ഓഫീസ്, എംപ്ളോയിമെന്റ് ഓഫീസ്, പട്ടിക ജാതി വികസന ഓഫീസ്, പി.ഡബ്ള്യൂ.ഡി, പഴയ കുന്നുമ്മൽ പഞ്ചായത്ത് എന്നീ സർ ക്കാർ ഓഫീസുകളിലും നിരവധി കവലകളിലും ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. കുട്ടികളുടെ പ്രവർത്തനം മാതൃകാപരമാണെന്നും ഇത് സമൂഹത്തിന് വലിയ സന്ദേശം നൽകാൻ കഴിയുമെന്നും കിളിമാനൂർ സബ് ഇൻസ്പെക്ടർ ബി.കെ. അരുൺ പറഞ്ഞു. രാവിലെ സ്കൂളിൽ നടന്ന ചടങ്ങ് മദ്യ വിരുദ്ധസമിതി ജില്ലാ കൺവീനർ ഷീല ജഗധരൻ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ രതീഷ് പോങ്ങനാട് അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യപിക ടി.വി. ശാന്ത കുമാരി അമ്മ, ബി.ആർ.സി കോ-ഓർഡിനേറ്റർ സാജൻ, മദ്യവിരുദ്ധസമിതി മേഖലാ പ്രചാരകൻ മുഹമ്മദ് ഹുസൈൻ, എക്സൈസ് ഉദ്യോഗസ്ഥനായ വിഷ്ണു, ആദർശ്, അദ്ധ്യാപക പ്രതിനിധി എം.സി. അഭിലാഷ് എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികൾ അവതരിച്ച നാടകവും അരങ്ങേറി.