കാട്ടാക്കട: കള്ളിക്കാട്ട് എസ്.എഫ്.ഐ നേതാവിന്റെ വീടിന് നേരെ കല്ലേറ്. വീടിന്റെ മുന്നിലുണ്ടായിരുന്ന കാർ എറിഞ്ഞുതകർത്തു. എസ്.എഫ്.ഐ ഏരിയ പ്രസിഡന്റ് കള്ളിക്കാട് നാൽപ്പറക്കുഴി ആണ്ടിവിളാകത്തു കുന്നിൽ വീട്ടിൽ ജോബിൻ ജോസിന്റെ വീടിന് നേരെയാണ് ആക്രമണം. നിറുത്തിയിട്ടിരുന്ന കാറിന്റെ ചില്ല് എറിഞ്ഞു തകർത്തു. ചൊവാഴ്ച രാത്രി ഒന്നോടെയാണ് സംഭവം. രാത്രി ശബ്ദംകേട്ട് സമീപവാസികൾ ഉൾപ്പെടെ ഉണർന്നു ലൈറ്റിട്ടതോടെ അക്രമിസംഘം രക്ഷപ്പെട്ടു. വീടിന്റെ പരിസരത്തുള്ള ചെടികൾ നശിപ്പിച്ച അക്രമികൾ അടുത്ത വീട്ടിൽ അടുക്കിവച്ചിരുന്ന മരപ്പൊടി ചാക്കുകളിൽ രണ്ടെണ്ണം ആക്രമണം നടന്ന വീടിന്റെ പരിസരത്ത് എറിഞ്ഞ നിലയിലും കണ്ടെത്തി. ജോബിൻ ജോസിന്റെ പിതാവ് ബി.എൽ. ജോസ് ലോക് ജന ശക്തി നേതാവാണ്. നെയ്യാർ ഡാം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടുകാരിൽ നിന്നും സമീപ വാസികളിൽ നിന്നും മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു.